Ashokan Charuvil: ഭാരത് ജോഡോ യാത്രയെ നയിക്കാന്‍ പോയിട്ട് അതില്‍ ഉള്‍പ്പെടാനുള്ള യോഗ്യത പോലും കോണ്‍ഗ്രസിനുണ്ടോ എന്നതാണ് ചോദ്യം; അശോകന്‍ ചരുവിലിന്റെ കുറിപ്പ് ശ്രദ്ധേയം

ഭാരത് ജോഡോയാത്ര കേരളത്തിലേക്ക് പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന്റെ(Adoor Gopalakrishnan) പരാമര്‍ശത്തെക്കുറിച്ചുള്ള അശോകന്‍ ചരുവിലിന്റെ(Ashokan Charuvil) കുറിപ്പ് ശ്രദ്ധേയമാവുന്നു. ഇന്ത്യയിലെ എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളും, മാനവികതയും ജനാധിപത്യവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഒന്നിച്ചു ചേരേണ്ട ഒരു ചരിത്രഘട്ടമാണ് ഇത്. പക്ഷേ ഈ മുന്നേറ്റത്തെ നയിക്കാന്‍ പോയിട്ട് അതില്‍ ഉള്‍പ്പെടാന്‍ പോലുമുള്ള നയമോ കഴിവോ നേതൃത്തമോ സംഘടനാ ശേഷിയോ കോണ്‍ഗ്രസ്സിനുണ്ടോ എന്നതാണ് അന്തരീക്ഷത്തില്‍ ഉയരുന്ന പ്രധാന ചോദ്യം.

ഇടതുപാര്‍ട്ടികളും പല സംസ്ഥാനങ്ങളിലേയും പ്രാദേശിക രാഷ്ട്രീയപാര്‍ടികളും തങ്ങളുടെ ജനാധിപത്യസഖ്യങ്ങളില്‍ കോണ്‍ഗ്രസ്സിനെ ഉള്‍പ്പെടുത്തുവാന്‍ ഭയപ്പെടുന്നുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ടി പിന്തുടരുന്ന നയവും അതിന്റെ നേതാക്കള്‍ സ്ഥിരമായി പുലര്‍ത്തുന്ന ബി.ജെ.പി. ആഭിമുഖ്യവുമാണ് ഈ ഭയത്തിനു കാരണമെന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ശ്രീ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോയാത്ര ഇന്ന് കേരളത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ യാത്രയെ പാറശ്ശാലയില്‍ ചെന്ന് കേരളാ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ സ്വീകരിക്കേണ്ടതായിരുന്നു എന്ന് ലോക പ്രസിദ്ധ ചലച്ചിത്രകാരനായ ശ്രി.അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

അടൂര്‍ സാറിന്റെ ഈ അഭിപ്രായം സമുന്നതനായ ഒരു കലാകാരന്‍ എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ മാനവികബോധത്തില്‍ നിന്ന് ഉയര്‍ന്നതാണെന്നാണ് ഞാന്‍ കരുതുന്നത്. ഒരു മതഭീകര ഫാസിസ്റ്റ് കക്ഷി ഭരിക്കുന്ന രാജ്യത്തെ കലാ സാഹിത്യ പ്രവര്‍ത്തകര്‍ ജനാധിപത്യ മതേതര രാഷ്ട്രീയ പാര്‍ടികളിലും അവരുടെ സഖ്യത്തിലും പ്രതീക്ഷയര്‍പ്പിക്കുന്നത് സ്വാഭാവികമാണ്. കമ്യൂണിസ്റ്റുവിരോധം മാത്രം അവലംബമാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തേയും അതിന്റെ ഗുണ്ടാനേതാവായ കെ.സുധാകരനേയും മുന്‍നിര്‍ത്തി ഇന്ത്യയില്‍ ഉയര്‍ന്നു വരേണ്ട മതേതര ജനാധിപത്യ സഖ്യത്തെ തള്ളിപ്പറയാന്‍ അവര്‍ക്കു കഴിയില്ല.

ഇന്ത്യയിലെ എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളും, മാനവികതയും ജനാധിപത്യവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഒന്നിച്ചു ചേരേണ്ട ഒരു ചരിത്രഘട്ടമാണ് ഇത്. പക്ഷേ ഈ മുന്നേറ്റത്തെ നയിക്കാന്‍ പോയിട്ട് അതില്‍ ഉള്‍പ്പെടാന്‍ പോലുമുള്ള നയമോ കഴിവോ നേതൃത്തമോ സംഘടനാ ശേഷിയോ കോണ്‍ഗ്രസ്സിനുണ്ടോ എന്നതാണ് അന്തരീക്ഷത്തില്‍ ഉയരുന്ന പ്രധാന ചോദ്യം. ഇടതുപാര്‍ട്ടികളും പല സംസ്ഥാനങ്ങളിലേയും പ്രാദേശിക രാഷ്ട്രീയപാര്‍ടികളും തങ്ങളുടെ ജനാധിപത്യസഖ്യങ്ങളില്‍ കോണ്‍ഗ്രസ്സിനെ ഉള്‍പ്പെടുത്തുവാന്‍ ഭയപ്പെടുന്നുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ടി പിന്തുടരുന്ന നയവും അതിന്റെ നേതാക്കള്‍ സ്ഥിരമായി പുലര്‍ത്തുന്ന ബി.ജെ.പി. ആഭിമുഖ്യവുമാണ് ഈ ഭയത്തിനു കാരണം. മൃദു ഹിന്ദുത്വത്തിന്റേയും സാമ്രാജ്യത്വ മൂലധന ദാസ്യത്തിന്റേയും ന്യൂനപക്ഷ വേട്ടയുടേയും അടിയന്തിരാവസ്ഥാ ഭീകരതയുടേയും എണ്ണമറ്റ അഴിമതി പരമ്പരകളുടേയും ചരിത്രമുള്ള കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന മുന്നണിയെ ജനങ്ങള്‍ നിരാകരിക്കുമെന്ന് അവര്‍ ശങ്കിക്കുന്നു.

