സ്കൂളുകളില്‍ തോന്നിയ വസ്ത്രം ധരിച്ച് പെണ്‍കുട്ടികള്‍ക്ക് വരാനാകുമോ ? ഹിജാബ് കേസില്‍ സുപ്രീംകോടതിയുടെ ചോദ്യം

സ്കൂളുകളില്‍ മിനിസ്കേര്‍ട്ടും മീഡിസും ഉള്‍പ്പടെ തോന്നിയ വസ്ത്രം ധരിച്ച് പെണ്‍കുട്ടികള്‍ക്ക് വരാനാകുമോ ഹിജാബ് കേസില്‍ സുപ്രീംകോടതിയുടെ ചോദ്യം. മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം മാനദണ്ഡങ്ങളെ മറികടക്കാനുള്ള സ്വാതന്ത്ര്യമാണോ എന്നതും പരിശോധിക്കണമെന്നും സുപ്രീംകോടതിയുടെ പരാമര്‍ശം. ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ സുപ്രീംകോടതിയില്‍ തുടങ്ങി.

ഇസ്ളാം മതവിശ്വാസത്തിന്‍റെ ഭാഗമാകാം ഹിജാബ് . എന്നാല്‍ മത വിശ്വാസത്തിന്‍റെ ഭാഗമായ ഹിജാബ് ധരിച്ച് സ്കൂളുകളിലേക്ക് എത്തുമ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികളും ഒരുപോലെ പാലിക്കേണ്ട യൂണിഫോം മാനദണ്ഡത്തിന് അത് എതിരാകില്ലേ എന്നായിരുന്നു ഹിജാബ് കേസില്‍  സുപ്രീംകോടതിയുടെ ചോദ്യം.

മിനിസ്കേര്‍ട്ടും മിഡീസും പോലെ തോന്നിയ വസ്ത്രം ധരിച്ച് കുട്ടികള്‍ക്ക് സ്കൂളുകളിലേക്ക് വാരാനാകുമോ എന്നും കോടതി ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള തീരുമാനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കവെയായിരുന്നു ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുദാംശു ധുലിയ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ പരാമര്‍ശം.

ഹിജാബ് നിരോധനം ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും കേസ് ഭരണഘടന ബെഞ്ചിന് വിടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. മതേതര രാജ്യമായ ഇന്ത്യയില്‍ മതപരമായ വസ്ത്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ധരിക്കാമോ എന്നത് വിശദമായി പരിശോധിക്കേണ്ട വിഷയമാണെന്ന് കോടതി മറുപടി നല്‍കി.

കോടതി മുറിയില്‍ ജീന്‍സ് ധരിച്ചെത്തിയ അഭിഭാഷകയോട് അത് വിലക്കിയ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്‍റെ തീരുമാനവും ജസ്റ്റിസ് ഹേമന്ദ് ഗുപ്ത പരാമര്‍ശിച്ചു. സ്കൂളുകളിലെ അച്ചടക്കത്തിന്‍റെ ഭാഗമാണ് ഹിജാബ് നിരോധനമെന്ന് കര്‍ണാടക സര്‍ക്കാര്‍ വാദിച്ചു. അതിനെ മതവിശ്വാസവുമായി ബന്ധിക്കുന്നത് മറ്റ് താല്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന വാദവും കര്‍ണാടക സര്‍ക്കാര്‍ ഉയര്‍ത്തി.

ഹിജാബ് ധരിക്കുന്നതിന് ഒരിടക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, സ്കൂളുകളില്‍ യൂണിഫോം മാനദണ്ഡം പാലിക്കണമെന്നേ ആവശ്യപ്പെടുന്നുള്ളുവെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ വാദിച്ചു. കേസില്‍ വാദം കേള്‍ക്കല്‍ മറ്റന്നാള്‍ തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News