Queen Elizabeth ; ക്വീന്‍ എലിസബത്തിനോടുള്ള ആദര സൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം

അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ന് ഇന്ത്യയില്‍ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും.

ഇന്ന് ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല. ദേശീയ പതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളിൽ പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട് .

അതേസമയം അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും. സ്കോട്ട്ലാൻഡിലെ ബാൽമോറൽ പാലസിൽ നിന്നും റോഡ് മാർഗമാണ് എഡിൻബർഗിലെത്തിക്കുക. ഹോളിറൂഡ് ഹൗസിലാണ് മൃതദേഹം സൂക്ഷിക്കുക.

മൃതദേഹം റോഡ് മാർഗം കൊണ്ടു പോകുമ്പോൾ പൊതു ജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടാകും. എലിസബത്ത് രാജ്ഞിയുടെ മകളായ ആൻ രാജകുമാരി മൃതദേഹത്തെ അനുഗമിക്കും. ഈ മാസം പത്തൊൻപതിന് വെസ്റ്റ് മിൻസ്റ്റർ ആബേയിൽ വച്ചാണ് സംസ്കാരം.

1952 ഫെബ്രുവരി ആറിന് രാജ്ഞി പദവിയിലെത്തിയ ക്വീൻ എലിസബത്ത് ഏറ്റവും കൂടുതൽ കാലം ഭരണപദത്തിലിരുന്ന ഭരണാധികാരിയെന്ന നേട്ടം കൂടി സ്വന്തമാക്കിയാണ് ഓർമ്മയിലേക്ക് മറയുന്നത്.

ബ്രിട്ടീഷ് കിരീടത്തിലേക്കുള്ള പിന്തുടർച്ചാവകാശത്തിൽ അമ്മാവൻ എഡ്വേഡിനും പിതാവിനും പിന്നിൽ മൂന്നാമതായിരുന്നു എലിസബത്തിന്റെ സ്ഥാനം. ജോർജ് അഞ്ചാമന്റെ മരണത്തിന് പിന്നാലെ എഡ്വേഡ് രാജാവ് ആയെങ്കിലും വിവാഹമോചനവും അത് സംബന്ധിച്ച ഭരണഘടനാ പ്രതിസന്ധിക്കും പിന്നാലെ എഡ്വേഡ് രാജിവെച്ചു.

തുടർന്ന് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ ബ്രിട്ടന്റെ സിംഹാസനത്തിലെത്തി. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ മൂത്തമകളായ എലിസബത്ത് അലക്‌സാന്ദ്ര മേരി വിൻഡ്‌സർ എന്ന എലിസബത്ത് അധികാരത്തിലെത്തി.

1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് ഭരണത്തിലേറിയത്. 1953 ജൂൺ രണ്ടിന് കിരീടധാരണം നടന്നു. ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്റെ ഭർത്താവ്. അടുത്ത രാജാവായ ചാൾസ്, ആനി, ആൻഡ്രൂ, എഡ്വാർഡ് എന്നിവരാണ് മക്കൾ.
രാജ്ഞിയുടെ ആരോഗ്യസ്ഥിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണച്ചടങ്ങിന് ചരിത്രത്തിലാദ്യമായി സ്‌കോട്ട്ലൻഡ് വേദിയായിരുന്നു.

ചൊവ്വാഴ്ച സ്‌കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ലിസ് ട്രസിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. സാധാരണമായി ബക്കിങ്ഹാം കൊട്ടാരത്തിലോ തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ വിന്റ്സർ കൊട്ടാരത്തിലോ വെച്ചാണ് രാജ്ഞി പുതിയ പ്രധാനമന്ത്രിയെ അവരോധിക്കുക.

70 വർഷത്തിലധികം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞിക്ക് ഇതിനടയിൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസടക്കം 16 പ്രധാനമന്ത്രിമാരെ നിയമിക്കാൻ കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിലും രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.

എലിസബത്ത് രജ്ഞി ഓർമ്മയാകുമ്പോൾ ഒരു യുഗമാണ് അവസാനിക്കുന്നത്. ഏറ്റവും കൂടുതൽ കാലം ഭരണപദത്തിലിരുന്ന ഭരണാധികാരിയെന്ന നേട്ടം കൂടി സ്വന്തമാക്കിയാണ് എലിസബത്തിൻറെ വിട വാങ്ങൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News