ADVERTISEMENT
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട് വാരാണാസി ജില്ലാ കോടതി ഇന്ന് നിര്‍ണായക വിധി പറയും. അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയെ ചോദ്യം ചെയ്തുകൊണ്ട് അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ജില്ലാ ജഡ്ജി എ.കെ.വിശ്വേശയാണ് വിധി പറയുക.
ആരാധനയ്ക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന വിചാരണ നിലനില്‍ക്കുമോയെന്നും ഹര്‍ജി ന്യായമായ കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണോയെന്നും ജില്ലാ കോടതി തീരുമാനം അറിയിക്കും. കേസില്‍ ഇരുവിഭാഗത്തിന്റെ വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ മാസം 24-നാണ് വിധി പറയാനായി മാറ്റിവെച്ചത്.
കീഴ്‌ക്കോടതിയില്‍ നിന്ന് വാരാണാസി ജില്ലാ കോടതിയിലേക്ക് കേസ് സുപ്രീംകോടതിയാണ് മാറ്റിയത്. ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍വേ നടത്തി വീഡിയോ പകര്‍ത്താന്‍ ഏപ്രില്‍ മാസം വാരാണസി കോടതി ഉത്തരവിട്ടിരുന്നു. പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മിതി കണ്ടെത്തിയെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഹരജിക്കാരുടെ അവകാശവാദങ്ങള്‍ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്നും ശിവലിംഗമല്ലെന്നും വാദിച്ചു. അതേസമയം, വിധി പറയുന്ന പശ്ചാത്തലത്തില്‍ വാരാണാസിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.