‘രാഹുലിനെ അങ്ങനെയങ്ങ് നടന്നു പോവാന്‍ ബെഞ്ചില്‍ കിടപ്പ് ടീം സമ്മതിക്കില്ലെന്നതാണ് ദുരന്തം’: ഡോ പ്രേംകുമാര്‍

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര വലിയ ചര്‍ച്ചയായതോടെ ആരോപണങ്ങളുമായി ബിജെപിയും സജീവമാവുകയാണ്. യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിച്ച ടിഷര്‍ട്ടിന്റെ വില 41,000 ആണെന്നുള്ളതാണ് ബിജെപിയുടെ പുതിയ ആരോപണം. എന്നാല്‍ ബിജെപിയുടെ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഡോ. പ്രേംകുമാര്‍.

ഇത്തരം ട്രോളുകള്‍ ടാര്‍ജറ്റ് ചെയ്തത് രാഹുലിനെയാണെന്നാലും മരച്ചുവട്ടില്‍ മരത്തിന്റെ ബെഞ്ച് കൊണ്ടിട്ട്, ലൈറ്റ് അപ്പ് ചെയ്തുറങ്ങുന്നപോല്‍ കിടന്ന്, റെഡില്‍ ഫോട്ടോ ഷൂട്ട് നടത്തി എഫ്.ബി.യില്‍ പടം പ്രചരിപ്പിക്കുന്നവര്‍ക്കാണ് സംഘി പ്രൊഫൈലുകളില്‍ നിന്ന് വരുന്ന ബര്‍ബറി ടി ഷര്‍ട്ട് ക്യാമ്പയിന്‍ ഏല്‍ക്കുന്നതെന്നും രാഹുല്‍ഗാന്ധിയെ അല്ലെന്നും പ്രേംകുമാര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജെന്യൂവിനാണ് രാഹുല്‍ ഗാന്ധി;
അടിപൊളിയാണ് ബര്‍ബറി.

കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ച് ഒരു കൊല്ലം കഴിഞ്ഞാണ് തോമസ് ബര്‍ബറി ഇംഗ്ലണ്ടില്‍ കുപ്പായക്കമ്പനി തുടങ്ങുന്നത്.

ഇരുപത് ലക്ഷം വരെ വിലയുള്ള കുപ്പായം കിട്ടാനുണ്ട് തോമാച്ചന്റെ സ്റ്റോറില്‍.

നെഹ്രുവിന്റേയും ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പിന്മുറക്കാരനായ, ഹാര്‍വാര്‍ഡിലും കാംബ്രിഡ്ജിലും പഠിച്ച, ആഗോള സ്ട്രാറ്റജി ഭീമന്‍ Monitor Deloitte London ല്‍ കരിയര്‍ തുടങ്ങിയ,
തിരികെ മുംബൈയിലെത്തി Backops Services എന്ന പേരില്‍ ടെക്നോളജി ഔട്ട് സോഴ്‌സിങ് കമ്പനി തുടങ്ങിയ രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച്, ഒരു പദയാത്രയ്ക്ക് പോവുമ്പോള്‍ നാല്‍പ്പതിനായിരം വിലയുള്ള ബര്‍ബറി ടി ഷര്‍ട്ട് എന്നത് ആര്‍ഭാടമേ അല്ല, പൊങ്ങച്ചമല്ലേയല്ല.
അങ്ങേരുടെ ഇതുവരെയുള്ള ശീലങ്ങള്‍ വെച്ചു നോക്കിയാല്‍ ലളിതമായൊരു ചോയ്‌സ് തന്നെയുമാണത്.

പുള്ളിയുടെ നിലയിലായിരുന്നെങ്കില്‍ നാല് ലക്ഷത്തിന്റെ കുപ്പായമിട്ടേനെ ഞാന്‍.

കോണ്‍ഗ്രസിനെ ഒന്നിപ്പിക്കല്‍ തല്‍ക്കാലം മാറ്റിവെച്ചെന്നാലും ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പദയാത്ര നടത്താന്‍ രാഹുല്‍ ഗാന്ധി തയാറായെന്നത് പ്രതീക്ഷകളില്ലാത്തൊരീ കാലത്ത് പ്രതീക്ഷയോടെ തന്നെ കാണാനാണെനിക്കിഷ്ടം.

