Asia Cup: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പൊരുതിത്തോറ്റ് ഇന്ത്യ; പാക്ക് ജയം 5 വിക്കറ്റിന്

ഏഷ്യാ കപ്പ്(Asia Cup) സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പൊരുതിത്തോറ്റ് ഇന്ത്യ. 5 വിക്കറ്റിന് പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തി. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജ യലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ പാകിസ്താന്‍ മറികടന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചേ തീരൂ ഇന്ത്യന്‍ ടീമിന്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അവസാന ഓവറില്‍ പാകിസ്താന് വേണ്ടിയിരുന്നത് ഏഴ് റണ്‍സായിരുന്നു. ആദ്യ മൂന്ന് പന്തില്‍ അഞ്ച് റണ്‍സ് നേടി. നാലാം പന്തില്‍ ആസിഫ് അലിയെ അര്‍ഷ്ദീപ് പുറത്താക്കി. അവസാന രണ്ട് പന്തില്‍ രണ്ട് റണ്‍സാണ് വേണ്ടിയിരുന്നത്. 20-ാം ഓവറിലെ അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് എടുത്ത് പാകിസ്താന്‍ വിജയിച്ചു. 51 പന്തില്‍ 71 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് ടീമിന് ജയം സമ്മാനിച്ചത്. മുഹമ്മദ് നവാസ് 20 പന്തില്‍ 42 റണ്‍സ് നേടി. ഖുശ്ദില്‍ ഷാ 11 പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു, ഇഫ്തിഖര്‍ അഹമ്മദ് രണ്ട് റണ്‍സെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും രോഹിത് ശര്‍മ്മയും ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആറാം ഓവറില്‍ രോഹിത് പുറത്തായതോടെ കൂട്ടുകെട്ട് തകര്‍ന്നു. 16 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സാണ് രോഹിത് നേടിയത്. ഏഴാം ഓവറില്‍ ഷദാബ് ഖാന്റെ രൂപത്തില്‍ ഇന്ത്യക്ക് രണ്ടാം പ്രഹരം. 20 പന്തുകള്‍ നേരിട്ട രാഹുല്‍ 28 റണ്‍സെടുത്തു പുറത്ത്.

ഇന്ത്യയുടെ മൂന്നാം വിക്കറ്റ് സൂര്യകുമാര്‍ യാദവിന്റെ രൂപത്തിലാണ് വീണത്. 10 പന്തില്‍ 2 ബൗണ്ടറികളോടെ 13 റണ്‍സാണ് താരം നേടിയത്. ഇതിന് പിന്നാലെ നാലാം വിക്കറ്റില്‍ വിരാട് കോലിയും ഋഷഭ് പന്തും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നിരുന്നാലും ഫലപ്രദമായ ഇന്നിംഗ്‌സ് കളിക്കുന്നതില്‍ പന്ത് പരാജയപ്പെട്ടു. 12 പന്തില്‍ 14 റണ്‍സെടുത്ത ഋഷഭ് ഔട്ടായി. പിന്നാലെ 15ാം ഓവറില്‍ അക്കൗണ്ട് തുറക്കാതെ ഹാര്‍ദിക് പാണ്ഡ്യ പവലിയനിലേക്ക് മടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News