ഭാരത്‌ ജോഡോ യാത്ര; സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യാതെ രാഹുല്‍ ഗാന്ധി; പരസ്യപ്രതിഷേധവുമായി സംഘാടകര്‍

ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യാൻ രാഹുൽ ഗാന്ധി തയ്യാറാകാത്തതിൽ പ്രതിഷേധം. രാഹുലിനെതിരെ സംഘാടകർ പരസ്യപ്രതിഷേധം ഉയർത്തുമെന്ന സ്ഥിതി വന്നതോടെ കെപിസിസി നേതൃത്വം മാപ്പ്‌ പറഞ്ഞ്‌ തടിയൂരി.

എന്നാൽ രാഹുൽ ഗാന്ധി എത്താത്തതിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും ശശി തരൂർ  എംപിയും അതൃപ്‌തി പ്രകടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്‌ ഭാരത്‌ജോഡോ യാത്രയെ കേരളത്തിലെ ആദ്യദിവസം തന്നെ വിവാദത്തിലാക്കി.  നേമത്തെ സ്വീകരണകേന്ദ്രത്തിൽ ഇരിപ്പിടം കിട്ടാത്തതിനെ തുടർന്ന്‌ മുരളീധരൻ വേദിവിട്ടിറങ്ങിയതും യാത്രയ്‌ക്ക്‌ മങ്ങലേൽപ്പിച്ചു.

സ്വാതന്ത്ര്യ സമര സേനാനികളായ ഗാന്ധിയൻ പി ഗോപിനാഥൻ നായർ, കെ ഇ മാമൻ എന്നിവരുടെ നെയ്യാറ്റിൻകരയിലെ  സ്‌മൃതി മണ്ഡപം അനാച്ഛാദനം ചെയ്യാമെന്ന്‌ നേരത്തെ രാഹുൽ ഉറപ്പുനൽകിയിരുന്നു.  കോൺ​ഗ്രസ് നേതാക്കളായ ശശി തരൂർ എംപി, എം എം ഹസ്സൻ, കെ മുരളീധരൻ, വി എസ് ശിവകുമാർ, പാലോട് രവി തുടങ്ങിയവർ രാഹുൽ എത്തുമെന്ന് കരുതി കാത്തുനിന്നു.

ഗോപിനാഥൻ നായരുടെ ഭാര്യ എൺപത്‌ പിന്നിട്ട സരസ്വതിയമ്മയടക്കം സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും  എത്തി. വൈകിട്ട്‌ നാലിനായിരുന്നു ചടങ്ങ്‌ നിശ്ചയിച്ചിരുന്നത്‌. സമയം കഴിഞ്ഞിട്ടും രാഹുൽ എത്തിയില്ല.

ഉദ്‌ഘാടനത്തിന്‌ എത്താൻ സമയമില്ലെന്ന്‌ സംഘാടകരെ അറിയിക്കുകയായിരുന്നു. ഇതോടെ സംഘാടകർ കെപിസിസി നേതൃത്വത്തെ പരാതി അറിയിച്ചു. ഇതോടെയാണ്‌ കെപിസിസി നേതൃത്വം മാപ്പ്‌ പറഞ്ഞ്‌ തടിയൂരിയത്‌.  രാഹുലിനെ നിയന്ത്രിക്കുന്ന കെ സി വേണുഗോപാലിന്റെ ഏകാധിപത്യ നടപടികളാണ്‌ യാത്രയെ വിവാദത്തിലാക്കുന്നതെന്ന്‌ നേതാക്കൾ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here