ആശുപത്രിയിൽ പവർകട്ട്; യു പിയിൽ രോഗിയ്ക്ക് മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ചികിത്സ

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉത്തര്‍പ്രദേശില്‍ വികസനം വന്നുവെന്ന യോഗിയുടെ വാദങ്ങള്‍ക്ക് പിന്നാലെ മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ രോഗിയെ പരിശോധിക്കുന്ന ഡോക്ടറുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പവര്‍ കട്ടിനെ തുടര്‍ന്ന് ഇരുട്ടിലായ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ രോഗിയെ പരിശോധിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഒരു മണിക്കൂറോളം രോഗികള്‍ക്ക് മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നത് എന്ന് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു രോഗിയെ സ്‌ട്രെക്ചറില്‍ ആശുപത്രിയിലെത്തിക്കുന്നതും ഇവരെ പരിശോധിക്കുന്നതിനിടക്ക് ഒരാള്‍ ടോര്‍ച്ച് ലൈറ്റ് കാണിച്ചുകൊടുക്കുന്നതും ഇതിന് പിന്നാലെ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലാണ് സംഭവം.

ആശുപത്രിയില്‍ കറന്റ് പോകുമ്പോള്‍ പ്രവര്‍ത്തിക്കാന്‍ ജനറേറ്റര്‍ ഉണ്ടെന്നും എന്നാല്‍ ബാറ്ററികള്‍ ലഭിക്കാന്‍ സമയമെടുത്തതാണ് ആശുപത്രിയില്‍ വൈദ്യുതി ലഭിക്കാതിരിക്കാന്‍ കാരണമായതെന്നാണ് ഓര്‍ത്തോപീഡിക് സര്‍ജനും ചീഫ് ഇന്‍ ചാര്‍ജുമായ ഡോ.ആര്‍.ഡി.റാം പറയുന്നത്.ജനറേറ്ററില്‍ ബാറ്ററി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, ബാറ്ററികള്‍ മോഷണം പോകാന്‍ എപ്പോഴും സാധ്യതയുണ്ട്. അതിനാല്‍ മാറ്റിവെക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ഉത്തര്‍പ്രദേശ് വികസനത്തിന്റെ പാതയിലാണെന്നും മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ പല രീതിയിലും വികസിച്ചുവെന്നും നിരന്തരം യോഗി ആദിത്യനാഥ് അവകാശവാദമുന്നയിക്കുന്നതിന് പിന്നാലെയാണ് ഈ സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here