ഭാരത് ജോഡോ യാത്ര കേരളത്തിലെത്തുമ്പോള്‍ പൊതുശത്രു ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്ര കേരളത്തിലെത്തുമ്പോള്‍ പൊതുശത്രു ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ കോണ്‍ഗ്രസ്. കേരളത്തിലെ സാഹചര്യം ഉപയോഗിച്ച് ഇന്ത്യ പിടിക്കാമെന്ന മൂഢസ്വര്‍ഗത്തിലാണ് നേതാക്കള്‍.

സ്വയം അപ്രസക്തമാക്കിയ രാഷ്ട്രീയ ഭാവി തിരിച്ച് പിടിച്ച് ജനഹൃദയങ്ങളില്‍ തിരികെയെത്താനുള്ള കോണ്‍ഗ്രസ് പദയാത്രയുടെ 150ല്‍ 19 ദിവസം കൊച്ചുകേരളത്തിലാണ്. ബിജെപിയുടെ മോഡല്‍ സ്റ്റേറ്റുകളില്‍ തൊട്ടു, തൊട്ടില്ല എന്ന നിലയിലും. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ആരംഭശൂരത്വം പിന്നീട് കെട്ടുപോകുമെന്ന് യാത്രയുടെ ചാര്‍ട്ടിങ്ങില്‍ തന്നെ ഉറപ്പിച്ചിരിക്കുകയാണ് നേതൃത്വം. മോദി സര്‍ക്കാരിനെതിരായ രാഹുലിന്റെ വീറ് സൗത്തിന്ത്യ കടന്നാല്‍ മൃദു ഹിന്ദുത്വമായി മാറുമോ എന്ന സംശയം പ്രവര്‍ത്തകര്‍ക്ക് പോലുമുണ്ട്.

കേരളത്തിലെത്തിക്കഴിഞ്ഞതോടെ പദയാത്രയുടെ മുദ്രാവാക്യത്തില്‍ മാറ്റം വരികയാണ്. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള യാത്രയ്ക്കിടെ പോലും സിപിഐഎം അടക്കമുള്ള മതേതരകക്ഷികളെ കടന്നാക്രമിക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. 20ല്‍ 19 സീറ്റ് കയ്യിലുള്ള കേരളം തന്നെ വീണ്ടും ലക്ഷ്യം വയ്ക്കുകയാണ് കോണ്‍ഗ്രസ്. പഴയ ശക്തിദുര്‍ഗങ്ങളില്‍ തിരികെയെത്തുകയെന്ന സ്വപ്നം മറന്നിരിക്കുക്കയാണ് ആലസ്യത്തിലമര്‍ന്ന നേതൃത്വം. എന്നാല്‍ ഇതുവരെ കടന്നുകയറാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ ശക്തി വര്‍ധിപ്പിക്കാനാണ് ബിജെപി നീക്കം.

ഉത്തര്‍ പ്രദേശില്‍ നിന്ന് തോറ്റോടി കേരളത്തില്‍ അഭയം തേടിയവരുടെ യാത്ര മതേതര ചേരിക്ക് വിള്ളലുണ്ടാക്കുകയല്ലാതെ മറ്റ് ചലനങ്ങള്‍ സൃഷ്ടിക്കുകയില്ലെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News