Pinarayi Vijayan: കൊച്ചി മെട്രോ രണ്ടാംഘട്ടം; കേന്ദ്രത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി

കൊച്ചി മെട്രോ(kochi metro) രണ്ടാംഘട്ട നിര്‍മാണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്(Narendra Modi) കത്തയച്ചു. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. 11.17 കിലോ മീറ്റര്‍ ദൂരത്തിലുള്ള പദ്ധതിക്ക് 1957.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയുടെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി സെപ്തംബര്‍ ഒന്നിന് നിര്‍വഹിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. മെട്രോ റെയില്‍ രണ്ടാംഘട്ടം കേരളത്തിന്റെ വികസനമുന്നേറ്റത്തില്‍ നാഴികക്കല്ലാകും. കൊച്ചി നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനൊപ്പം ഐടി പ്രൊഫഷണലുകള്‍ക്കും യുവ തലമുറയ്ക്കും ഏറെ ഉപകാരപ്പെടുന്ന പദ്ധതി കൂടിയാണിത്.

മനുഷ്യമനസ്സുകളുടെ ഒരുമ വിളിച്ചോതുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേതെന്ന്(Onam) മുഖ്യമന്ത്രി പറഞ്ഞു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആശംസയുടെ പൂര്‍ണരൂപം

ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്.

ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ചിന്തയാണിത്. ആ നിലക്ക് ഓണത്തെ ഉള്‍ക്കൊള്ളാനും എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂര്‍ണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here