ADVERTISEMENT
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’.വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം സ്പാനിഷ്, ചൈനീസ് ഉൾപ്പടെ 20ഓളം ഭാഷകളിൽ മൊഴിമാറ്റം ചെയ്യുമെന്ന് അറിയിക്കുകയാണ് മോഹൻലാൽ.
ഈ വർഷം സെൻസറിങ് പൂർത്തിയാക്കാൻ സാധിച്ചാൽ അടുത്ത മാർച്ചിൽ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആശിർവാദ് സിനിമാസിൻറെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
‘ബറോസ് എന്നത് ഒരു മലയാളം സിനിമയല്ല, ഇന്ത്യൻ സിനിമയുമല്ല, ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡിലേക്ക് കൊണ്ടുവരാം എന്ന് ചിന്തിക്കുകയാണ്. ഒരുപാട് ഭാഷകളിൽ ആ സിനിമ ഡബ് ചെയ്യാം. പോർച്ചുഗീസ്, സ്പാനിഷ്, ചൈനീസ് ഭാഷകളിൽ ഡബ് ചെയ്യാം. ഇത് ഇന്ത്യയും പോർച്ചുഗീസും തമ്മിലുള്ള ഒരു കഥയാണ്’, മോഹൻലാൽ പറഞ്ഞു.
‘എനിക്ക് അങ്ങനെ ഒരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുള്ളയാളല്ല. അതിന് വലിയ ധാരണകൾ വേണം. മറ്റു പലരുടെയും പേരുകൾ പറഞ്ഞ ശേഷം നിങ്ങൾക്ക് തന്നെ ചെയ്തുകൂടെ എന്ന ഉൾവിളി വന്നു. ഇന്ത്യയിൽ ഇത്തരമൊരു വിഷയം ആദ്യമായാകും വരുന്നത്. പുറത്തൊക്കെ വന്നിട്ടുണ്ട്. എപ്പോഴും നിധി കാക്കുന്ന ഭൂതം എന്നത് ഒരു കൗതുകമാണ്. അതിനെ ഒരു കുട്ടിയുമായാണ് നമ്മൾ കണക്ട് ചെയ്തിരിക്കുന്നത്. ആ സിനിമ കാത്തിരിപ്പിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമുള്ള സിനിമയാണ്. 400 വർഷത്തോളമായി തന്റെ യജമാനനായ കാത്തിരിക്കുന്നയൊരാളാണ് അയാൾ. ആ ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കും’ നടൻ വ്യക്തമാക്കി.’ഈ വർഷം സെൻസർ ചെയ്യാനാണ് നോക്കുന്നത്.
പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിൽ പലതും വിദേശത്താണ് നടക്കുന്നത്. ഒരുപാട് വർക്ക് തായ്‍ലൻഡിൽ നടക്കുന്നുണ്ട്. ഇന്ത്യയിലും നടക്കുന്നുണ്ട്. മ്യൂസിക് മിക്സ് ചെയ്യേണ്ടത് ലോസ് ഏഞ്ചൽസിലാണ്. മ്യൂസിക്കിന് വലിയ പ്രാധാന്യമാണ് സിനിമയിൽ. ഈ വർഷം സെൻസർ ചെയ്യാൻ പറ്റിയാൽ അടുത്ത വർഷം മാർച്ചിനുള്ളിൽ സിനിമ കൊണ്ടുവരും’, എന്ന് മോഹൻലാൽ പറഞ്ഞു.
ടി കെ രാജീവ് കുമാറിനൊപ്പം ഒരു 3 ഡി ഷോ ചെയ്യാനുള്ള പദ്ധതിയിലായിരുന്ന സമയത്താണ് ജിജോ പുന്നൂസ് ബറോസിന്റെ കഥയുമായി തന്നെ സമീപിക്കുന്നത് എന്ന് മോഹൻലാൽ പറഞ്ഞു. ‘ഞാനും രാജീവും കൂടി ഒരു 3 ഡി ഷോ ചെയ്യുന്ന കാര്യം ആലോചിച്ചിരുന്നു. അത് സിനിമയെക്കാളും വലിയ അധ്വാനം വേണ്ടിയിരുന്ന ഒന്നായിരുന്നു.
3 ഡി കണ്ണട വച്ച് ആസ്വദിക്കാവുന്ന നാടകം എന്നതായിരുന്നു ആശയം. ആ സമയത്താണ് ജിജോ ഇങ്ങനെയൊരു നോവലിനെക്കുറിച്ചും അതിൻറെ സിനിമാ സാധ്യതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്. ജിജോ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അദ്ദേഹം അതിൽ നിന്ന് മാറി.
കഥയിൽ എന്ത് മാറ്റവും വരുത്താനുള്ള സമ്മതം അദ്ദേഹം തന്നിരുന്നു. അത് കുറച്ചു കൂടി സീരിയസ് ആയിരുന്നു. അതിൽ നിന്ന് നമ്മൾ മാറ്റങ്ങൾ വരുത്തി. പിന്നീട് സന്തോഷ് ശിവൻ വന്നു. അസോസിയേറ്റ് ഡയറക്ടർ ആയി രാജീവ് കുമാർ എന്നെ സഹായിക്കാൻ വന്നു’ മോഹൻലാൽ കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.