സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു: കെ യു ഡബ്‌ള്യു ജെ

സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കെ യു ഡബ്‌ള്യു ജെ

കുറിപ്പ്

രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം മുന്‍സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹവും മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തില്‍ ചരിത്രപരവുമാണ്.

സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യുക എന്ന മാധ്യമപ്രവര്‍ത്തകന്റെ കൃത്യ നിര്‍വ്വഹണത്തിന് ഇടയിലായിരുന്നു കാപ്പന്റെ അറസ്റ്റ്. ഉത്തര്‍പ്രദേശിലെ ഹാത്‌റസില്‍ നടന്ന അതിക്രൂരമായ സംഭവം നേരിട്ടു മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യാനായുളള യാത്രക്കിടെയായിരുന്നു അറസ്റ്റ്. യു.പി പോലീസ് കള്ളക്കേസുണ്ടാക്കിയും യു.എ.പി.എ ചുമത്തിയും ജയിലിലടച്ചു. മാധ്യമപ്രവര്‍ത്തകനായ കാപ്പനെ ഭീകരവാദിയായി ചിത്രീകരിക്കാന്‍ പല രീതിയിലുള്ള ആരോപണങ്ങളും പ്രചാരണങ്ങളും പോലീസും ഒരു വിഭാഗവും കെട്ടിച്ചമച്ചു.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചതു മുതല്‍ പല തരത്തിലും കേസ് വൈകിപ്പിക്കാനും അട്ടിമറിക്കാനും യു.പി സര്‍ക്കാറും പോലീസും ശ്രമിക്കുകയുണ്ടായി. കാപ്പനു നീതിക്കായുള്ള പോരാട്ടത്തില്‍ ഉറച്ചു നിന്ന പത്രപ്രവര്‍ത്തക യൂണിയനും അതിന്റെ ഭാരവാഹികള്‍ക്കുമെതിരേ വ്യാജപരാതികളും ആക്ഷേപങ്ങളും ചിലര്‍ ഉയര്‍ത്തി. സിദ്ദിഖ് കാപ്പന്റെ ഭാര്യക്കെതിരേയും ആരോപണങ്ങളുയര്‍ത്തി. എല്ലാറ്റിനേയും അതിജീവിച്ചാണ് പത്രപ്രവര്‍ത്തക യൂണിയനും കാപ്പന്റെ കുടുംബവും നിയമപോരാട്ടവുമായി മുന്നോട്ടു പോയത്. ഭരണഘടന ഉറപ്പു നല്‍കുന്ന മാധ്യമസ്വാതന്ത്ര്യത്തിനെതിരേ ഭരണകൂട വേട്ടയാടല്‍ നടന്നപ്പോഴൊക്കെ നീതിക്കുവേണ്ടി നില്‍ക്കാനും അതതു സമയത്തു നീതിപീഠത്തെ സമീപിക്കാനും യൂണിയനു സാധിച്ചു. ഇത്തരം പോരാട്ടങ്ങളുടെ ആകെത്തുകയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധി.

രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തില്‍ ചരിത്രപരമായ അധ്യായമായി ഈ കേസിലെ നിയമ പോരാട്ടം വിലയിരുത്തപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നു. അതിനായി ഒപ്പം നിന്ന ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ് സ് (ഡി.യു.ജെ), പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, അഴിമുഖം ഉള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങള്‍, ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ആദ്യഘട്ടത്തില്‍ യൂണിയനു വേണ്ടിയും ഇപ്പോള്‍ സിദ്ദിഖ് കാപ്പന്റെ കുടുംബത്തിനു വേണ്ടിയും ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, സിദ്ദിഖിനു വേണ്ടി ഹാജരായ അഡ്വ.ദുഷ്യന്ത് ദവേ, യൂണിയനു വേണ്ടി കേസിന്റെ മേല്‍നോട്ടം വഹിച്ച അഡ്വ.വില്‍സ് മാത്യൂസ്, സിദ്ദിഖിന്റെ കുടുംബത്തിനു വേണ്ടി കേസില്‍ മേല്‍നോട്ടം നിര്‍വഹിച്ച അഡ്വ. ഹാരീസ് ബീരാന്‍, യു.പി ഹൈക്കോടതിയില്‍ അഭിഭാഷകരായ ഐ.ബി.സിങ്, ഇഷാന്‍ ബാഗേല്‍,

കേസില്‍ സഹായിച്ച മറ്റ് അഭിഭാഷകര്‍, മാധ്യമസുഹൃത്തുക്കള്‍, പൊതു സമൂഹം, സിദ്ദീഖിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങീ ഈ പോരാട്ടത്തില്‍ കൂടെ നിന്നവര്‍ക്കെല്ലാം പത്രപ്രവര്‍ത്തക യൂണിയന്‍ നന്ദിയും അഭിവാദ്യവും അറിയിക്കുന്നു. സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം തെളിയിക്കാനും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാനും വേണ്ടിയുളള പോരാട്ടം ഇനിയും തുടരുമെന്ന് കെ യു ഡബ്‌ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും അറിയിച്ചു.

ആര്‍. കിരണ്‍ ബാബു
ജനറല്‍ സെക്രട്ടറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News