Onam:ഓണം ആഘോഷിച്ച് സ്‌കോട്ടീഷ് മലയാളികള്‍..

സ്‌കോട്ടീഷ് പര്‍വ്വത നിരകള്‍ക്ക് അടുത്തുള്ള ഒരു ചെറിയ പട്ടണത്തില്‍ ആയിരത്തോളം മലയാളികള്‍ ഒത്തൊരുമിച്ച് ഓണമാഘോഷിക്കുമെന്ന് ആരും കരുതില്ല. അതൊരു കൗതുക കാഴ്ചതന്നെയായിരുന്നു. അതാണ് അബര്‍ഡീന്‍ മലയാളി അസോസിയേഷന്റെ 2022 ലെ ഓണാഘോഷത്തെ ശ്രദ്ധേയമാക്കിയത്.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലിയോടുകൂടിയാണ് മാവേലിതമ്പുരാനെ വരവേറ്റത്.സ്വാതന്ത്ര്യത്തിന്റെ അമൃത്മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ത്യന്‍ പതാകയേന്തിയാണ് താലപ്പൊലി അണിനിരന്നത്. അബര്‍ഡീന്‍ മേളം ക്ലബ് അവതരിപ്പിച്ച ശിങ്കാരിമേളവും ഓണാഘോഷത്തിന് മാറ്റു കൂട്ടി. തുടര്‍ന്ന് തിരുവാതിരകളിയും നാടോടി നൃത്തവും ,സിനിമാറ്റിക് ഡാന്‍സുമെല്ലാമായി അബര്‍ഡീന്‍ മലയാളികള്‍ ആഘോഷം പൊടിപൊടിച്ചു. കുഞ്ചാക്കോ ബോബന്റെ വൈറല്‍ ഹിറ്റായ ദേവദൂതര്‍ പാടി എന്ന ഡാന്‍സും വേദിയെ ഇളക്കി മറിച്ചു.

ഇരുപതിലധികം വിഭവങ്ങളോടുകൂടിയ ഓണസദ്യ ആഘോഷത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു. ബ്രിട്ടണില്‍ കിട്ടുവാന്‍ പ്രയാസമുള്ള നാടന്‍ പച്ചക്കറികളും , ഞാലിപൂവനും നാടന്‍പപ്പടവും എല്ലാം സംഘാടകര്‍ ഏറെ പണിപ്പെട്ടാണ് ഇവിടെ എത്തിച്ചത്. തണുപ്പിനെ അവഗണിച്ച് കേരളീയ വേഷം ധരിച്ച് സ്ത്രീകളും, മുണ്ടും ഷര്‍ട്ടുമണിഞ്ഞ് പുരുഷന്‍മാരും ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നു.

കോവിഡ് മഹാമാരി സമയത്തും ശ്രദ്ധേയമായ സേവനവുമായി അബര്‍ഡീന്‍ മലയാളി അസോസിയേഷന്‍ മുന്നിലുണ്ടായിരുന്നു. ഒറ്റപ്പെട്ടുകിടക്കുന്ന മലയാളികളുടെ വീടുകളിലെല്ലാം എഎംഎ ഭക്ഷണമെത്തിച്ചിരുന്നു.നാട്ടില്‍ നടക്കുന്ന സേവനപ്രവര്‍ത്തനങ്ങളിലും എഎംഎ പങ്കുവഹിക്കാറുണ്ട്.

ലോകത്തിന്റെ ഏതുകോണിലായാലും മലയാളികള്‍ അവരുടെ വേരുകള്‍ മറക്കില്ല. ഓണം കൂട്ടായ്മയുടെയും നന്‍മയുടെയും പ്രതീകമാണെന്നും മാവേലിയായി വേഷമിട്ട് എത്തിയ എഎംഎ പ്രസിഡണ്ട് നിമ്മി സെബ്സ്റ്റ്യന്‍ പറഞ്ഞു. സെക്രട്ടറി ജെയിംസ് കുട്ടി എക്‌സിക്യുട്ടീവ് അംഗങ്ങളായ ജോര്‍ജ് ചാക്കോ, ബിജു കൃഷ്ണന്‍, സുഭാഷ് കുര്യന്‍, ജോണ്‍സണ്‍ ജോസഫ്, ജോബി പോള്‍, ബിന്‍സ് തോമസ്, രാജേന്ദു ഐആര്‍, ടിവിന്‍ ഫ്രാന്‍സിസ് എന്നിവര്‍ മുഖ്യ സംഘാടകരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here