പാര്‍ലമെന്റില്‍ മലയാളികളുടെ ശബ്ദമായി മാറിയ എം ബി രാജേഷ് ഇനി മന്ത്രി; സത്യപ്രതിജ്ഞ ഇന്ന്

സമരസംഘടനാപ്രവര്‍ത്തനം കരുത്താക്കി വളര്‍ന്നുവന്ന നേതാവാണ് എം ബി രാജേഷ്. പാര്‍ലമെന്റില്‍ മലയാളികളുടെ ശബ്ദമായി മാറിയ എം ബി രാജേഷ് നിയമസഭാ സ്പീക്കറായും ശ്രദ്ധേയമായി പ്രവര്‍ത്തിച്ചു. വിദ്യാര്‍ത്ഥിക്കാലംതൊട്ട് പൊരുതിവന്ന അനുഭവക്കരുത്തും ആഴത്തിലുള്ള അറിവും വായനയും എം ബി രാജേഷിനെ യുവനിരയില്‍നിന്ന് വേറിട്ടു നിര്‍ത്തി.

1994 മുതല്‍ വിദ്യാര്‍ത്ഥി നേതാവ് എം ബി രാജേഷ്. പലതവണ പോലിസ് മര്‍ദ്ദനത്തിന് ഇരയായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ ഭരണകൂടങ്ങള്‍ വേട്ടയാടിയപ്പോള്‍ പാര്‍ലമെന്റ് അംഗമായിരുന്ന എം ബി രാജേഷിന് നോക്കി നില്‍ക്കാനായില്ല. പ്രതിഷേധത്തിനിറങ്ങി പോലിസ് മര്‍ദ്ദനത്തിനിരയായി.

2009ലും 2014-ലും പാലക്കാട്ടുനിന്നാണ് പാര്‍ലമെന്റിലെത്തിയത്. ആയിരത്തോളം ചോദ്യങ്ങള്‍ ചോദിച്ച് റെക്കോഡ് തീര്‍ത്തു എം ബി രാജേഷ്. ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് തിരഞ്ഞെടുത്ത മികച്ച ഏഴ് പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളായി. ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിയ്ക്ക് നൂറ്റാണ്ടുകഴിഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പു പറഞ്ഞത് എം ബി രാജേഷിന്റെയും ഡോക്ടര്‍ ശശി തരൂരിന്റെയും ഇടപെടലിനെത്തുടര്‍ന്നായിരുന്നു.

ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായി സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ എം ബി രാജേഷ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് ചുമതലകള്‍ വഹിച്ചു.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടി. ആനുകാലിക വിഷയങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള രാജേഷ് എട്ടു പുസ്തകങ്ങള്‍ എഴുതി. തൃത്താലയില്‍നിന്നാണ് എം ബി രാജേഷ് നയമസഭയിലെത്തുന്നത്. സഭാചട്ടങ്ങള്‍ ഓരോന്നും പഠിച്ചെത്തിയ സ്പീക്കര്‍ നിയമസഭയെ സര്‍ഗാമാത്മക സംവാദങ്ങളുടെ വേദിയാക്കി.

സൈനിക ഉദ്യോഗസ്ഥനായിരുന്ന മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടെയും എം കെ രമണിയുടെയും മകനായി 1971-ല്‍ പഞ്ചാബിലെ ജലന്ധറിലാണ് എം ബി രാജേഷ് ജനിച്ചത്. കാലടി സര്‍വകലാശാലിയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. നിനിത കണിച്ചേരിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ നിരഞ്ജനയും പ്രിയദത്തയുമാണ് മക്കള്‍.. അനുഭവങ്ങളുടെയും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെയും കരുത്തുമായാണ് എം ബി രാജേഷ് സംസ്ഥാനത്തെ മന്ത്രി സഭയിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News