ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവ്

എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകൻ ചാൾസ് (73) ബ്രിട്ടന്റെ പുതിയ രാജാവാകും. ‘കിങ് ചാൾസ് III’ എന്നാണ് ഇനി അദ്ദേഹം അറിയപ്പെടുക. സ്ഥാനാരോഹണത്തിന്റെ സമയവും ദിവസവും തീരുമാനിച്ചിട്ടില്ല.

അതേസമയം എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ യുകെയിൽ പത്തുദിവസം ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഇന്നലെ രാത്രി സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു രാജ്ഞിയുടെ അന്ത്യം.

ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു.1952 ലായിരുന്നു എലിസബത്ത് 2 ന്റെ കിരീടധാരണം. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു. തുടർച്ചയായി 70 വർഷം ഇവർ അധികാരത്തിലിരുന്നു.

ക്വീന്‍ എലിസബത്തിന്‍റെ വിയോഗത്തില്‍ അനുസ്മരിച്ച് ലോകം. രാജ്യത്തെ ഉന്നതിയിലെത്തിച്ച ഭരണാധികാരിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസും എക്കാലവും ഓര്‍ത്തുവയ്ക്കപ്പെടുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. അടുത്ത രാജാവ് ചാള്‍സ് ഇന്ന് ബ്രിട്ടനെ അഭിസംബോധന ചെയ്യും.

ബ്രിട്ടന്‍റെയും 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെയും അധിപയുടെ വിടവാങ്ങല്‍ സാമന്തരാഷ്ട്രത്തലവന്മാരുടെ അനുശോചനസന്ദേശങ്ങളില്‍ ഒതുങ്ങുകയില്ല. ലോകമാകെ നീറുന്ന വേദനയായി പ്രധാന കേന്ദ്രങ്ങളിലും പ്രധാന നേതാക്കളുടെ വാക്കുകളിലും വിയോഗദുഃഖമായി അലയടിക്കുകയാണ്.

രാജ്യത്തെ ഉന്നതിയിലെത്തിച്ച ഭരണാധികാരിയെന്ന് പുതുതായി ചുമതലയേറ്റ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പ്രതികരിച്ചു.നമ്മുടെ കാലത്തെ ഏറ്റവും ധീരയായ ഭരണാധികാരിയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. എലിസബത്ത് രാജ്ഞിയുടെ മഹത്വം എക്കാലവും ഓര്‍ക്കപ്പെടുമെന്നും മോദി അറിയിച്ചു.

ബ്രിട്ടീഷ് ദേശീയ ഗാനം ഗോഡ് സേവ് ദ ക്വീന്‍ അനുശോചനമായി വെനീസ് ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ മു‍ഴങ്ങി.ഈഫല്‍ ടവര്‍ വിളക്കുകളണച്ച് അന്ത്യാഭിവാദ്യമറിയിച്ചു. ലോകത്തിലെ പ്രധാനപ്പെട്ട ഭരണാധികാരികളെല്ലാം അനുശോചനം രേഖപ്പെടുത്തി.

ചാള്‍സിന്‍റെ ജീവിതപങ്കാളി കാമില ക്വീന്‍ കണ്‍സോര്‍ട്ടായി മാറും. അടുത്ത അനന്തരാവകാശിയാകാന്‍ സാധ്യത മകന്‍ വില്യമിനാണെങ്കിലും പ്രിന്‍സ് ഓഫ് വെയ്ല്‍സ് എന്ന പദവി ചാള്‍സ് രാജാവ് ഔദ്യോഗികമായി നല്‍കണം.

എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകള്‍ക്കും
ചാള്‍സ് രാജാവിന്‍റെ ഔദ്യോഗികമായ കിരീടധാരണത്തിനുമായി കാത്തിരിക്കുകയാണ് ബ്രിട്ടനും ലോകവും. ഒപ്പം എലിസബത്തിന്‍റെ ജനാധിപത്യ നിലപാടുകള്‍ ചാള്‍സിനെയും നയിക്കുമോ എന്ന ആകാംഷയും ബാക്കിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News