വഴിയില്‍ കാണുന്ന മനുഷ്യരോട് വളരെ ജെന്യൂവിനായ് തന്നെ അദ്ദേഹം ഇടപെടുന്ന കാഴ്ചകളും മനോഹരം തന്നെ.

രാഹുലിനെപ്പോലൊരാള്‍ എവിടെയുറങ്ങുന്നു, എന്ത് ഭക്ഷണം കഴിക്കുന്നു, ഏത് കുപ്പായമിടുന്നു എന്നതൊന്നുമല്ലല്ലോ…

എന്തിനു വേണ്ടി ഇറങ്ങിപ്പുറപ്പെട്ടു എന്നതും എന്ത് പറയുന്നുവെന്നതുമാണല്ലോ കാര്യം.

ഇത് തിരിച്ചറിയാനും, സത്യസന്ധതയുണ്ടെങ്കില്‍ അതിനെ പ്രത്യഭിവാദ്യം ചെയ്യാനും ബുദ്ധിയുള്ളവര്‍ തന്നെയാണ് പൊതുജനം.
തങ്ങളവതരിപ്പിക്കുന്ന പാലാട്ട് കുഞ്ഞിക്കണ്ണന്‍ കാലത്തെ സിനിമാഭിനയങ്ങള്‍ കൊണ്ട് വിശ്വസിപ്പിക്കാന്‍ മാത്രം പാവങ്ങളാണ് നാട്ടുകാരെന്ന് ധരിച്ചു വശമായിരിക്കുന്ന കുറെ മന്ദബുദ്ധികളാണ് രാഹുലിന്റെ നല്ല നീക്കങ്ങളെ കോമാളിക്കളിയാക്കുന്നത് പലപ്പോഴും.
അവരാണ് സ്വാഗതസംഘം; അവരാണ് പി.ആര്‍. കമ്മറ്റി.
മരച്ചുവട്ടില്‍ മരത്തിന്റെ ബെഞ്ച് കൊണ്ടിട്ട്, ലൈറ്റ് അപ്പ് ചെയ്തുറങ്ങുന്നപോല്‍ കിടന്ന്, റെഡില്‍ ഫോട്ടോ ഷൂട്ട് നടത്തി എഫ്.ബി.യില്‍ പടം പ്രചരിപ്പിക്കും. രണ്ടാം സ്വാതന്ത്ര്യ സമരത്തിലെ ഗാന്ധിജിയെന്ന് കെ.പി.സി.സി. ഉപാധ്യക്ഷന്‍ തന്നെ ഉപമയെഴുതി ആര്‍ക്കും തിരിയാത്ത മട്ടില്‍ ട്രോളും.

ടാര്‍ജറ്റ് ചെയ്തത് രാഹുലിനെയാണെന്നാലും അസഹനീയമാവുന്ന ഇമ്മാതിരി കോലം കെട്ടലുകള്‍ക്കിട്ടാണ് സത്യത്തില്‍ സംഘി പ്രൊഫൈലുകളില്‍ നിന്ന് വരുന്ന ബര്‍ബറി ടി ഷര്‍ട്ട് ക്യാമ്പയിന്‍.
ജെന്യൂവിനായ് നടന്നുപോവുന്ന രാഹുലിനെ അത് സ്പര്‍ശിക്കില്ല, സ്പര്‍ശിക്കേണ്ട കാര്യമില്ല.

പക്ഷേ, അങ്ങേരെ അങ്ങനെയങ്ങ് നടന്നു പോവാന്‍ ബെഞ്ചില്‍ കിടപ്പ് ടീം സമ്മതിക്കില്ലെന്നതാണ് ദുരന്തം.
ആര്‍ഭാടത്തിന്റേതായാലും ലാളിത്യത്തിന്റേതായാലും കെട്ടുകാഴ്ചകള്‍ മാത്രമാണവര്‍ക്ക് പരിചയം; അവരുടെ വയറ്റുപ്പിഴപ്പാണത്.
എന്നെങ്കിലുമൊരു കാലത്ത് ഇക്കൂട്ടരുടെ ചുരുളിയില്‍ നിന്ന് പുറത്തുകടക്കുന്ന രാഹുലിനെ കാത്ത് വെറുതേ നില്‍ക്കുകയാണ് ഞാനും.
പ്രേംകുമാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News