Rajinikanth: ആപ്പിള്‍ പോലെയാണ് മമ്മൂട്ടി; മേക്കപ്പ് വേണമെന്ന് നിര്‍ബന്ധം പിടിച്ച് രജനീകാന്ത്

പൊന്നിയിന്‍ സെല്‍വന്‍ ഓഡിയോ പ്രകാശനച്ചടങ്ങിനിടെ, ദളപതി ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന രസകരമായ അനുഭവം പങ്കിട്ടിരിക്കുകയാണ് രജനീകാന്ത്(Rajinikanth). കമല്‍ഹാസനെ(Kamal Haasan) സാക്ഷിയാക്കിയാണ് മമ്മൂട്ടി(Mammootty) കൂടി കഥാപാത്രമായ കഥ അദ്ദേഹം പറഞ്ഞത്.

“മൈസൂരില്‍ ആണ് ദളപതി ഷൂട്ടിങ് തുടങ്ങുന്നത്. ഞാന്‍ ബോംബെയില്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ബോംബെയില്‍നിന്ന് ഞാന്‍ മൈസൂരില്‍ എത്തുമ്പോള്‍ രാത്രി 12 മണി ആയി. പിറ്റേ ദിവസം രാവിലെ ഷൂട്ടിനെത്തിയപ്പോഴാണ് എനിക്ക് മേക്കപ്പ് വേണ്ടെന്ന കാര്യം പറയുന്നത്. ഞാന്‍ സമ്മതിച്ചില്ല. മേക്കപ്പ് ഇല്ലാതെ പറ്റില്ല, നിങ്ങള്‍ ഫൗണ്ടേഷന്‍ ഇട്ടോളൂ. മമ്മൂട്ടിയാണ് കൂടെ അഭിനയിക്കുന്നത്. അദ്ദേഹം ആപ്പിള്‍ പോലെയാണ് ഇരിക്കുന്നത്. മേക്കപ്പ് ഒന്നും ഇടാതെ അവിടെ പോയാല്‍ പൗര്‍ണമിയും അമാവാസിയും പോലെ ഇരിക്കും. ശരി എന്ന് പറഞ്ഞിട്ട് കോസ്റ്റ്യും ഇടുന്നവര്‍ അകത്തേക്കു പോയി. പിന്നീട് വരുന്നു കോസ്റ്റ്യൂം. ലൂസ് പാന്റ്‌സും ലൂസ് ഷര്‍ട്ടും. പറ്റില്ല, ടൈറ്റ് ആക്കി കൊണ്ടുവരാന്‍ പറഞ്ഞു. അവര്‍ എങ്ങനെയൊക്കെയോ തുണിയൊക്കെ ചേര്‍ത്തുവച്ച് ടൈറ്റ് ആക്കി. അങ്ങനെ മാറ്റി തയ്ച്ച കോസ്റ്റ്യൂമും വാക്കിങ് ഷൂവും ഒക്കെ ധരിച്ച് സെറ്റിലേക്ക് പോയി.

എന്നെ കണ്ടപ്പോഴെ മണി സര്‍ ശരിക്കുമൊന്ന് നോക്കി. ‘എന്നാ സര്‍ കോസ്റ്റ്യും ഒക്കെ മാറ്റി വന്നിരിക്കുന്നത്’ എന്നു ചോദിച്ചു. ഇതേ നോട്ടം നോക്കിക്കാണ്ട് അദ്ദേഹം സന്തോഷ് ശിവനും സുഹാസിനിക്കും തോട്ട ധരണിക്കുമൊപ്പം എന്തൊക്കെയോ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഷോട്ട് എടുക്കാന്‍ കൂട്ടാക്കാതെ ഇവര്‍ ചര്‍ച്ച തുടരുകയാണ്.

എനിക്കും ശോഭനയ്ക്കുമാണ് ഷോട്ട്. ശോഭന ഭയങ്കര കുസൃതിയാണ്. അവര്‍ എന്നെക്കുറിച്ച് എന്തായിരിക്കും സംസാരിക്കുന്നതെന്ന് ശോഭനയോട് ചോദിച്ചു, ‘നിങ്ങളെ മാറ്റി ഇനി കമല്‍ഹാസനെ കൊണ്ടുവരാനാണോ ചര്‍ച്ച.’ ഇതായിരുന്നു ശോഭനയുടെ മറുപടി. കുറച്ച് കഴിഞ്ഞപ്പോള്‍ മണി സര്‍ വന്നു. ഷോട്ട് എടുക്കാമെന്ന് പറഞ്ഞു. പക്ഷേ അവര്‍ എന്റെ കോസ്റ്റ്യൂംസിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് എനിക്ക് മനസ്സിലായി. കുളത്തിന്റെ അരികില്‍ ശോഭനയോട് സംസാരിക്കുന്നതാണ് അന്ന് എടുത്ത ഷോട്ട്. രണ്ടാമത്തെ ദിവസം ഞാന്‍ മേക്കപ്പ് ഇട്ടില്ല. എനിക്ക് ആദ്യം തന്ന ആ ലൂസ് പാന്റ്‌സും ഷര്‍ട്ടും വള്ളിച്ചെരുപ്പുമിട്ട് ദളപതിയായി സെറ്റിലെത്തി.

