‘ഭാരത്‌ ജോഡോ’ വേദിയിലിരിക്കാന്‍ കസേര കിട്ടിയില്ല; പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി കെ മുരളീധരൻ

 രാഹുൽഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ കെ മുരളീധരൻ എംപിക്ക്‌ വേദി നിഷേധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുരളീധരൻ മത്സരിച്ച നേമം മണ്ഡലത്തിലെ സ്വീകരണത്തിനിടെയാണ്‌ അദ്ദേഹത്തെ കോൺഗ്രസ്‌ നേതൃത്വം അപമാനിച്ചത്‌. നീരസം വ്യക്തമാക്കിയ മുരളീധരൻ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി.

വേദിയിൽ ആരെല്ലാമുണ്ടാകണമെന്ന്‌ തീരുമാനിക്കുന്നത്‌ അതാത്‌ ഡിസിസികളാണ്‌. എന്നാൽ, കെ സി വേണുഗോപാലിന്റെ  നിർദേശ പ്രകാരമാണ്‌ ഇവർ വേദിയിൽ ഇരിക്കേണ്ട നേതാക്കളെ നിശ്ചയിക്കുന്നത്‌. വൈകിട്ട്‌ ആറിനായിരുന്നു നേമത്തെ സ്വീകരണം.

മുരളീധരനെക്കാൾ താരതമ്യേന ജൂനിയർ നേതാക്കൾ വേദിയിലിരിക്കെയാണ്‌ സുരക്ഷാചുമതലയുള്ളവർ മുരളീധരനെ തടഞ്ഞത്‌. പാർലമെന്റ്‌ അംഗമാണെന്നറിയിച്ചിട്ടും കടത്തിവിട്ടില്ല. ഇതോടെയാണ്‌ മുരളീധരൻ വേദി വിട്ടത്‌. വീട്ടിലേക്ക്‌ മടങ്ങിയ മുരളീധരനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടങ്ങിയെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കരുത്തനായ സ്ഥാനാർഥിയെ വേണമെന്ന്‌ ഡിസിസി നേതൃത്വം ആവശ്യപ്പെട്ടാണ്‌ വടകര എംപിയായ മുരളീധരൻ നേമത്ത്‌ മത്സരിക്കാനെത്തിയത്‌. ആ തന്നോട്‌ അതേ മണ്ഡലത്തിൽ മോശമായി പെരുമാറിയെന്ന ചിന്തയാണ്‌ മുരളിക്കുള്ളത്‌.

ബിജെപിയെ തോൽപ്പിക്കാൻ ഇനി സ്റ്റേജിലുള്ളവർ തന്നെ രംഗത്തിറങ്ങട്ടെയെന്നാണ്‌ അടുത്ത വൃത്തങ്ങളോട്‌ മുരളി പ്രതികരിച്ചത്‌. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ആയതിനാൽ മാത്രം അടുത്ത ദിവസങ്ങളിലും പങ്കെടുക്കുമെന്നാണ്‌ മുരളീധരൻ ഇപ്പോൾ നിലപാട്‌ വ്യക്തമാക്കിയിരിക്കുന്നത്‌. അതേസമയം, സംഭവത്തിലുള്ള നീരസം പരസ്യമായി പ്രകടിപ്പിക്കാൻ തന്നെയാണ്‌ മുരളീധരന്റെ തീരുമാനം.

കേരളത്തിലെ ആദ്യ ദിനം തന്നെ വിവാദത്തില്‍ കുടുങ്ങി ഭാരത് ജോഡോ യാത്ര

കേരളത്തിലെ ആദ്യ ദിനം തന്നെ വിവാദത്തില്‍ കുടുങ്ങി ഭാരത് ജോഡോ യാത്ര. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാതെ രാഹുല്‍ ഗാന്ധി. ഇതിനെതിരെ  വിമര്‍ശനവുമായി ശശി തരൂര്‍ രംഗത്തെത്തി. വിഷയത്തില്‍ മാപ്പ് പറഞ്ഞ് തടിയൂരി നേതൃത്വം. കസേര കിട്ടാത്തതിനാല്‍ പിണങ്ങി വേദിവിട്ടിറങ്ങി കെ മുരളീധരന്‍. രണ്ടാം ദിനം തുടരുന്ന യാത്ര ഇന്ന് തിരുവനന്തപുരം നഗരത്തില്‍ പ്രവേശിക്കും.

രാഹുലിനെതിരെ സംഘാടകർ പരസ്യപ്രതിഷേധം ഉയർത്തുമെന്ന സ്ഥിതി വന്നതോടെ കെപിസിസി നേതൃത്വം മാപ്പ്‌ പറഞ്ഞ്‌ തടിയൂരി.  എന്നാൽ രാഹുൽ ഗാന്ധി എത്താത്തതിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും ശശി തരൂർ  എംപിയും അതൃപ്‌തി പ്രകടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്‌ ഭാരത്‌ജോഡോ യാത്രയെ കേരളത്തിലെ ആദ്യദിവസം തന്നെ വിവാദത്തിലാക്കി.  നേമത്തെ സ്വീകരണകേന്ദ്രത്തിൽ ഇരിപ്പിടം കിട്ടാത്തതിനെ തുടർന്ന്‌ മുരളീധരൻ വേദിവിട്ടിറങ്ങിയതും യാത്രയ്‌ക്ക്‌ മങ്ങലേൽപ്പിച്ചു.

സ്വാതന്ത്ര്യ സമര സേനാനികളായ ഗാന്ധിയൻ പി ഗോപിനാഥൻ നായർ, കെ ഇ മാമൻ എന്നിവരുടെ നെയ്യാറ്റിൻകരയിലെ  സ്‌മൃതി മണ്ഡപം അനാച്ഛാദനം ചെയ്യാമെന്ന്‌ നേരത്തെ രാഹുൽ ഉറപ്പുനൽകിയിരുന്നു.  കോൺ​ഗ്രസ് നേതാക്കളായ ശശി തരൂർ എംപി, എം എം ഹസ്സൻ, കെ മുരളീധരൻ, വി എസ് ശിവകുമാർ, പാലോട് രവി തുടങ്ങിയവർ രാഹുൽ എത്തുമെന്ന് കരുതി കാത്തുനിന്നു.

ഗോപിനാഥൻ നായരുടെ ഭാര്യ എൺപത്‌ പിന്നിട്ട സരസ്വതിയമ്മയടക്കം സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും  എത്തി. വൈകിട്ട്‌ നാലിനായിരുന്നു ചടങ്ങ്‌ നിശ്ചയിച്ചിരുന്നത്‌. സമയം കഴിഞ്ഞിട്ടും രാഹുൽ എത്തിയില്ല.

ഉദ്‌ഘാടനത്തിന്‌ എത്താൻ സമയമില്ലെന്ന്‌ സംഘാടകരെ അറിയിക്കുകയായിരുന്നു. ഇതോടെ സംഘാടകർ കെപിസിസി നേതൃത്വത്തെ പരാതി അറിയിച്ചു. ഇതോടെയാണ്‌ കെപിസിസി നേതൃത്വം മാപ്പ്‌ പറഞ്ഞ്‌ തടിയൂരിയത്‌.  രാഹുലിനെ നിയന്ത്രിക്കുന്ന കെ സി വേണുഗോപാലിന്റെ ഏകാധിപത്യ നടപടികളാണ്‌ യാത്രയെ വിവാദത്തിലാക്കുന്നതെന്ന്‌ നേതാക്കൾ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News