ഏഷ്യയുടെ രാജാക്കന്‍മാരെ ഇന്നറിയാം | ASIA CUP

ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാർ ആരെന്ന് ഇന്നറിയാം. ടൂർണമെൻറിന്റെ ഫൈനലിൽ ശ്രീലങ്കയും പാകിസ്ഥാനും ഏറ്റുമുട്ടും. രാത്രി 7:30 ന് ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് മത്സരത്തിൽ തോൽവിയോടെ തുടങ്ങിയ മരതകദ്വീപുകാർ തുടർ ജയങ്ങളുമായാണ് ഫൈനലിലേക്ക് ചുവടു വച്ചത്. സൂപ്പർ ഫോറിൽ ഇന്ത്യയോട് പകരം വീട്ടിയ പാക് പടക്ക് ശ്രീലങ്കയുടെ മുന്നിൽ എല്ലാം പിഴച്ചു.

അതിവേഗ ക്രിക്കറ്റിലെ പ്രതിഭാശാലികളുടെ നീണ്ട നിര തന്നെയാണ് ദസുൻ ഷനക ക്യാപ്റ്റനായശ്രീലങ്കൻ ടീമിന്റെ കരുത്ത്. കുശാൽ മെൻഡിസും പത്തും നിസംഗയും ഗുണതിലകയും ധനഞ്ജയ ഡിസിൽവയും ഭനുക രജപക്സെയും ഉൾപെടുന്ന ബാറ്റിംഗ് നിരയ്ക്ക് ആഴവും പരപ്പും ഏറെ.

വനിന്ദു ഹസറങ്കയെന്ന സൂപ്പർ ഓൾ റൌണ്ടറുടെ സാന്നിധ്യം ടീമിന് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. മധുശങ്കയും തീക്ഷണയും മധുഷനുമാണ് ബോളിംഗ് ഡിപ്പാർട്ട്മെന്റിന്റെ ചുമതല. 5 വട്ടം ഏഷ്യാ കപ്പിൽ ജേതാക്കളായ ശ്രീലങ്കൻ ടീമിന്റെ ലക്ഷ്യം ആറാം കിരീടമാണ്.

അതേസമയം സൂപ്പർ ഫോറിൽ ശ്രീലങ്കയോടേറ്റ തോൽവിക്ക് ഫൈനലിൽ ആരാധകർക്ക് മുന്നിൽ പാകിസ്താന് കണക്ക് തീർക്കണം. ബാറ്റർമാരുടെ സ്ഥിരതയില്ലാത്ത പ്രകടനവും താളം തെറ്റിയ ബോളിംഗുമാണ് ടീമിന് തലവേദന. മുഹമ്മദ് റിസ്വാനും നസിം ഷായും മിന്നും ഫോം ആവർത്തിച്ചാൽ ചരിത്രത്തിലെ മൂന്നാം ഏഷ്യാ കപ്പുമായി ബാബർ അസമിനും സംഘത്തിനും മടങ്ങാം.

5 മത്സരങ്ങളിൽ നിന്നും ഒരു സെഞ്ചുറി ഉൾപ്പെടെ 276 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ടൂർണമെന്റിലെ റൺ നേട്ടക്കാരിൽ ഒന്നാമതുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 226 റൺസുള്ള പാകിസ്താന്റെ മുഹമ്മദ് റിസ്വാൻ രണ്ടാമതാണ്.

5 മത്സരങ്ങളിൽ നിന്നും ആകെ 11 വിക്കറ്റുകൾ നേടിയ ഇന്ത്യയുടെ ഭുവനേശ്വർ കുമാറാണ് വിക്കറ്റ് നേട്ടക്കാരിൽ മുന്നിൽ. ഇത്രയും മത്സരങ്ങളിൽ നിന്നും 8 വിക്കറ്റുള്ള പാകിസ്താന്റെ മുഹമ്മദ് നവാസാണ് തൊട്ടുപിന്നിൽ. ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരുടെ പട്ടാഭിഷേകത്തിനായി ദുബായ് സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News