ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ ശ്രീലങ്കയോട് ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യ

ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. രാത്രി 7:30 ന് ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ പാകിസ്താനോട് തോറ്റ ഇന്ത്യക്ക് മത്സരം നിർണായകമാണ്.

ഗ്രൂപ്പ് ഘട്ടത്തിലെ മുഖാമുഖത്തിൽ പരമ്പരാഗത വൈരികൾക്കെതിരെ  ജയം നേടിയ ടീം ഇന്ത്യക്ക് സൂപ്പർ ഫോറിൽ തോൽവിയായിരുന്നു ഫലം. അവസാന ഓവറിൽ അപ്രതീക്ഷിത പരാജയം പിണഞ്ഞ ഹിറ്റ്മാന്റെ സംഘത്തിന്, ടൂർണമെന്റിൽ ഫൈനൽ സാധ്യത സജീവമാക്കാൻ തുടർ ജയങ്ങൾ കൂടിയേ തീരൂ.

വിരാട് കോലി ഫോമിലെത്തിയെങ്കിലും  ശരാശരിയിൽ താഴെയുള്ള ബോളിംഗ് -ഫീൽഡിംഗ് പ്രകടനങ്ങളാണ് ടീം ഇന്ത്യക്ക് തലവേദന. സൂപ്പർ കൂൾ ഹാർദിക് തകർത്തടിച്ചാൽ ടീം ഇന്ത്യക്ക് പേടിക്കാൻ ഒന്നുമില്ല. പോരായ്മകളും പാളിച്ചകളും തിരുത്തിയുള്ള പ്രകടനത്തിലാണ് ടീമിന്റെ ശ്രദ്ധ.

അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ നാണം കെട്ട തോൽവിക്ക് അഫ്ഗാനിസ്ഥാനോട് കണക്ക് തീർത്തതിന്റെ ആവേശത്തിലാണ് ശ്രീലങ്ക. ദസുൻ ഷനകയുടെ ടീം താളം കണ്ടെത്തിക്കഴിഞ്ഞു. ബാറ്റിംഗിൽ കുശാൽ മെൻഡിസും പത്തും നിസംഗയും ധനുഷ്ക ഗുണതിലകെയും ഫോമിലാണ്. ദിൽഷൻ മധുശങ്കർ, മഹീഷ് തീക്ഷണ,അവിഷ്ക്ക ഫെർണാണ്ടോ എന്നിവർക്കാണ് ബോളിംഗിന്റെ ചുക്കാൻ.

വനിന്ദു ഹസറങ്ക എന്ന സൂപ്പർ ഓൾ റൌണ്ടറുടെ സാന്നിധ്യവും മരതക ദ്വീപുകാർക്ക് ഗുണം ചെയ്യും. ഇരു ടീമുകളും ആകെ  18 തവണ നേർക്ക് നേർ വന്നപ്പോൾ 11 തവണയും വിജയിച്ചത് ടീം ഇന്ത്യയാണ്. 2 തവണ ശ്രീലങ്ക ജയിച്ചപ്പോൾ 5 മത്സരങ്ങൾ സമനിലയിലായി. ഏതായാലും മുൻ ചാമ്പ്യന്മാരും നിലവിലെ ചാമ്പ്യമാരും തമ്മിലുള്ള ത്രസിപ്പിക്കുന്ന പോരിനാണ് ദുബായ് സ്റ്റേഡിയം വേദിയാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News