തെരുവുനായ ശല്യം പരിഹരിക്കാൻ സർക്കാരിന്റെ ദ്രുതകർമ്മ പദ്ധതി

തെരുവുനായശല്യം പരിഹരിക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.അടിയന്തര നടപടിയുടെ ഭാഗമായി മാസ് വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ആരംഭിക്കുമെന്ന് തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

തെരുവുനായ ശല്യത്തെ നേരിടേണ്ടത് രണ്ടുതരത്തിലാണ്. അടിയന്തരമായ ചില നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. ജനങ്ങളുടെ ഭീതി സ്വാഭാവികമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. അതിന് ദീര്‍ഘകാല നടപടികള്‍ കൂടി സ്വീകരിക്കേണ്ടതുണ്ട്. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തത്. മറ്റുകാര്യങ്ങളെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് രാജേഷ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെരുവുനായകള്‍ക്ക് മാസീവ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്താന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ ഇരുപതു മുതല്‍ ഒക്ടോബര്‍ ഇരുപതുവരെയാണ് ഇത് നടപ്പാക്കുക. വാക്‌സിനേഷനു വേണ്ടി ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയ്ക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനം വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്‍കി.

നായയെ പിടികൂടാന്‍ പരിശീലനം ലഭിച്ചിട്ടുള്ള നിലവിലെ ആളുകളെ ഉപയോഗിച്ച് വാക്‌സിനേഷന്‍ ആരംഭിക്കും. മാത്രമല്ല, കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കും. കൊവിഡ് കാലത്ത് രൂപവത്കരിച്ച സന്നദ്ധസേനയില്‍നിന്ന് തത്പരരായ ആളുകള്‍ക്ക് പരിശീലനം നല്‍കും. കുടുംബശ്രീ ലഭ്യമാക്കുന്ന ആളുകള്‍ക്കും പരിശീലനം നല്‍കുമെന്ന് രാജേഷ് പറഞ്ഞു.

പരിശീലനം സെപ്റ്റംബര്‍ മാസം തന്നെ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് വെറ്ററിനറി സര്‍വകലാശാലയുടെ സഹായം തേടും. അതിന് അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒന്‍പതു ദിവസത്തെ പരിശീലനമാണ് നല്‍കുക. ഈ അതിതീവ്ര വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍, തെരുവുനായയുടെ കടിയേറ്റാലും അത് അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കില്ല എന്ന് ഉറപ്പുവരുത്താനാകും. വാക്‌സിന്‍ അടിയന്തരമായി വാങ്ങുന്നതിനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തെരുവുനായകള്‍ക്ക് ഷെല്‍ട്ടറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി രാജേഷ് പറഞ്ഞു. നേരത്തെ ബ്ലോക്ക് തലത്തില്‍ ഷെല്‍ട്ടറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് പകരം പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടറുകള്‍ ആരംഭിക്കും. ലഭ്യമായ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News