Congress; 150 ദിവസം; ഭാരത്ജോഡോ യാത്ര 2ാം ദിനം, ജനഹൃദയങ്ങളിൽ തിരികെയെത്താൻ കോൺഗ്രസ്

ഭാരത്ജോഡോ യാത്ര 2ാം ദിനം. 150 ദിവസം കൊണ്ട് രാജ്യം മുഴുവൻ നടന്ന് ജനഹൃദയങ്ങളിൽ തിരികെയെത്താൻ യാത്ര തുടങ്ങുകയാണ് കോൺഗ്രസ്.സ്വയം അപ്രസക്തമാക്കിയ രാഷ്ട്രീയ ഭാവി തിരിച്ച് പിടിക്കാനുള്ള ശ്രമമാകും യാത്രയിലൂടെ കോൺഗ്രസ് നടത്തുക.

കന്യാകുമാരിയിലെ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടനത്തിൽ ഇന്നത്തെ കോൺഗ്രസിന്റെ ശരീരഭാഷ വ്യക്തമാകുകയായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഓരോ സംസ്ഥാനത്തും ബിജെപി വിജയിച്ചു കയറുമ്പോഴും കുതിരക്കച്ചവടത്തിലൂടെ സർക്കാർ രൂപീകരിക്കുമ്പോഴും നിസ്സംഗതയോടെ നോക്കി നിൽക്കുകയായിരുന്നു കോൺഗ്രസ്. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചിട്ടും സ്വന്തം എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടും അധികാരമുറപ്പിക്കാൻ മാത്രം കോൺഗ്രസിന് ആകുന്നില്ല. ആലസ്യത്തിൽ അകപ്പെടുന്ന നേതൃത്വവും ജനാധിപത്യം ലവലേശം തൊടാത്ത ചില ഉൾപാർട്ടി തിരഞ്ഞെടുപ്പുകളും ഹൈക്കമാന്റിനെതിരായ വിമർശനം കടുപ്പിച്ചു.

നേതൃത്വത്തെ വിമർശിച്ച് ഇറങ്ങിപ്പോയ പ്രധാനികളും വിമർശനവുായിഇന്നും പാർട്ടിയിൽ തുടരുന്ന നേതാക്കളും പ്രവർത്തകരും മയപ്പെടണമെങ്കിൽ ഉയർത്തെഴുന്നേൽക്കുമെന്ന ആത്മവിശ്വാസം ഉള്ളിൽ നിറച്ചേ പറ്റൂ. അതിനുള്ള ആയുധം തന്നെയാണ് രാഹുൽഗാന്ധിയും ഭാരത് ജോഡോ യാത്രയും.

രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഐക്യം കെട്ടിപ്പടുക്കുമ്പോൾ കൂടിയാണ് ഭാരത് ജോഡോ യാത്ര. എംകെ സ്റ്റാലിൻ്റെ സാന്നിധ്യം, യാത്രയിൽ പ്രാദേശിക- മതനിരപേക്ഷ കക്ഷികൾ പ്രതീക്ഷ വയ്ക്കുന്നുണ്ട് എന്നത് തന്നെയാണ് വ്യക്തമാക്കുന്നത്. എന്നാൽ, ഈ ആവേശം സ്ഥിരോത്സാഹമായി മാറുമോ അതോ വഴിയിൽ കൈവെടിയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കർഷക സമരമടക്കം നിരവധി അവസരങ്ങൾ കിട്ടിയപ്പോഴും ഉഴപ്പുകയായിരുന്നു രാഹുൽ ഗാന്ധി.

സംഘടനാ സംവിധാനം നേരിടുന്ന തകർച്ചയും യാത്രയുടെ ചാർട്ടിങ്ങിൽ വ്യക്തമാണ്. 150 ദിവസം നീളുന്ന യാത്രയിൽ 19 ദിവസം കൊച്ചുകേരളത്തിൽ ഉണ്ടെന്നത് ശ്രദ്ധേയമാണ്. തമിഴ്നാട്ടിലും ഇനി കേരളത്തിലും മോഡിയെ വെല്ലുവിളിക്കുന്ന രാഹുലിൻ്റെ വീറ് സൗത്തിന്ത്യൻ അതിർത്തി കടന്നാൽ തുടരുമോ എന്ന ആകാംഷയും ബാക്കിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here