Buffer zone | ബഫർ സോൺ : കേന്ദ്രം സമർപ്പിച്ചത് പുനഃപരിശോധന ഹർജിയല്ല

ബഫർ സോൺ വിഷയത്തിൽ കേന്ദ്രം സമർപ്പിച്ചത് പുനഃപരിശോധന ഹർജിയല്ല. ജൂൺ മൂന്നിലെ വിധിയിൽ ഭേദഗതിയും വ്യക്തതയും തേടിയാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. പുനഃപരിശോധന ഹർജി സമർപ്പിക്കാത്തത് നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നാണ് സൂചന.

2022 ജൂൺ മൂന്നിന് ജസ്റ്റിസ് എൽ നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ആണ് വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കി കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ഈ വിധിക്കെതിരെ കേന്ദ്രം നേരത്തെ പുനഃപരിശോധന ഹർജി നൽകുമെന്നായിരുന്നു വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചത് വിധിയിൽ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയാണ്. സോളിസിറ്റർ ജനറലിന്റെയും കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ നൽകിയിരിക്കുന്നത് എന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയുമായി ബന്ധപ്പെട്ട അഭിഭാഷകർ വ്യക്തമാക്കുന്നത്.

സാധാരണഗതിയിൽ പുനഃപരിശോധന ഹർജിയാണ് ഫയൽ ചെയ്യുന്നതെങ്കിൽ തങ്ങളുടെ വാദം തുറന്ന കോടതിയിൽ പരിഗണിക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ട്. എന്നാൽ ഭേദഗതി അപേക്ഷയാണ് നൽകിയിരിക്കുന്നത് എന്നുള്ളതുകൊണ്ട് തങ്ങളുടെ ആവശ്യം തുറന്നു കോടതിയിൽ പരിഗണിക്കും എന്നാണ് സർക്കാർ അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നത്.

വിധിയിലെ 44 A 44 E ഖണ്ഡികകളിൽ ഭേദഗതിയും വ്യക്തതയും വരുത്തണമെന്നാണ് കേന്ദ്ര ആവശ്യം. കേന്ദ്രത്തിന്റെ അപേക്ഷയ്ക്കുവേണ്ടി സുപ്രീംകോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും മുതിർന്ന അഭിഭാഷക ഐശ്വര്യ ഭട്ടിയും ഹാജരാകും. ഇരുവരും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്ന ആശങ്കകൾ കൂടി കണക്കിലെടുത്ത് ആയിരിക്കും സുപ്രീംകോടതിയിൽ വാദം ഉന്നയിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here