ബി.ജെ.പി. എന്ന പാര്‍ട്ടിയും അവരുടെ സര്‍ക്കാരും മുന്നോട്ടു വെക്കുന്ന മതഭീകരതയും വിഭജനതന്ത്രവും അവര്‍ പിന്തുടരുന്ന സാമ്രാജ്യത്വനയങ്ങള്‍ പ്രയോഗിക്കാനുള്ള നിലമൊരുക്കല്‍ മാത്രമാണ്. രാജ്യത്തെ സാമാന്യജനതയെ കൊള്ളയടിക്കാനുള്ള ഈ നയപരിപാടികള്‍ ഇന്ത്യയില്‍ ആദ്യം നടപ്പാക്കിയത് കോണ്‍ഗ്രസ്സാണ്. കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി ബി.ജെ.പി.യാണ് രാജ്യം ഭരിക്കുന്നത്. കോണ്‍ഗ്രസ്സ് പ്രതിപക്ഷത്താണ്. ഇത്രയും കാലത്തിനിടക്ക് തങ്ങള്‍ നടപ്പാക്കിയ സാമ്പത്തിക ചൂഷണ നയങ്ങളെ തള്ളിപ്പറയാനോ ജനങ്ങളോട് മാപ്പു ചോദിക്കാനോ ആ പാര്‍ടി തയ്യാറായിട്ടില്ല. ബി.ജെ.പിയുടെ രാഷ്ട്രീയ ഹിന്ദുത്വ ഭീകരതക്കെതിരായ ഒരു പരിപാടി ആവിഷ്‌ക്കരിക്കാനും കഴിഞ്ഞിട്ടില്ല. എന്തിന്, തങ്ങള്‍ക്ക് ജനാധിപത്യത്തില്‍ അധിഷ്ടിതമായ ഒരു സംഘടനയോ സമര്‍പ്പണ മനസ്സുള്ള ഒരു നേതാവോ ഉണ്ടെന്ന് പോലും തെളിയിക്കാനായിട്ടില്ല. ബി.ജെ.പി.ക്ക് അനുദിനം നേതാക്കളേയും പ്രവര്‍ത്തകരേയും സംഭാവന ചെയ്യുന്ന ഒരു രാഷ്ടീയപാര്‍ടിയെ ആരു വിശ്വസിക്കാനാണ്.

രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പ്രവര്‍ത്തകരുമെത്ത് പ്രചരണം നടത്തി നടക്കുക എന്നത് ഒരു വലിയ കാര്യമാണ്. പക്ഷേ അത് അല്പമെങ്കിലും ഫലവത്താകണമെങ്കില്‍ തങ്ങള്‍ക്ക് ബി.ജെ.പി.ക്ക് എതിരായ ഒരു നയമുണ്ടെന്ന് കോണ്‍ഗ്രസ്സ് പ്രഖ്യാപിക്കണം. ഒരു ബദല്‍ സാമ്പത്തികപരിപാടി മുന്നോട്ടു വെക്കാനുണ്ടെന്ന് പറയണം. സര്‍വ്വോപരി ദേശീയ സമരവിരുദ്ധരായ ഒരു മതവര്‍ഗീയ ഭീകരകക്ഷിയെ ഭരണത്തില്‍ കൊണ്ടുവരുന്നതിന് കാരണമാക്കിയ തങ്ങളുടെ മുന്‍കാല ഭരണത്തേയും ചെയ്തികളേയും തള്ളിപ്പറയുകയും ജനങ്ങളോട് മാപ്പു ചോദിക്കുകയും വേണം.

ഇനിയുള്ള ഏതാനും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി സഞ്ചരിക്കുക കേരളത്തിലൂടെയാണല്ലോ. നിലവിലുള്ള ഫെഡറല്‍ സംവിധാനത്തിന്റെ സാധ്യതകള്‍ (പരിമിതികളും) ഉപയോഗപ്പെടുത്തി, ബി.ജെ.പി.നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുന്ന ഒരു ബദല്‍ മുന്നോട്ടുവെച്ചുള്ള ഭരണമാണ് കഴിഞ്ഞ ആറു വര്‍ഷമായി കേരളത്തില്‍ നടക്കുന്നത്. ഇത് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഇവിടത്തെ ജനങ്ങള്‍ അംഗീകരിച്ചതുമാണ്. ഈ ബദലിനെ അംഗീകരിക്കാനും ശ്ലാഘിക്കാനും ബഹുമാനപ്പെട്ട രാഹുല്‍ഗാന്ധി തന്റെ യാത്രക്കിടയില്‍ തയ്യാറാവണം. മാത്രമല്ല, യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഓഫീസില്‍ ചെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കാനും അദ്ദേഹം തയ്യാറാവണം.
ഭാരത് ജോഡോയാത്രക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
അശോകന്‍ ചരുവില്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News