കലൂര്‍ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും

സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കുത്തിയയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. തമ്മനം സ്വദേശി സജുനാണ് മരിച്ചത്. പ്രതി കിരൺ ആൻ്റണിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മുൻ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു.ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ കിരൺ ആൻ്റണി ഒരു പോസ്റ്റിട്ടതാണ്  പ്രശ്നങ്ങളുടെ തുടക്കം. പോസ്റ്റിട്ടത് ചോദ്യം ചെയ്യാനായി സജുനും സംഘവും കിരൺ ആൻ്റണിയുടെ കലൂരിലെ വീടിനു സമീപമെത്തി.

ഇരുവരും തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കളിയിലും പിന്നീട് സജുനിൻ്റെ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.ഇവർ തമ്മിൽ രണ്ട് വർഷമായി തർക്കത്തിലാണെന്നും മുൻ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

28 കാരനായ സജുൻ തമ്മനം സ്വദേശിയാണ്.  അക്രമത്തിനിടെ പരുക്കേറ്റ കിരണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി വിട്ടാൽ ഉടൻ കിരണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

വീടുകയറി ആക്രമിക്കാനെത്തിയ സജുൻ ഉൾപ്പെടെയുള്ളവരുമായി ഉണ്ടായ സംഘർഷത്തിനിടെ കലൂർ ചമ്മണി റോഡ് പുളിക്കൽ വീട്ടിൽ കിരൺ ആൻറണിയാണ് (24) കുത്തിയത്. സംഘം ചേർന്ന് വീട് ആക്രമിച്ചവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 11 പേർക്കെതിരെയാണ് കേസെടുത്തത്.

 കലൂർ, വൈറ്റില ഭാഗങ്ങളിൽ താമസിക്കുന്നവരാണ് പ്രതികൾ. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇവർ ഒളിവിലാണ്. കിരൺ, ഇയാളുടെ മാതാപിതാക്കൾ, സഹോദരൻ കെവിൻ, അയൽവാസി ജിനീഷ് എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുക്കും. പ്രതികളെ കണ്ടെത്തി ഇവരുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതടക്കം പൊലീസ് ആലോചിക്കും.

സംഘർഷം കണ്ട് ചെന്ന ചക്കരപ്പറമ്പ് വെള്ളായി വീട്ടിൽ അശ്വിൻ അയ്യൂബ്(25) എന്ന യുവാവിനും പരിക്കേറ്റിരുന്നു. തന്നെ ആളുമാറി ആക്രമിച്ചതാണെന്നാണ് ഇയാളുടെ മൊഴി. കിരണിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here