തലകുനിച്ച് ഇന്ത്യ ; മാനവ വികസന സൂചികയിലും ഒരു പടികൂടി താഴ്ന്നു

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ ഗവണ്‍മെന്‍റിന്‍റെ ഭരണത്തില്‍ പല മേഖലകളിലും ഇന്ത്യയ്ക്ക് തലകുനിയ്ക്കേണ്ടി വരുന്നു.ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയിൽ ഒരു പടി കൂടി പിന്നോട്ട് പോയിരിക്കുകയാണ് ഇന്ത്യ. 132-ാം സ്ഥാനത്താണ് എത്തിയിട്ടുള്ളത്.

കൊവിഡ് പ്രതിസന്ധികൾക്കിടയിലുണ്ടായിട്ടുള്ള ആഗോള തകർച്ചയ്ക്കിടയിലാണിത്. 2020ൽ അവസാനമായി പുറത്തിറങ്ങിയ മാനവ വികസന സൂചികയിൽ 189 രാജ്യങ്ങളുടെ പട്ടികയിൽ 131-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

രാജ്യത്തെ ജനങ്ങളുടെ ആയുർദൈർഘ്യം, വിദ്യാഭ്യാസ നിലവാരം, ജീവിത നിലവാരം തുടങ്ങിയവയാണ് പട്ടികയുടെ അളവുകോൽ. ഐക്യരാഷ്ട്ര സഭ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമാണ് പട്ടിക പ്രസിദ്ധീരിക്കുന്നത്.191 രാജ്യങ്ങളുടെ പട്ടികയാണ് ഇത്തവണ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ മാനവ വികസന സൂചിക അഥവാ എച്ച്ഡിഐ 2020ലെ 0.642ൽ നിന്ന് 2021ൽ 0.633 ആയി കുറഞ്ഞു.

സ്വിറ്റ്‌സർലൻഡ്, നോർവെ, ഐസ്‌ലൻഡ് എന്നിവരാണ്‌ മാനവ വികസന സൂചികയിൽ മുന്നിൽ നിൽക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങൾ. ഇടത്തരം മാനുഷിക വികസനമെന്ന് രേഖപ്പെടുത്തിയ 43 രാജ്യങ്ങളിലാണ് ഇന്ത്യ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്കൻ രാജ്യങ്ങളാണ് കൂടുതലും.

മാനവ വികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ശ്രീലങ്ക 73-ാമതും ചൈന 79-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്-129, ഭൂട്ടാൻ-127 എന്നിങ്ങനേയും സ്ഥാനംപിടിച്ചിട്ടുണ്ട്. അതേ സമയം പാകിസ്താൻ ഇന്ത്യയേക്കാളും പിന്നിൽ 161-ാം സ്ഥാനത്താണ്. നേപ്പാൾ 143-ാമതും മ്യാന്മർ 149-മതുമാണ്.

1990 മുതൽ 129-ൽ തുടങ്ങി ഇന്ത്യ ഓരോ വർഷവും പട്ടികയിൽ താഴേക്ക് പോകുന്നുണ്ട്. 2019 നും 2021 നും ഇടയിലുള്ള ഇടിവിന്റെ പ്രധാന കാരണം ആയുർദൈർഘ്യം കുറഞ്ഞതാകാമെന്നാണ് വിലയിരുത്തൽ. 69.7 ൽ നിന്ന് 67.2 ലേക്കെത്തിയിട്ടുണ്ട് ഇന്ത്യയുടെ ആയുർദൈർഘ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here