എലിസബത്ത് രാജ്ഞിയെഴുതിയ കത്ത് സിഡ്നിയിലെ നിലവറക്കുള്ളിൽ; തുറന്ന് വായിക്കുക 63വര്‍ഷത്തിന് ശേഷം മാത്രം

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ശേഷം രാജ കുടുംബവുമായി ബന്ധപ്പെട്ട രസകരവും അമ്പരപ്പിക്കുന്നതുമായ നിരവധി കഥകളാണ് ചർച്ചയാകുന്നത്. രാജാവിന് ലഭിക്കുന്ന പ്രത്യേക അധികാരങ്ങളും നിയന്ത്രണങ്ങളുമടക്കം രാജാകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ ലോകം ഉറ്റുനോക്കുകയാണ്. അത്തരത്തിൽ എലിസബത്ത് രാജ്ഞിയെഴുതിയെ ഒരു കത്തും ഇപ്പോൾ ചർച്ചയാകുകയാണ്.

പക്ഷെ ആ കത്തിലെന്തെന്നറിയാന്‍ ഇനിയും ഒരുപാട് വര്‍ഷം കാത്തിരിക്കണം കേട്ടോ . ഒന്നോ രണ്ടോ അല്ല, ഇനിയും 63 വര്‍ഷങ്ങള്‍ കാത്തിരിക്കണം. അതായത് 2085ല്‍ മാത്രമേ കത്ത് തുറന്നുവായിക്കാന്‍ സാധിക്കൂ.

സിഡ്‌നിയിലെ ചരിത്രപരമായ കെട്ടിടത്തിലെ ഗ്ലാസ് കൊണ്ട് നിര്‍മിച്ച രഹസ്യ അറയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. സിഡ്‌നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് 1986ലാണ് എലിസബത്ത് രാജ്ഞി സ്വന്തം കൈപ്പടയില്‍ എഴുതിയത്. കത്തിന്റെ ഉള്ളടക്കം എന്താണെന്ന് രാജ്ഞിയുടെ അടുത്ത ബന്ധുക്കള്‍ക്കോ പേഴ്‌സണല്‍ സ്റ്റാഫിനോ പോലും അറിയില്ല.

സിഡ്‌നിയിലെ മേയറെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുള്ളത്. 2085ല്‍ ഉചിതമായ ഒരു ദിവസം തിരഞ്ഞെടുത്ത് കത്ത് തുറന്നുവായിക്കുക, സിഡ്‌നിയിലെ ജനങ്ങളെ അറിയിക്കുകയെന്നാണ് നിര്‍ദേശം. രാജ്ഞിയുടെ ഒപ്പും ഇതിനൊപ്പമുണ്ട്.

രാഷ്ട്രത്തലവയെന്ന നിലയില്‍ പതിനാറ് തവണയാണ് എലിസബത്ത് ഓസ്‌ട്രേലിയ സന്ദര്‍ശിച്ചത്. ഓസ്‌ട്രേലിയയിലെ ജനങ്ങളുടെ മനസ്സില്‍ എലിസബത്ത് രാജ്ഞിക്ക്‌ സവിശേഷ സ്ഥാനമുണ്ടെന്ന് അവരുടെ മരണത്തിന് പിന്നാലെ പ്രധാനമന്ത്രി അന്തോണി ആല്‍ബനീസ് പറഞ്ഞിരുന്നു.

സെപ്തംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. എലിബസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ 19ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here