ADVERTISEMENT
ചുമ്മാ കേറി ഒരു യൂട്യൂബ് ചാനൽ തുടങ്ങി ക്ലിക്കാകാം…കാശു വാരാം എന്നൊക്കെ സ്വപ്നം കാണുന്നവരുടെ ശ്രദ്ധയ്ക്ക്. പണി പാളിയാൽ രൂപ ഒന്നും രണ്ടുമൊന്നുമല്ല , ലക്ഷങ്ങളാണ് നിങ്ങളുടെ കീശയോട് ബൈ പറയുക. കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശങ്ങൾ ഇറക്കുന്നതിന്‍റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. യൂട്യൂബ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യങ്ങളിലെ വ്ളോഗർമാരെ ലക്ഷ്യം വെച്ചാണ് പുതിയ മാനദണ്ഡങ്ങൾ ഇറക്കുന്നതെന്നാണ് സൂചന.
പെയ്ഡ് പ്രമോഷനുകൾ നിയന്ത്രിക്കുകയാണ് ഉദ്ദേശം. വ്ളോഗർമാരും മറ്റു ഇൻഫ്ലുവൻസർമാരും വിവിധ ബ്രാൻഡുകളുമായി സഹകരിച്ച് പെയ്ഡ് പ്രമോഷനുകൾ ചെയ്യുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ബ്രാൻഡുകളുമായി സഹകരിച്ച് പണം വാങ്ങി ചെയ്യുന്ന സോഷ്യൽ മീഡിയകളുടെ പ്രമോഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി ഫോളോവേഴ്‌സുള്ള വ്ളോഗർമാർ ഒരുപാടുണ്ട്. അവരാണ് വിവിധ ബ്രാൻഡുകളിൽ നിന്ന് പണം സ്വീകരിച്ച് പ്രമോഷനുകൾ കൂടുതലായും നടത്തുന്നത്. സർക്കാരിന്റെ നിർദേശ പ്രകാരം വ്ളോഗർമാർ പണം കൈപ്പറ്റിയ ശേഷം ഏതെങ്കിലും ബ്രാൻഡിന് മുൻതൂക്കം നൽകിയാൽ അവർ ആ ബ്രാൻഡുമായുള്ള ബന്ധം വിശദികരിക്കേണ്ടി വരും. വരുന്ന 15 ദിവസത്തിനകം എപ്പോൾ വേണമെങ്കിലും സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ പ്രതീക്ഷിക്കാം.
മാത്രമല്ല, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾ തിരിച്ചറിയുന്നതിനും അത് തടയുന്നതിനുമുള്ള നടപടികളും വൈകാതെ പുറത്തിറക്കും. വ്ലോഗർമാർ സർക്കാരിന്‍റെ മാർഗനിർദേശങ്ങൾ തെറ്റിച്ചുവെന്ന് കണ്ടെത്തിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. ആദ്യത്തെ ലംഘനത്തിന് പത്ത് ലക്ഷം രൂപയും ആവർത്തിച്ചാൽ 20 ലക്ഷവും പതിവായി തെറ്റ് ചെയ്താൽ 50 ലക്ഷം വരെയുമാകും പിഴ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.