മത്സ്യത്തൊഴിലാളിക്ക് ബോട്ടിൽ വെടിയേറ്റ സംഭവം; ബാലിസ്റ്റിക് പരിശോധനാ ഫലം കാത്ത് പൊലീസ്

കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ ബാലിസ്റ്റിക് പരിശോധനാ ഫലം കാത്ത് പൊലീസ്. വെടിയുണ്ട ഇന്‍സാസ് തോക്കില്‍ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ നാവികസേനയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവികസേനയുടെ ഫയറിംഗ് പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദ്രോണാചാര്യയിലെത്തി ബാലിസ്റ്റിക് പരിശോധന നടത്തിയിരുന്നു. പരിശോധനാഫലം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെവന്ന നിഗമനത്തിലാണ് പൊലീസ്.

വെടിയുണ്ട ഉതിര്‍ത്തത് ഇന്‍സാസ് തോക്കില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവ നേവി മാത്രമല്ല, പൊലീസും ഉപയോഗിക്കുന്ന റൈഫിളുകളാണ്. വെടിയുണ്ട എത്തിയ ദിശ നോക്കിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മൊഴിയനുസരിച്ച് വെടിയുണ്ട വന്നത് ദ്രോണാചാര്യയുടെ ദിശയില്‍ നിന്നാണെന്നും പൊലീസ് പറയുന്നു.

അതേസമയം, സംഭവ സമയം സമീപത്തു കടന്നുപോയ കപ്പലുകളെ കേന്ദ്രീകരിച്ചാണ് നാവികസേനയുടെ അന്വേഷണം. മാത്രമല്ല, വെടിയേറ്റ മത്സ്യത്തൊഴിലാളി സഞ്ചരിച്ച ബോട്ടിന്‍റെ ജിപിഎസ് ഉള്‍പ്പെടെ നേവി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന്‍റെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്നാവശ്യപ്പെട്ട് കേരള ഐക്യവേദി മത്സ്യത്തൊഴിലാളി യൂണിയന്‍ രംഗത്തെത്തി. പ്രതിരോധസേനയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പുറത്തുവരണമെങ്കില്‍ ഉന്നതതല അന്വേഷണം വേണമെന്ന് സംഘടനാ പ്രസിഡന്‍റ് ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു.
വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തില്‍ നേവി ഉറച്ചുനില്‍ക്കുന്നതോടെ ബാലിസ്റ്റിക് പരിശോധനാഫലത്തിന് ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് പൊലീസും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News