Tuchel: 20 മാസം, യുസിഎല്‍ ഉള്‍പ്പെടെ മൂന്ന് കിരീടം; ടൂച്ചെലിനെ തെറിപ്പിച്ചത് കടുപ്പമായെന്ന് വിമര്‍ശനം

ടൂച്ചെലിനെ(Tuchel) പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതോടെ മാനേജര്‍ വാഴാത്ത ക്ലബ്ബെന്ന വിശേഷണം ഒന്നുകൂടി ബലപ്പെടുത്തിയിരിക്കുകയാണ് ചെല്‍സി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എട്ട് മാനേജര്‍മാരെയാണ് ബ്ലൂസ് സാക്ക് ചെയ്തത്. പരിശീലക പരീക്ഷണങ്ങള്‍ തുടരുന്നതിനോട് വലിയ എതിര്‍പ്പില്ലെങ്കിലും ടൂച്ചെലിനെ മാറ്റിയത് ഇത്തിരി കടുപ്പമായിപ്പോയെന്ന് ചെല്‍സി ആരാധകരില്‍ ചിലര്‍ തന്നെ പറയുന്നുണ്ട്. ഒരു പതിറ്റാണ്ടിന് ശേഷം ചാംപ്യന്‍സ് ലീഗ് കീരിടം സ്റ്റാംഫോഡ് ബ്രിഡ്ജിലെത്തിച്ച ടൂച്ചെലിനെ ഇങ്ങനെ പറഞ്ഞുവിടരുതായിരുന്നെന്നാണ് ആരാധകരുടെ പക്ഷം.

ചെല്‍സിയിലെ 20 മാസത്തെ കാലയളവില്‍ മൂന്ന് പ്രധാന കിരീടങ്ങള്‍ നേടിക്കൊടുത്താണ് തോമസ് ടൂച്ചെല്‍ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. തുടര്‍ തോല്‍വികള്‍ കൊണ്ട് വലഞ്ഞ ചെല്‍സിയിലേക്ക് 2021ലാണ് ജര്‍മന്‍ പരിശീലകനായ ടൂച്ചെല്‍ പിഎസ്ജിയില്‍ നിന്നെത്തിയത്. ലംപാഡിന്റെ കോച്ചിങ്ങില്‍ സീസണ്‍ തുടക്കത്തില്‍ കിതച്ച നിന്ന് ചെല്‍സി പിന്നീട് താളം വീണ്ടെടുത്തു. മികച്ച തന്ത്രങ്ങളിലൂടെ ചെല്‍സിയെ ഫോമിലേത്തിക്കാന്‍ ടൂച്ചെലിനായി. പ്രീമിയര്‍ ലീഗിലും, ചാമ്പ്യന്‍സ് ലീഗിലും തകര്‍പ്പന്‍ പ്രകടനം. ഇപിഎല്ലില്‍ 67 പോയിന്റായി ലീഗില്‍ നാലാം സ്ഥാനം. മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ലീഗ് കിരീടം. യുവേഫ 2021ല്‍ മികച്ച പരിശീലകനായി തെരഞ്ഞെടുത്തതും ടൂച്ചെലിനെയാണ്.

രണ്ടാം സീസണിലും മികവ് തുടര്‍ന്ന ടൂച്ചെല്‍, പ്രീമിയര്‍ ലീഗില്‍ 72 പോയിന്റുമായി ചെല്‍സിയെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തി. എഫ്എ കപ്പ്, ലീഗ് കപ്പ് ഫൈനലില്‍ ചെല്‍സിയെ എത്തിക്കാന്‍ ജര്‍മന്‍ പരിശീലകന് സാധിച്ചിരുന്നു. ചെല്‍സിയെ നയിച്ച 99 മത്സരങ്ങളില്‍ 18 തവണ മാത്രമാണ് ടൂച്ചെല്‍ തോല്‍വിയറിഞ്ഞത്. ടൂച്ചെലിന്റെ ബ്ലൂസ് പോഗ്രസ് കാര്‍ഡില്‍ 62 ജയവും 19 സമനിലകളുമുണ്ട്. പുതിയ സീസണില്‍ പക്ഷെ, താളം കണ്ടെത്താന്‍ ടൂച്ചെലിനും സംഘത്തിനുമായില്ല. ഈ പ്രീമിയര്‍ ലീഗ് സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ആറാം സ്ഥാനത്താണ് ചെല്‍സി. നോട്ടമിട്ട് വെച്ച താരങ്ങളെ ബാഴ്സയടക്കമുള്ള മറ്റ് ക്ലബ്ബുകള്‍ കൊത്തിക്കൊണ്ടുപോയത് തിരിച്ചടിയായി. ടോട്ടനവുമായുള്ള മത്സരശേഷം പരിശീലകന്‍ ആന്റോണിയോ കോണ്ടെയുടെ കൈ പിടിച്ച് വലിച്ച് ദേഷ്യപ്പെട്ടത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചൊവ്വാഴ്ച്ച ചാംപ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ഡൈനമോ സാഗ്രെബിനോട് എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സി തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനെ പുറത്താക്കിയെന്ന ക്ലബ്ബ് സ്ഥിരീകരണം.

ടൂച്ചെലിനും അദ്ദേഹത്തിന്റെ പരിശീലന ടീമിലെ എല്ലാവര്‍ക്കും ചെല്‍സിയിലെ അംഗങ്ങളുടെ പേരില്‍ നന്ദി അറിയിക്കുകയാണെന്ന് സ്റ്റാംഫഡ് ബ്രിഡജ് വാര്‍ത്താക്കുറിപ്പിറക്കി. ‘ചെല്‍സിയുടെ ചാംപ്യന്‍സ് ലീഗ്, ക്ലബ്ബ് വേള്‍ഡ് കപ്പ്, ലീഗ് കപ്പ് നേട്ടങ്ങളില്‍ ടൂച്ചെല്‍ സുപ്രധാന പങ്ക് വഹിച്ചു. പുതിയ ഉടമകള്‍ ചെല്‍സിയെ ഏറ്റെടുത്ത് 100 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ക്ലബ്ബിനെ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ തീരുമാനമെടുക്കാന്‍ ഏറ്റവും മികച്ച സമയം ഇതാണെന്ന് ഉടമകള്‍ കരുതുന്നു,’ ക്ലബ്ബ് വാര്‍ത്താ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News