അങ്ങനെ ആദ്യ ദിനം കഴിഞ്ഞു, രണ്ടാം ദിനം കഴിഞ്ഞു. ഷൂട്ടിങ് അതികഠിനമെന്ന് തോന്നുന്ന ദിവസങ്ങള്‍. കാരണം സ്റ്റോക്ക് വിഷ്വല്‍സ് പോലെ എനിക്കും ഉണ്ടായിരുന്നു ചില സ്റ്റോക്ക് എക്‌സ്പ്രഷന്‍സ്. കരച്ചിലിന് ഒരു എക്‌സ്പ്രഷന്‍, ചിരിക്ക്, പ്രണയത്തിന്, ദേഷ്യത്തിന്, പേടിക്കുന്നതിനൊക്കെ ഓരോ സ്റ്റോക്ക് എക്‌സ്പ്രഷന്‍! ഇതൊക്കെ കൊടുത്താലും അദ്ദേഹത്തിന് തൃപ്തിയില്ല. ഡയലോഗുകളും ഒന്നും ഓക്കെ ആകുന്നില്ല. ഫീല്‍, ഫീല്‍ വരണമെന്നാണ് മണി സര്‍ പറയുന്നത്. ഞാന്‍ ആലോചിച്ചു, ‘അതെന്ത് ഫീല്‍’. എനിക്ക് ആലോചിച്ചിട്ട് ഒരുപിടിയുമില്ല. ഇങ്ങനെ പോയാല്‍ എന്റെ കാര്യം കഷ്ടമാകുമെന്ന് ഉറപ്പിച്ചു.

അങ്ങനെ ഞാന്‍ കമലിനെ ഫോണ്‍ വിളിച്ചു. ‘കമല്‍, ഇവിടെ ഭയങ്കര കഷ്ടപ്പാടാണ്. ഒരു ഷോട്ടിന് പത്തും പന്ത്രണ്ടും ടേക്ക്. റൊമ്പ കഷ്ടം, ഇനി എന്തു ചെയ്യും.’ എന്റെ വാക്കുകള്‍ കേട്ടതും കമലിന് ചിരി. ‘എനിക്ക് ഇത് അറിയാമായിരുന്നു, ഞാനും ഇതുപോലെ തന്നെ കഷ്ടപ്പെട്ടു. ഒരു ഐഡിയ പറഞ്ഞു തരാം. സീന്‍ പറയാന്‍ വരുമ്പോള്‍, അതൊന്ന് അഭിനയിച്ച് കാണിച്ച് തരാമോ എന്ന് മണിയോട് ചോദിക്കുക. അദ്ദേഹം അഭിനയിച്ച് കാണിക്കും. അത് നമ്മള്‍ ഉള്ളിലേക്ക് ആവാഹിച്ചുവെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അങ്ങോട്ട് ഇങ്ങോട്ടും കുറച്ചു നടക്കുക. എന്നിട്ട് എവിടെയേലും മാറിയിരുന്ന് പോയി കുറച്ച് നേരം എന്തോ ചിന്തിക്കുന്നതുപോലെ ഇരുന്നിട്ട്, സര്‍ ഞാന്‍ റെഡി എന്നു പറയുക.’ ഇതായിരുന്നു കമലിന്റെ ഉപദേശം.

അങ്ങനെ മണി സാറിനോട് അഭിനയിച്ച് കാണിക്കാമോ എന്ന് ചോദിച്ചു. അദ്ദേഹം അത് വിവരിച്ചു തന്ന ശേഷം സിഗററ്റൊക്കെ വലിച്ച് സീരിയസായി രണ്ട് റൗണ്ട് നടന്ന് ഓക്കെ സര്‍ എന്നു പറഞ്ഞു. അതോടെ ഷോട്ടും ഓക്കെ. കമലിന് നന്ദി.’ രജനി ചിരിയോടെ ഓര്‍ത്ത് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News