
അന്തരിച്ച എലിസബത്ത് രാജ്ഞി(Queen Elizabeth)യോടുള്ള ആദര സൂചകമായി നാളെ (11 സെപ്റ്റംബര്‍) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക(national flag) പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും.
നാളെ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല. ദേശീയ പതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.
ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്‌കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിൽ വച്ചായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യ പ്രശ്നങ്ങൾ അവരെ അലട്ടിയിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാർത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാർത്ത അറിയിച്ചത്.
എലിസബത്തിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെ മക്കളായ ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വാർഡ് എന്നിവർ ബാൽമൊറാലിലേക്ക് എത്തിച്ചേർന്നിരുന്നു.
എലിസബത്തിന്റെ മരണത്തോടെ മൂത്തമകൻ ചാൾസ് ബ്രിട്ടന്റെ അടുത്ത രാജാവാകും.രാജ്ഞിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് ബക്കിങ്ഹാം കൊട്ടാരത്തിനും സ്‌കോട്ട്‌ലൻഡിലെ ബാൽമൊറാൽ കൊട്ടാരത്തിനടുത്തേക്കും എത്തിയത്.
ലോകത്ത് രാജവാഴ്ചയിൽ കൂടുതൽകാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണിൽ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1926 ഏപ്രിൽ 21-ന് ജോർജ് ആറാമന്റെ (ഡ്യൂക്ക് ഓഫ് യോർക്ക്) യും എലിസബത്ത് രാജ്ഞി (ഡച്ചസ് ഓഫ് യോർക്ക്) യുടെയും മകളായാണ് ജനനം.
എലിസബത്ത് അലക്‌സാൻഡ്ര മേരി വിൻഡ്‌സർ എന്നായിരുന്നു പേര്.
ജോർജ് ആറാമന്റെ പിതാവും രാജാവുമായിരുന്ന ജോർജ് അഞ്ചാമന്റെ ഭരണകാലത്തായിരുന്നു എലിസബത്തിന്റെ ജനനം.ബ്രിട്ടീഷ് കിരീടത്തിലേക്കുള്ള പിന്തുടർച്ചാവകാശത്തിൽ അമ്മാവൻ എഡ്വേഡിനും പിതാവിനും പിന്നിൽ മൂന്നാമതായിരുന്നു എലിസബത്തിന്റെ സ്ഥാനം.
ജോർജ് അഞ്ചാമന്റെ മരണത്തിന് പിന്നാലെ എഡ്വേഡ് രാജാവ് ആയെങ്കിലും വിവാഹമോചനവും അത് സംബന്ധിച്ച ഭരണഘടനാ പ്രതിസന്ധിക്കും പിന്നാലെ എഡ്വേഡ് രാജിവെച്ചു. തുടർന്ന് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ ബ്രിട്ടന്റെ സിംഹാസനത്തിലെത്തി.
അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ മൂത്തമകളായ എലിസബത്ത് അധികാരത്തിലെത്തി. 1952 ഫെബ്രുവരി ആറിനായിരുന്നു എലിസബത്ത് ഭരണത്തിലേറിയത്. 1953 ജൂൺ രണ്ടിന് കിരീടധാരണം നടന്നു. ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്റെ ഭർത്താവ്.
1947-നാണ് ഇവർ വിവാഹിതരായത്. 2021 ഏപ്രിൽ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. അടുത്ത രാജാവായ ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വാർഡ് എന്നിവരാണ് മക്കൾ. 1997-ൽ കാർ അപകടത്തിൽ മരിച്ച ഡയാന സ്പെൻസർ, ചാൾസ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു. പിന്നീട് 2005-ൽ ചാൾസ്, കാമില പാർക്കറെ വിവാഹം ചെയ്തു.
രാജ്ഞിയുടെ ആരോഗ്യസ്ഥിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണച്ചടങ്ങിന് ചരിത്രത്തിലാദ്യമായി സ്‌കോട്ട്ലൻഡ് വേദിയായിരുന്നു. ചൊവ്വാഴ്ച സ്‌കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ലിസ് ട്രസിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്.
സാധാരണമായി ബക്കിങ്ഹാം കൊട്ടാരത്തിലോ തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ വിന്റ്സർ കൊട്ടാരത്തിലോ വെച്ചാണ് രാജ്ഞി പുതിയ പ്രധാനമന്ത്രിയെ അവരോധിക്കുക. 70 വർഷത്തിലധികം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞിക്ക് ഇതിനടയിൽ ലിസ് ട്രസടക്കം 16 പ്രധാനമന്ത്രിമാരെ നിയമിക്കാൻ കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here