പള്ളിയോടം മറിഞ്ഞ് കാണാതായ രാഗേഷിനായി തെരച്ചില്‍ തുടരുന്നു | AchanKovil River

അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായ രാഗേഷിനായുള്ള തെരച്ചിൽ ആരംഭിച്ചു. നേവി, ഫയർഫോ‍ഴ്സ്, പൊലീസ് സംഘങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. പള്ളിയോടം മറിഞ്ഞുള്ള അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. ചെന്നിത്തല സ്വദേശിയും പ്ലസ്ടു വിദ്യാർഥിയുമായ ആദിത്യനും ചെറുകോൽ സ്വദേശി വിനീഷുമാണ് മരിച്ചത്.

ആഹ്ലാദത്തിമിർപ്പിലായിരുന്നു ചെന്നിത്തല ഗ്രാമം. ചെന്നിത്തല പള്ളിയോടത്തെ ആറന്മുള ഉതൃട്ടാതി ജലമേളയ്‌ക്ക്‌ യാത്രയാക്കാൻ നാടൊഴുകിയെത്തി. എന്നാൽ, ആർപ്പുവിളിയും വായ്‌ക്കുരവയും വഞ്ചിപ്പാട്ടും നിമിഷനേരം കൊണ്ട്‌ കണ്ണീരിനു വഴിമാറി.

പ്രദക്ഷിണ ചടങ്ങിന്‌ നീങ്ങിയ പള്ളിയോടം അച്ചൻകോവിലാറിലെ വലിയപെരുമ്പുഴ കടവിൽ മറിഞ്ഞതോടെ ചെറുവള്ളങ്ങളിലും മറ്റും എത്തിയവർ കുറെപേരെ കരയിലെത്തിച്ചു. ചിലർ നീന്തി രക്ഷപ്പെട്ടു. വള്ളത്തിൽ പിടിച്ചുകിടന്നവരെ രക്ഷപ്പെടുത്തി വള്ളം കരയ്‌ക്കെത്തിച്ചു. അവശരായ 10- പേരെ പരുമല ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. കരയെത്തിയവർ പരസ്‌പരം തിരിച്ചറിഞ്ഞാണ് മൂന്നുപേരെ കാണാനില്ലെന്ന നിഗമനത്തിൽ എത്തിയത്.

ആറൻമുള ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കാൻ ഏറ്റവും ദൂരം താണ്ടിയെത്തുന്നത്‌ ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടമാണ്‌. കഴിഞ്ഞ ഒന്നിനാണ് നീരണിഞ്ഞത്. പരിചയസമ്പന്നരായ 65 പേർക്ക് പള്ളിയോടത്തിൽ കയറാം.

നിലയാൾ അഞ്ച്‌, അമരത്ത് ഏഴ്‌, കാറ്റ് മറ അഞ്ച്‌, ചുണ്ടത്ത് -11 എന്നിങ്ങനെയാണ്‌ കണക്ക്‌. ഇരുവശത്തായി ഓരോ പടിയിലുമുള്ള തുഴച്ചിൽക്കാർക്കിരിക്കാം. ശനി രാവിലെ 8.05ന് അച്ചൻകോവിലാറ്റിൽ പ്രദക്ഷിണം വച്ച് കരയ്‌ക്കെത്തിയ ശേഷമാണ്‌ ആറൻമുളയ്‌ക്ക്‌ പുറപ്പെടേണ്ടിയിരുന്നത്‌.

ചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയ നൂറ് കണക്കിനാളുകൾക്ക്‌ ഇപ്പോഴും നടുക്കമൊഴിയുന്നില്ല. സംഭവമറിഞ്ഞതോടെ ചെന്നിത്തല വലിയപെരുമ്പുഴ പ്രദേശം ജനസാഗരമായി.ആറന്മുള ഉതൃട്ടാതി ജലോത്സത്തിൽ പങ്കെടുക്കാൻ തിരിച്ച ചെന്നിത്തല പള്ളിയോടത്തിൽ അച്ഛൻ സതീശനൊപ്പം കടവിൽ വഴിപാടുസ്വീകരിച്ച് കയറിയതാണ്‌ ആദി.

വള്ളം മറിഞ്ഞപ്പോൾ മകൻ മുങ്ങിത്താഴുന്നത് കണ്ടെങ്കിലും കുത്തൊഴുക്കിൽ ഒന്നുംചെയ്യാനായില്ല. അവനും രക്ഷപ്പെട്ട് കരയിലെത്തിക്കാണുമെന്ന സതീശന്റെ പ്രതീക്ഷ വെറുതെയായി. ചെന്നിത്തല 17-ാം വാർഡിൽ തെക്കുംമുറി പരിയാരത്തെ വീട്ടിൽ സതീശൻ– ശ്രീകല ദമ്പതികളുടെ ഏകമകനാണ്‌ പള്ളിയോടം മുങ്ങി മരിച്ച ആദിത്യൻ (ആദി -18). പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന മകന്റെ വേർപാടറിഞ്ഞ ശ്രീകല കുഴഞ്ഞുവീണു.

മറ്റം സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌ടു കഴിഞ്ഞ്‌ തിങ്കളാഴ്‌ച ആലപ്പുഴ കാർമൽ പോളിടെക്‌നിക്കിൽ പ്രവേശനത്തിന്‌ തയാറെടുക്കുകയായിരുന്നു ആദിത്യൻ. സതീശൻ പ്രവാസ ജീവിതത്തിനു ശേഷം ഇലക്‌ട്രീഷ്യനായി ജോലി നോക്കുകയാണ്‌.

സജി ചെറിയാൻ എംഎൽഎ, എം എസ് അരുൺകുമാർ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News