ഗോളടി തുടര്‍ന്ന് ഹാലണ്ട്; ചെല്‍സിക്ക് തോല്‍വി

ചാമ്പ്യന്‍സ് ലീഗിലും എര്‍ലിങ് ഹാലണ്ടിന്റെ ഗോളടി തുടരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ സെവിയ്യക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഹാലണ്ട് ഇരട്ടഗോളടിച്ചു. നാല് ഗോളിനായിരുന്നു സിറ്റിയുടെ ജയം.ചെല്‍സിയൊഴികെ മറ്റ് വമ്പന്മാരെല്ലാം ആധികാരികജയം നേടി.

നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് മൂന്ന് ഗോളിന് സെല്‍റ്റിക്കിനെ തകര്‍ത്തു. കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോള്‍ മികവില്‍ പിഎസ്ജി യുവന്റസിനെ 2-1ന് വീഴ്ത്തി. ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മൂന്ന് ഗോളിന് കോപ്പന്‍ഹാഗനെ മറികടന്നു. എസി മിലാനെ 1-1ന് സാല്‍സ്ബുര്‍ഗ് തളച്ചു. മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സിയെ ഒരു ഗോളിന് ഡൈനാമോ സാഗ്രെബ് അട്ടിമറിക്കുകയായിരുന്നു.

ഗ്രൂപ്പ് ജിയില്‍ സെവിയ്യക്കെതിരെ സിറ്റി ഒന്നാന്തരംകളി പുറത്തെടുത്തു. ഹാലണ്ട് ഇരട്ടഗോള്‍ തൊടുത്തപ്പോള്‍ ഫില്‍ ഫോദെന്‍, റൂബെന്‍ ഡയസ് എന്നിവരും ലക്ഷ്യംകണ്ടു. സിറ്റി കുപ്പായത്തില്‍ അഞ്ച് കളിയില്‍ ഒമ്പത് ഗോളുമായാണ് ഹാലണ്ട് സ്‌പെയ്‌നില്‍ സെവിയ്യക്കെതിരെ കളിക്കാനെത്തിയത്. ജോയോ കാന്‍സെലോ രണ്ടുഗോളിന് അവസരമൊരുക്കി. ഒരെണ്ണത്തിന് കെവിന്‍ ഡി ബ്രയ്‌നും.

ഗ്രൂപ്പ് എച്ചില്‍ ആദ്യ പകുതിയില്‍ത്തന്നെ എംബാപ്പെയുടെ ഇരട്ടഗോളില്‍ പിഎസ്ജി യുവന്റസിനെതിരെ മുന്നിലെത്തി. ഒരു ഗോളിന് നെയ്-മറാണ് അവസരമൊരുക്കിയത്. മറ്റൊന്നിന് അച്‌റഫ് ഹക്കീമിയും. യുവന്റസിനായി വെസ്റ്റണ്‍ മക്കെന്നി ഒരെണ്ണം തിരിച്ചടിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക്ക മക്കാബി ഹയ്ഫയെ രണ്ട് ഗോളിന് കീഴടക്കി.

ഗ്രൂപ്പ് എഫില്‍ റയലിന് സെല്‍റ്റിക്കിനെതിരെ അനായാസ ജയമായിരുന്നു. വിനീഷ്യസ് ജൂനിയര്‍, ലൂക്കാ മോഡ്രിച്ച്, ഏദെന്‍ ഹസാര്‍ഡ് എന്നിവര്‍ ലക്ഷ്യംകണ്ടു. അതിനിടെ മുന്നേറ്റതാരം കരിം ബെന്‍സെമയ്ക്ക് പരിക്കേറ്റത് തിരിച്ചടിയായി. മറ്റൊരു മത്സരത്തില്‍ ആര്‍ബി ലെയ്പ്‌സിഗിനെ 4-1ന് ഷക്താര്‍ ഡൊണെസ്-തക് തകര്‍ത്തു. ഗ്രൂപ്പ് ഇയില്‍ മിസ്ലാവ് ഒര്‍സിച്ചിന്റെ ഗോളിലാണ് ചെല്‍സിയെ ഡൈനാമോ തുരത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here