മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുതുകാടിന്റെ പടംവരച്ചു ; ഭിന്നശേഷിക്കുട്ടികളുടെ കളേഴ്‌സ് ഓഫ് ലൗ പരിപാടിക്ക് ആവേശകരമായ സമാപനം

ഭിന്നശേഷിക്കുട്ടികളുടെ ചിത്രങ്ങൾ വരച്ചും വരപ്പിച്ചും ചിത്രകലയുടെ വിസ്മയ ലോകം സൃഷ്ടിച്ച കളേഴ്‌സ് ഓഫ് ലൗ എന്ന ദ്വിദിന പരിപാടിക്ക് വർണാഭമായ സമാപനം. മാജിക് അക്കാദമിയും കേരള കാർട്ടൂൺ അക്കാദമിയും എക്‌സോട്ടിക് ഡ്രീംസും സംയുക്തമായി മാജിക് പ്ലാനറ്റിൽ സംഘടിപ്പിച്ച പരിപാടിയുടെ സമാപന ചടങ്ങാണ് മന്ത്രി കെ.എൻ ബാലഗോപാൽ മജീഷ്യൻ മുതുകാടിന്റെ ക്യാരിക്കേച്ചർ വരച്ച് ഉദ്ഘാടനം ചെയ്തത്.

പടംവരയ്ക്കാനറിയില്ലെന്ന് പറഞ്ഞ മന്ത്രി തൊപ്പിവച്ച മുതുകാടിന്റെ ക്യാരിക്കേച്ചർ വരച്ചപ്പോൾ ഭിന്നശേഷിക്കുട്ടികൾക്കും കാണികൾക്കും അതൊരു വിസ്മയമായി മാറുകയായിരുന്നു. മാനവികതയുടെ മാതൃകയായി എടുത്തുകാട്ടാവുന്ന വലിയൊരു സംരംഭത്തിനാണ് മജീഷ്യൻ മുതുകാട് നേതൃത്വം നൽകുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മാജിക് റിയലിസം നടക്കുന്നത് ഇവിടെയാണെന്നും ഭിന്നശേഷിക്കുട്ടികളെ സ്വയംപര്യാപ്തരാക്കാനുള്ള ഡിഫറന്റ് ആർട് സെന്ററിന്റെ ശ്രമം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ, ഇൻകംടാക്‌സ് ജോയിന്റ് കമ്മീഷണർ സജീവ് ബാലകൃഷ്ണൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സുധീർനാഥ്, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ വരച്ച ചിത്രങ്ങൾക്കുള്ള പ്രതിഫലം മന്ത്രി വിതരണം ചെയ്തു. ചിത്രകാരൻ ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിൽ പാവകളിയും നടന്നു.
ഇന്നലെ രാവിലെ മുതൽ കേരള കാർട്ടൂൺ അക്കാദമിയിലെയും എക്‌സോട്ടിക് ഡ്രീംസിലേയും അമ്പതോളം വരുന്ന കലാകാരന്മാർ ഭിന്നശേഷിക്കുട്ടികൾക്കായുള്ള ചിത്രകലാ പരിശീലനത്തിന് നേതൃത്വം നൽകി.

എല്ലാ കുട്ടികളുടെയും ചിത്രങ്ങൾ ക്യാരിക്കേച്ചർ രൂപത്തിൽ വരയ്ക്കുകയും അത് സമ്മാനമായി നൽകുകയും ചെയ്തിരുന്നു. കുട്ടികളുടെ ചിത്രകലാ പരിശീലനം കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ തുടർന്നും നൽകുമെന്നും കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News