PK Navas: ഹരിത മുൻ നേതാക്കള്‍ പി കെ നവാസിനെതിരെ നല്‍കിയ പരാതി ശരിവെക്കുന്ന ശബ്ദസംഭാഷണം പുറത്ത്

മുന്‍ ഹരിത(haritha) നേതാക്കള്‍ എംഎസ്എഫ്(msf) സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ(pk navas) നല്‍കിയ പരാതി ശരിവെക്കുന്ന ശബ്ദസംഭാഷണം പുറത്ത്. ഹരിതയുടെയും വനിതാ ലീഗിന്റെയും ചില നേതാക്കള്‍ യാസര്‍ എടപ്പാള്‍ എന്ന സൈബര്‍ ഗുണ്ടയുടെ നിയന്ത്രണത്തിലാണെന്ന് പി കെ നവാസിന്‍റെ ശബ്ദരേഖയില്‍ പറയുന്നു. യാസര്‍ എടപ്പാളുമായി ചേര്‍ത്ത് അപവാദ പ്രചാരണം നടത്തിയെന്നും വേശ്യയെന്ന് വിളിച്ചെന്നുമായിരുന്നു മുന്‍ ഹരിത നേതാക്കളുടെ പരാതി.

മുന്‍ ഹരിത നേതാക്കള്‍ നല്‍കിയ പരാതിയിലും കോടതിയില്‍ കൊടുത്ത മൊഴിയിലും പറഞ്ഞ കാര്യങ്ങള്‍ ശരിവെക്കുകയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിന്‍റേതായി പുറത്തുവന്ന സംഭാഷണം. ഹരിതയിലെ ചില നേതാക്കളെ നിയന്ത്രിക്കുന്നത് യാസിര്‍ എടപ്പാള്‍ എന്ന സൈബര്‍ ഗുണ്ടയാണെന്ന് 2021 ജൂണ്‍ 24ന് കോഴിക്കോട് ഹബീബ് സെന്ററില്‍ നടന്ന എം.എസ്.

എഫ് യോഗത്തില്‍ ആരോപിച്ചെന്ന് പി കെ നവാസിനെതിരായ പരാതിയില്‍ പറയുന്നുണ്ട്. ഹരിത നേതാക്കള്‍ക്ക് എഫ്.ബി. പോസ്റ്റ് എഴുതി നല്‍കുന്നത് യാസര്‍ എടപ്പാള്‍ ആണെന്നും പലരുടെയും വീഡിയോയും ചിത്രങ്ങളും യാസിറിന്റെ കയ്യിലുണ്ടെന്നും അത് പുറത്തുവിട്ടാല്‍ പലരും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും നവാസ് പറഞ്ഞെന്ന് അന്ന് യോഗത്തിലുണ്ടായിരുന്ന നജ്മ തബഷീറ നല്‍കിയ മൊഴിയില്‍ പറയുന്നു. സമാനമായ ആരോപണങ്ങളാണ് നവാസിന്‍റെതായി പുറത്തുവന്ന സംഭാഷണത്തിലും ആവര്‍ത്തിക്കുന്നത്.

യാസർ എടപ്പാളിനെ സഹായിക്കുന്നവര്‍ ഹരിതയിലുണ്ടെന്നതിലൂടെ നവാസ് ഉന്നം വെക്കുന്നത് നടപടി നേരിട്ട മുന്‍ നേതാക്കളെ തന്നെയാണെന്ന് വ്യക്തമാണ്. ഹരിത ഭാരവാഹികളുടെതുമാത്രമല്ല, വനിതാ ലീഗ് ഭാരവാഹികളുടെയും പേഴ്സണൽ റെക്കോർഡുകൾ യാസർ എടപ്പാളിന്റെ കയ്യിലുണ്ട് എന്ന് ശബ്ദ സന്ദേശത്തില്‍ പറയുന്നു.

യാസര്‍ എടപ്പാള്‍ എന്ന സൈബര്‍ പ്രൊഫൈലുമായി മുസ്ലിം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് നേരത്തേ നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ഞങ്ങളിൽ പെട്ട പലർക്കും യാസർ എടപ്പാൾ വോയിസ് അയച്ചെന്ന പി കെ നവാസിന്‍റെ പരാമര്‍ശവും വിവാദമാവുകയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here