‘കേരള രാഷ്ട്രീയ ചരിത്രത്തിലെ മികച്ച സ്പീക്കർമാരുടെ നിരകളിലേക്ക് ഉയരട്ടെ’; ഷംസീറിന് ആശംസകളുമായി ടി വി രാജേഷ്

കേരള നിയമസഭയുടെ 24ാമത് സ്പീക്കറായി സ്ഥാനമേറ്റ എ എൻ ഷംസീറിന് ആശംസകൾ അറിയിച്ച്‌ ടി വി രാജേഷ്. ഏറെ അഭിമാനവും അതിലുപരി സന്തോഷവും തോന്നുന്ന നിമിഷങ്ങൾ എന്നാണ് ടി വി രാജേഷ് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നത്. ഒരു സുഹൃത്തെന്നതിൽ ഉപരി ഒരു സഹപ്രവർത്തകൻ കേരളത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നിയമസംവിധാനത്തിന്റെ തലപ്പത്ത് എത്തിയത് ഏറെ സന്തോഷത്തോടുകൂടിയാണ് ടി വി രാജേഷ് നോക്കികാണുന്നത്.

ഇരുവരും തമ്മിൽ വിദ്യാർത്ഥി രാഷ്ട്രീയ കാലം തൊട്ടുള്ള സൗഹൃദമാണ് നിലനിൽക്കുന്നത്. 1993 ലെ യൂണിവേഴ്സിറ്റി കലോത്സവ കാലത്താണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം തുടങ്ങുന്നത്. പിന്നീട് അവിടുന്ന്
ടി വി രാജേഷ് ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റപ്പോൾ ജോയിന്റ് സെക്രട്ടറിയായി ഷംസീറും ഉണ്ടായിരുന്നു കൂടെ.

ഏത് വേദികളിലും നിലപാടുകൾ കൃത്യമായും വ്യക്തമായും അവതരിപ്പിക്കാനുള്ള തന്റെ പ്രിയ സഖാവ് ഷംസീറിന്റെ പ്രാവിണ്യത്തെയും വിസ്മരിക്കാൻ ടി വി രാജേഷ് മറന്നില്ല. ത്രിപുര മുൻ മുഖ്യമന്ത്രിയും സിപിഐഎമ്മിനിന്റെ മുതിർന്ന പോളിറ്റ് ബ്യുറോ അംഗവുമായ മണിക്ക് സർക്കാരുമായി നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങളും രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

May be an image of 3 people, people standing and indoor

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

സഖാവ് എ എൻ ഷംസീർ കേരള നിയമസഭയുടെ 24ാമത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികമായ സന്തോഷവും അഭിമാനവുമുണ്ട്.
ഏതാണ്ട് മൂന്നു പതിറ്റാണ്ടു കാലമായി സമര സംഘടന പ്രവർത്തനങ്ങളിൽ സുഹൃത്തും സഖാവുമാണ് ഷംസീർ. വിദ്യാർത്ഥി രാഷ്ട്രീയ കാലം തൊട്ടുള്ള നിരവധിയായ ഓർമ്മകൾ വ്യക്തിപരമായി എനിക്ക് എടുത്തു പറയാനുണ്ട്. തീഷ്ണമായ സമര പോരാട്ട സഹവർത്തിത്വത്തിന്റെയും ഹൃദയപൂർവമായ സൗഹൃദത്തിന്റെയും ആ ഓർമ്മകളോരോന്നും ഞങ്ങൾ ഇരുവരുടെയും വ്യക്തിത്വത്തെ രൂപപ്പെടുത്തിയ ഏടുകളാണ്.

കൃത്യമായി ഓർത്തു പറയുകയാണെങ്കിൽ 1993 ലെ യൂനിവേഴ്സിറ്റി കലോത്സവ കാലത്താണ്
ഷംസീറുമായി ആഴത്തിലുള്ള സൗഹൃദം സ്ഥാപിക്കപ്പെടുന്നത്. ഞാൻ അന്ന് പയ്യന്നൂർ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും യുനിവേഴ്സിറ്റി യൂനിയൻ കൗൺസിലറും. ഷംസീർ തലശേരി ബ്രണ്ണൻ കോളേജിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധിയും പ്രീ ഡിഗ്രി വിദ്യർത്ഥിയും. കണ്ണൂർ ജില്ലയുടെ രണ്ടറ്റത്തു നിന്നുമുള്ള ഞങ്ങളുടെ കലോത്സവകാല സഹവാസം രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഒരുമിച്ച് മുന്നോട്ട് നടക്കാനുള്ള കരുത്തു പകർന്നു.

