Nehru Trophy Boat Race:കാട്ടില്‍ തെക്കേതില്‍ ജലരാജാവ്;പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഹാട്രിക് ജയം

68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍(Nehru Trophy Boat Race) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ജേതാക്കളായി. നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്.

നെഹ്‌റു ട്രോഫിയില്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണു പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) ഇത്തവണ ഇറങ്ങിയത്. 2018, 2019 നെഹ്‌റു ട്രോഫികളില്‍ പിബിസിക്കായിരുന്നു ജയം. മഹാദേവികാട് കാട്ടില്‍തെക്കേതില്‍ ചുണ്ടനിലാണ് പിബിസി ഇത്തവണ തുഴയെറിഞ്ഞത്. തുടർച്ചയായി മൂന്നാം തവണയും നെഹ്റുട്രോഫി നേടിയതിൻ്റെ ആവേശത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്.ഇത് നാട്ടിൻ്റെ വിജയമാണെന്നും, കർഷക തൊഴിലാളികളുടെ വിജയമാണെന്നും ക്യാപ്റ്റൻ മനോജ് കൈരളി ന്യൂസിനോട് പറഞ്ഞു.

2015ല്‍ ഉമാമഹേശ്വരന്‍ ആശാരി പണിത ചുണ്ടനെ പിന്നീട് അഭിലാഷ് ആശാരി പുതുക്കിപ്പണിയുകയായിരുന്നു. നീരണഞ്ഞ ആദ്യവര്‍ഷം തന്നെ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് ചുണ്ടന്‍ കാഴ്ചവച്ചത്. 20-30 പ്രായമുള്ള തുഴച്ചില്‍കാരാണു പിബിസിക്കു വേഗം പകരുന്നത്. കോച്ച് വിനോദ് പവിത്രന്‍ മാതിരംപള്ളി. മനോജ് പത്തുങ്കലാണ് ലീഡിങ് ക്യാപ്റ്റന്‍.

68-ാമത് നെഹ്‌റു ട്രോഫി ജലമേള മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ റിട്ട. അഡ്മിറല്‍ ഡി.കെ.ജോഷി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, പി.പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജില്ലാ കലക്ടറും നെഹ്‌റു ട്രോഫി സൊസൈറ്റി ചെയര്‍മാനുമായ വി.ആര്‍.കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. ആലപ്പുഴ പുന്നമട കായല്‍ അക്ഷരാര്‍ഥത്തില്‍ ജനസമുദ്രമായി മാറിയിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം എത്തിയ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തെ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel