സഭാനാഥന്‍ ഷംസീര്‍; നിയമസഭയുടെ 24-ാം സ്പീക്കറായി എ എന്‍ ഷംസീര്‍

കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എൻ ഷംസീറിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

ഷംസീറിന് 96 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർഥിയായ അൻവർ സാദത്തിന് 40 വോട്ടുകളും ലഭിച്ചു.  ഇതിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഷംസീറിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു.

കേരള നിയമസഭയുടെ 24–-ാമത്‌ സ്‌പീക്കറായാണ്  എ എൻ ഷംസീർ ചുമതലയേറ്റത്.  ആർ ശങ്കരനാരായണൻ തമ്പിയായിരുന്നു ആദ്യ സ്‌പീക്കർ. വക്കം പുരുഷോത്തമനും, തേറമ്പിൽ രാമകൃഷ്‌ണനും രണ്ടുതവണ സ്‌പീക്കറായി. ഡെപ്യുട്ടി സ്‌പീക്കർമാരായിരുന്ന എ നബീസത്ത്‌ ബീവി, ആർ എസ്‌ ഉണ്ണി, കെ എം ഹംസകുഞ്ഞ്‌, കെ നാരായണ കുറുപ്പ്‌, എൻ സുന്ദരൻ നാടാൻ എന്നിവർ കുറച്ചുകാലത്തേയ്‌ക്ക്‌ സ്‌പീക്കറുടെ ചുമതല വഹിച്ചിട്ടുണ്ട്‌.

വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ അഡ്വ എ എൻ ഷംസീർ പൊതുരംഗത്തെത്തിയത്‌. കണ്ണൂർ സർവകലാശാല യൂനിയൻ പ്രഥമ ചെയർമാനായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രണ്ണൻകോളേജിൽ നിന്ന്‌ ഫിലോസഫി ബിരുദവും പാലയാട്‌ ക്യാമ്പസിൽ നിന്ന്‌ നരവംശശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട്‌ സ്‌കൂൾ ഓഫ്‌ ലീഗൽ സ്‌റ്റഡീസിലാണ്‌ എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കിയത്‌.

സമരമുഖങ്ങളിൽ തീപ്പന്തമായി ജ്വലിച്ചുനിന്ന എ എൻ ഷംസീറിനെ കേരളം മറന്നിട്ടില്ല. പ്രൊഫഷനൽ കോളേജ്‌ പ്രവേശന കൗൺസിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്റെ ക്രൂര മർദനത്തിനിരയായി. കള്ളക്കേസിൽ കുടുക്കി 94 ദിവസം ജയിലിലടച്ചു. 1999ൽ ധർമടം വെള്ളൊഴുക്കിൽവെച്ച്‌ ആർഎസ്‌എസ്‌ അക്രമത്തിനിരയായി. അന്ന്‌ തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്‌. മലബാർ കാൻസർസെന്ററിലെത്തുന്ന അർബുദരോഗികളുടെ കണ്ണീരൊപ്പാൻ രൂപീകരിച്ച ആശ്രയചാരിറ്റബിൾ സൊസൈറ്റിവർക്കിങ്ങ്‌ ചെയർമാനാണ്‌.

2016 ൽ  34117 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്‌ ആദ്യമായി നിയമസഭാംഗമായത്‌. 2021ൽ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു. തലശേരിയുടെ വികസനത്തിൽ ഭാവനാപൂർണമായ ഒട്ടേറെ പദ്ധതികൾക്ക്‌ തുടക്കമിടാനും പൂർത്തിയാക്കാനും സാധിച്ചു. തലശേരി കലാപകാലത്ത്‌ ഏറെ പ്രയാസം അനുഭവിച്ചതാണ്‌ ഷംസീറിന്റെ കൊടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്‌. റിട്ട. സീമാൻ പരേതനായ കോമത്ത്‌ ഉസ്‌മാന്റെയും എ എൻ സറീനയുടെയും മകൻ. ഭാര്യ: ഡോ. പി എം സഹല (കണ്ണൂർ സർവകലാശാല ഗസ്‌റ്റ്‌ ലക്‌ചർ). മകൻ: ഇസാൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here