പാർട്ടി കണ്ണൂർ ജില്ലാക്കമ്മിറ്റി ഓഫീസിലുൾപ്പെടെയുള്ള ഒരുമിച്ചു താമസത്തിന്റെയും ഒരുമിച്ചുള്ള യാത്രകളുടെയും നിരവധിയായ സൗഹൃദ വേളകളും ഇപ്പോൾ മനസ്സിലെത്തുന്നു.
ഞാൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു ഷംസീർ.
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഒരു കാലഘട്ടത്തെ ഉഴുതുമറിച്ച വിദ്യാർത്ഥി യുവജന പോരാട്ടങ്ങളുടെ എണ്ണമറ്റ അനുഭവങ്ങളും ആ നിലക്ക് എടുത്ത് പറയാനുണ്ട്.

പ്രബുദ്ധവും പ്രക്ഷോഭകരവുമാണ് ഷംസീറിന്റെ രാഷ്ട്രീയ ജീവതം. ഏത് വേദികളിലും നിലപാടുകൾ കൃത്യമായും വ്യക്തമായും അവതരിപ്പിക്കാനുള്ള അവഗാഹമുണ്ട്. ആഴവും പരപ്പുമേറിയ അറിവും ഭാഷാമികവുമുണ്ട്. എൻഡിടിവി
ഉൾപ്പെടെയുള്ള ദേശീയ വാർത്താ മാധ്യമങ്ങളിലൂടെയൊക്കെ ശ്രദ്ധേയമായ ഷംസീറിന്റെ വീറുറ്റ രാഷ്ട്രീയ ചർച്ച വൈഭവവത്തെക്കുറിച്ചും പ്രത്യേകം പറയേണ്ടതില്ല.

നിയമ സഭാ സാമാജികനെന്ന നിലയിലും തിളക്കമാർന്ന പ്രവർത്തനം കാഴ്ച വെച്ചു കൊണ്ടിരിക്കവേയാണ് കേരള നിയമസഭയുടെ നാഥനായിത്തന്നെ ഷംസീർ തെരഞ്ഞെടുക്കപ്പെടുന്നത്.
അതുകൊണ്ട് ജനാധിപത്യ രാഷ്ട്രീയ സംവാദങ്ങളെ നിയന്ത്രിക്കുവാനും നിർണ്ണയിക്കുവാനുമുള്ള അദ്ദേഹത്തിന്റെ പ്രാഗൽഭ്യത്തെക്കുറിച്ചും ആർക്കും സംശയമുണ്ടാവില്ല. ഏതു വെല്ലുവിളികൾ നിറഞ്ഞ മുഹുർത്തത്തെയും അസാധാരണ കൈയ്യടക്കത്തോടെ നേരിടാനും വരുതിയിലാക്കാനും അദ്ദേഹത്തിന് കഴിയുമെന്ന കാര്യത്തിലും രണ്ടഭിപ്രായമില്ല.

സമര പോരാളിയായും സമാജികനായും സാമാജികരുടെ നായകനായും പൊതു രാഷ്ട്രീയ പ്രവർത്തനത്തിന്റെ
പുതിയൊരു തലത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രിയ സഖാവിന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.
മുൻഗാമികളുടെ മുതിർന്ന രാഷ്ട്രീയാനുഭവങ്ങളാരോന്നും സ്വായത്തമാക്കി കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയും കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ച സ്പീക്കർമാരുടെ നിരകളിലേക്ക് അദ്ദേഹത്തിനും ഉയരാൻ കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട് ഒരിക്കൽക്കൂടി ആശംസകൾ, അഭിവാദ്യങ്ങൾ.

അതേസമയം, കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സഭയുടെ സമസ്ത മേഖലയിലും ചെറുപ്പത്തിന്‍റെ പ്രസരിപ്പ് ഉണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷംസീറിന് അഭിനന്ദനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശനുമെത്തി. ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്കെന്നെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. പ്രതിപക്ഷ അവകാശം സംരക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.  മുന്‍ സ്‍പീക്കര്‍ എം ബി രാജേഷിന്‍റെ പ്രവര്‍ത്തനങ്ങളെയും വി ഡി സതീശന്‍ അഭിനന്ദിച്ചു. രാജേഷ് മികച്ച സ്പീക്കറായിരുന്നെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.

സ്‍പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്തുമാണ് മത്സരിച്ചത്. ഷംസീറിന്  96 വോട്ടും അൻവർ സാദത്തിന് 40 വോട്ടുമാണ് കിട്ടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here