John Brittas M P | പയ്യാവൂർ ഗ്രാമപഞ്ചായത്തിനെ സാഗി പദ്ധതി പ്രകാരം ദത്തെടുത്തു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ജോൺ ബ്രിട്ടാസ് എം പി നിർവഹിച്ചു

പയ്യാവൂർ ഗ്രാമ പഞ്ചായത്തിനെ സാഗി പദ്ധതി പ്രകാരം ദത്തെടുത്തു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും ബഡ്സ് സ്കൂൾ & റീഹാബിലിറ്റേഷൻ സെന്ററിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു .കേന്ദ്രസർക്കാറിന്റെ ‘സൻസദ് ആദർശ് ഗ്രാമ യോജന’ പദ്ധതി പ്രകാരമാണ് കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തിനെ ഏറ്റെടുത്തത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി നിർമിക്കുന്ന ബഡ്സ് സ്കൂൾ & റീഹാബിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണോദ്‌ഘാടനവും കഴിഞ്ഞ ദിവസം ജോൺ ബ്രിട്ടാസ് എം പി നിർവഹിച്ചു.

05.09.2022 തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പയ്യാവൂർ ടൗൺ ബസ് സ്റ്റാൻഡിൽ തയ്യാറാക്കിയ വേദിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാജു സേവ്യറിന്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. ചടങ്ങിനോടനുബന്ധിച്ചു ബഡ്‌സ് സ്കൂളിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു. പഞ്ചായത്തിലെ പത്താം വാർഡിലാണ് നിർദിഷ്ട ബഡ്‌സ് സ്കൂൾ & റീഹാബിലിറ്റേഷൻ സെന്റർ നിർമിക്കുന്നത്. അടുത്തിടെ പഞ്ചായത്തിൽ നടത്തിയ സാമൂഹിക സർവ്വേയിൽ ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തിയതോടെയാണ് ഒരു ബഡ്‌സ് സ്കൂൾ & റീഹാബിലിറ്റേഷൻ സെന്റർ നിർമിക്കാൻ തീരുമാനിച്ചത്. പയ്യാവൂർ പഞ്ചായത്തിൽ മാത്രം 70-ൽ പരം ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്ക്.

‘സാഗി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘സൻസദ് ആദർശ് ഗ്രാമ യോജന’ പദ്ധതി പ്രകാരം ഓരോ പാർലമെൻറ് അംഗത്തിനും ഏതാനും ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്ത് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിൽ വികസിപ്പിക്കുന്നതിനും പദ്ധതി നിർവഹണത്തിൽ നേരിട്ട് മാർഗ നിർദ്ദേശം നൽകുന്നതിനും കഴിയും. സാഗി പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സ്കീമുകളിൽ പ്രത്യേക മുൻഗണന ലഭിക്കും എന്നതിനാലും ജില്ലാ-സംസ്ഥാന-കേന്ദ്ര തലങ്ങളിൽ ഈ പദ്ധതികളുടെ പ്രവർത്തന പുരോഗതി നിരീക്ഷിക്കുവാൻ പ്രത്യേകം കമ്മിറ്റികൾ ഉണ്ടെന്നതിനാലും കാലതാമസം കൂടാതെ തന്നെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിയും. പഞ്ചായത്ത് നിലവിൽ നേരിടുന്ന പരാധീനതകളെക്കുറിച്ചും ഏതൊക്കെ വികസനപ്രവർത്തനങ്ങളാണ് സാഗി പദ്ധതി പ്രകാരം ഏറ്റെടുക്കാവുന്നത് എന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

ഏറ്റെടുത്തു നടത്തേണ്ട വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് അന്തിമ രൂപരേഖ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുവാനും യോഗത്തിൽ തീരുമാനിച്ചു. കുടുംബശ്രീ സംഘടിപ്പിച്ച പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഹരിത സേനാംഗങ്ങൾക്കുള്ള ബോണസ് വിതരണവും ചടങ്ങിൽ നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, ഫാദർ ജയ്സൺ പള്ളിക്കൽ, സിപിഎം ശ്രീകണ്ഠാപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ, പി.കെ.ലൂക്ക, ടി.എം.ജോഷി, ബിനു ശിവദാസൻ, കെ. മോഹനൻ മാസ്റ്റർ, ഷീന ജോൺ, എം.സി നാരായണൻ, സാഗി പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള ദാരിദ്ര്യ ലഘൂകരണ വിഭാഗം ഉദ്യോഗസ്ഥരായ കെ. രജിത, പി.പി അഷ്റഫ്, പഞ്ചായത്ത് സെക്രട്ടറി ടി പി ഉണ്ണികൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News