കലിപ്പിട്ട് രോഹിത് ശര്‍മ്മ; ക്യാച്ച് കൈവിട്ട് അര്‍ഷ്ദീപ് സിംഗ്; വീഡിയോ വൈറല്‍

(Asia Cup)ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ പാകിസ്താന് 182 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 181 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലി തന്നെയാണ് ഇന്ത്യന്‍ ഇന്നിങ്സിനെ കെട്ടിപ്പടുത്തത്. ഇന്ത്യക്കായി വിരാട് കോഹ്ലി 44 പന്തില്‍ 60 റണ്‍സ് നേടിയിരുന്നു.

അതേസമയം ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിംഗിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക ആക്രമണമാണ് ഉയരുന്നത്. മത്സരത്തില്‍ രവി ബിഷ്ണോയി എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് ആസിഫ് അലിയെ ഷോര്‍ട് തേര്‍ഡില്‍ അര്‍ഷ്ദീപ് വിട്ടുകളഞ്ഞത്.

അര്‍ഷ്ദീപ് ഖാലിസ്ഥാനിയെന്ന് വിക്കിപീഡിയയില്‍ അടക്കം തിരുത്തിയാണ് ഒരുകൂട്ടര്‍ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അനായാസ ക്യാച്ച് പിടിയിലൊതുക്കാന്‍ താരത്തിനായില്ല. ആസിഫ് ഈസമയം വ്യക്തിഗത സ്‌കോര്‍ രണ്ടിലായിരുന്നു.

പാകിസ്ഥാന്‍ ചാരസംഘടനയാണ് താരത്തിന്റെ പ്രകടനത്തിന് പിന്നിലെന്നടക്കം ആരോപിച്ചാണ് വിമര്‍ശനമുയരുന്നത്. ക്യാച്ച് നഷ്ടപ്പെടുത്തിയ രംഗം കണ്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ റിയാക്ഷനാണ് ഇപ്പോള്‍ വൈറലാകുന്നത്. ദേഷ്യം അടക്കാനാവാതെയാണ് താരം പ്രതികരിച്ചത്.

അർധസെഞ്ചുറി നേടിയ ഓപ്പണർ മുഹമ്മദ്‌ റിസ്വാൻ പാകിസ്ഥാന്‌ സൂപ്പർ വിജയമൊരുക്കി. ഏഷ്യാകപ്പ്‌ ട്വന്റി20 ക്രിക്കറ്റ്‌ സൂപ്പർ ഫോറിലെ നിർണായകമത്സരത്തിൽ ഇന്ത്യക്ക്‌ അഞ്ച്‌ വിക്കറ്റ്‌ തോൽവി. വിക്കറ്റ്‌കീപ്പറായ റിസ്വാൻ 51 പന്തിൽ 71 റണ്ണടിച്ചു. 20 പന്തിൽ 42 റണ്ണുമായി മുഹമ്മദ്‌ നവാസ്‌ പിന്തുണ നൽകി. മൂന്നാംവിക്കറ്റിൽ ഇവർ നേടിയ 73 റൺ വിജയത്തിൽ നിർണായകമായി. ഗ്രൂപ്പ്‌ മത്സരത്തിലെ അഞ്ച്‌ വിക്കറ്റ്‌ തോൽവിക്ക്‌ പാകിസ്ഥാൻ പകരംവീട്ടി.

സ്‌കോർ: ഇന്ത്യ 7–-181, പാകിസ്ഥാൻ 5–-182 (19.5).  

ക്യാപ്‌റ്റൻ ബാബർ അസമിനെയും (14) ഫഖർസമാനെയും (15) നഷ്‌ടമായെങ്കിലും റിസ്വാനും നവാസും വിജയത്തിലേക്ക്‌ പന്തടിച്ചു. അഞ്ച്‌ ഓവറിൽ എട്ട്‌ വിക്കറ്റ്‌ കൈയിലിരിക്കെ പാകിസ്ഥാന്‌ ജയിക്കാൻ 47 റൺ മതിയായിരുന്നു. നവാസിനെ ദീപക്‌ ഹൂഡയുടെ കൈകളിലെത്തിച്ച്‌ ഭുവനേശ്വർ കുമാർ കളി തിരിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.

പുറത്താകാതെ 14 റൺ നേടിയ ഖുഷ്‌ദിൻ ഷായും എട്ട്‌ പന്തിൽ 16 റണ്ണടിച്ച ആസിഫ്‌ അലിയും ലക്ഷ്യം എളുപ്പമാക്കി. രവി ബിഷ്‌ണോയ്‌ എറിഞ്ഞ പതിനെട്ടാം ഓവറിലെ മൂന്നാം പന്തിൽ റണ്ണെടുക്കാത്ത ആസിഫ്‌ അലിയെ പുറത്താക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തിയതിന്‌ വലിയ വിലകൊടുക്കേണ്ടിവന്നു. അനായാസ ക്യാച്ച്‌ അർഷദീപ്‌ സിങ് നിലത്തിട്ടു. അപ്പോൾ പാകിസ്ഥാന്‌ ജയിക്കാൻ 31 റൺ വേണ്ടിയിരുന്നു.

അവസാന ഓവറിൽ അർഷദീപ്‌ ആസിഫിനെ വിക്കറ്റിനുമുന്നിൽ കുടുക്കിയെങ്കിലും വൈകിപ്പോയി. പത്തൊമ്പതാം ഓവറിൽ ഭുവനേശ്വർ കുമാർ 19 റൺ വഴങ്ങിയതോടെ ഇന്ത്യ കളി വിട്ടു. അവസാന ഓവറിൽ ആവശ്യമായ ഏഴ്‌ റൺ പാകിസ്ഥാൻ അനായാസം നേടി. ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ വിരാട്‌ കോഹ്‌ലി താങ്ങായി. പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവ്‌ പ്രകടിപ്പിച്ച കോഹ്‌ലിയുടെ മികച്ച ഇന്നിങ്‌സിൽ (44 പന്തിൽ 60) ഇന്ത്യ 182 റൺ വിജയലക്ഷ്യം കുറിച്ചു.

കോഹ്‌ലിയെക്കൂടാതെ ഓപ്പണർമാരായ രോഹിതും (16 പന്തിൽ 28) ലോകേഷ്‌ രാഹുലും (20 പന്തിൽ 28) മിന്നി. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ റണ്ണെടുക്കാതെ മടങ്ങി. സൂര്യ കുമാർ യാദവ് (13), ഋഷഭ് പന്ത് (14), ദീപക് ഹൂഡ (16) എന്നിവർക്കും തിളങ്ങാനായില്ല.  പാകിസ്ഥാനായി സ്‌പിന്നർ ഷദാബ്‌ ഖാൻ രണ്ട്‌ വിക്കറ്റെടുത്തു. ഇന്ന്‌ കളിയില്ല. നാളെ ഇന്ത്യ ശ്രീലങ്കയെ നേരിടും.  തിരുവോണദിവസമായ വ്യാഴാഴ്‌ച ഇന്ത്യക്ക്‌ അഫ്‌ഗാനാണ്‌ എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News