ഇഗ സ്വിയാടെക് യുഎസ്‌ ഓപ്പൺ വനിതാ ചാമ്പ്യൻ

ആഷ്‌ലി ബാർടിയും സെറീന വില്യംസും വിരമിച്ച വനിതാ ടെന്നീസിൽ പുതിയ യുഗം തുടങ്ങുകയായി. അത്‌ പോളിഷുകാരി ഇഗ സ്വിയാടെക്കിന്റേതാണ്‌. യുഎസ്‌ ഓപ്പൺ ടെന്നീസിൽ വനിതാ സിംഗിൾസ്‌ കിരീടം സ്വന്തമാക്കി ഇരുപത്തൊന്നുകാരി വരാനിരിക്കുന്ന വസന്തകാലത്തിന്റെ സൂചനകൾ നൽകി. ഫൈനലിൽ ടുണീഷ്യയുടെ ഓൺസ്‌ ജാബിയറെ 6–-2, 7–-6ന്‌ തോൽപ്പിച്ചു.

ഇഗയുടെ ആദ്യ യുഎസ്‌ ഓപ്പൺ കിരീടമാണ്‌. ഈ നേട്ടം കൈവരിക്കുന്ന ആദ്യ പോളണ്ടുകാരി. മൂന്നാമത്തെ ഗ്രാൻഡ്‌ സ്ലാം കിരീടം. രണ്ടുതവണ ഫ്രഞ്ച്‌ ഓപ്പൺ നേടിയിട്ടുണ്ട്‌. ആർതർ ആഷേ സ്‌റ്റേഡിയത്തിലെ വിജയത്തോടെ ഒട്ടേറെ ബഹുമതികളാണ്‌ സ്വന്തമാക്കിയത്‌. ആദ്യ മൂന്ന്‌ ഗ്രാൻഡ്‌ സ്ലാം കിരീടം സ്വന്തമാക്കുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ കളിക്കാരിയാണ്‌. ആദ്യത്തേത്‌ മരിയ ഷറപോവയായിരുന്നു. ആദ്യ മൂന്ന്‌ കിരീടവും നേരിട്ടുള്ള സെറ്റുകൾക്ക്‌ ജയിച്ച രണ്ടാമത്തെ താരമെന്ന റെക്കോഡും സ്വന്തം. അമേരിക്കയുടെ ലിൻഡ്‌സേ ഡാവൻപോർട്ടാണ്‌ ആദ്യതാരം.

ഫൈനലിൽ സാധ്യത ഇഗയ്ക്കായിരുന്നു. മികച്ച സെർവും ഗ്രൗണ്ട്‌ സ്‌ട്രോക്കുകളുമായി ആദ്യ സെറ്റ്‌ അനായാസം നേടി. രണ്ടാംസെറ്റിൽ ജാബിയർ തിരിച്ചുവരവിന്‌ ശ്രമിച്ചു. എന്നാൽ, ഇഗയുടെ ഷോട്ടുകളുടെ വൈവിധ്യത്തിനുമുന്നിൽ ജാബിയർ അടിയറവ്‌ പറഞ്ഞു. തുടർച്ചയായി രണ്ടാംഗ്രാൻഡ്‌ സ്ലാം ഫൈനലിലാണ്‌ ഇരുപത്തെട്ടുകാരി തോൽക്കുന്നത്‌. വിംബിൾഡണിലും നിരാശയായിരുന്നു. കിരീടപ്പോരാട്ടത്തിന്‌ അർഹത നേടിയ ആദ്യ ആഫ്രിക്കൻ താരമാണ്‌.

ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ബാർടിയുടെ അപ്രതീക്ഷിത വിരമിക്കലോടെയാണ്‌ ഇഗ ഒന്നാംറാങ്ക്‌ ഉറപ്പിച്ചത്‌. തുടർച്ചയായി 37 മത്സരങ്ങൾ ജയിച്ച്‌ റാങ്കിങ്ങിന്‌ ആധികാരികത നൽകി. ഈ നൂറ്റാണ്ടിൽ മറ്റൊരു താരത്തിനും സാധ്യമാകാത്ത നേട്ടം. വിംബിൾഡൺ മൂന്നാംറൗണ്ടിലെ തോൽവിയാണ്‌ ഇഗയുടെ ജൈത്രയാത്ര തടഞ്ഞത്‌. രണ്ട്‌ ഗ്രാൻഡ്‌ സ്ലാം അടക്കം ഏഴ്‌ കിരീടങ്ങളാണ്‌ ഈ സീസണിൽ. 2014ൽ സെറീന വില്യംസിനുമാത്രമാണ്‌ ഇത്‌  സാധ്യമായത്‌. ചുരുങ്ങിയ ടെന്നീസ്‌ ജീവിതത്തിനിടെ 10 കിരീടങ്ങളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News