ഭാരത് ജോഡോ യാത്രയും അധ്യക്ഷ തെരഞ്ഞെടുപ്പും കോൺഗ്രസിന് പുതിയ അവസരങ്ങൾ; രൂക്ഷ വിമർശനവുമായി ശശി തരൂർ

കോൺഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ. ഹൈക്കമാൻഡ് കൾച്ചർ ഒഴിവാക്കി കൂട്ടായ നേതൃത്വം കെട്ടിപ്പടുക്കാനാണ് തെരഞ്ഞെടുപ്പെന്നും നിർദേശം. ദ ഹിന്ദു പത്രത്തിലെ ലേഖനത്തിലാണ് കോൺഗ്രസ് എംപിയുടെ വിമർശനം.

ഭാരത് ജോഡോ യാത്രയും അധ്യക്ഷ തെരഞ്ഞെടുപ്പും കോൺഗ്രസിന് മുന്നിലെ പുതിയ അവസരങ്ങളാണ് എന്ന തലക്കെട്ടിൽ എഴുതിയ ശശി തരൂർ ലേഖനമാണ് ചർച്ചയാകുന്നത്. കോൺഗ്രസിൽ സംഭവിക്കുന്ന ഈ രണ്ട് സംഭവവികാസങ്ങളും പാർട്ടിയെ കെട്ടുറപ്പോടെ നയിക്കാനുള്ള നേതൃത്വം നിർമിച്ചെടുക്കുമെന്നാണ് തരൂരിൻ്റെ വാദം.

പാർട്ടി അധികാരങ്ങളിൽ നിന്ന് നെഹ്റു കുടുംബത്തെ മാറ്റി പുറത്ത് നിന്നുമൊരാൾ കോൺഗ്രസിനെ നയിക്കട്ടെയെന്ന ആലോചനയെ തുടർന്നാണ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് പാർട്ടി നീങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ചുമതല ഏറ്റെടുക്കുന്ന അധ്യക്ഷൻ നെഹ്റു കുടുംബത്തിന് കീഴിലെ റബ്ബർ സ്റ്റാമ്പായി മാറുമെന്ന വിമർശനം ഉയർന്നിരുന്നു. ഹൈക്കമാൻഡ് കൾച്ചർ ഒഴിവാക്കണമെന്ന നിർദേശത്തിലൂടെ നെഹ്റു കുടുംബത്തിൻ്റെ ഒരു ഗിമ്മിക്കും ഇനി വേണ്ടെന്ന വിമർശനം കൂടിയാണ് ശശി തരൂർ ഉയർത്തുന്നത്.

സംഘടന മാത്രം നോക്കാൻ കഴിയുന്ന നേതാവിന് പൊതുജനങ്ങളുടെ അംഗീകാരം നേടാൻ കഴിയില്ല. എന്നാൽ ജനകീയ നേതാവിനെ നേതൃത്വത്തിൽ കൊണ്ടുവന്നാൽ മെച്ചപ്പെട്ട രീതിയിൽ സംഘടന നയിക്കാനും കഴിയില്ല. ഈ പ്രതിസന്ധി പരിഹരിക്കാൻ കൂട്ടായ നേതൃത്വം ആവശ്യമാണെന്നും ശശി തരൂർ സമർത്ഥിക്കുന്നു.

ജി23 ഗ്രൂപ്പിൻറെ സ്ഥാനാർത്ഥിയായി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന കടുപ്പിക്കുക കൂടിയാണ് ഇതിലൂടെ ശശി തരൂർ. ഒപ്പം, നെഹ്റു കുടുംബത്തിൻ്റെ നോമിനി എന്ന നിലയിൽ എതിർ സ്ഥാനാർഥിയായി മത്സരിച്ചേക്കാവുന്ന അശോക് ഗെഹ്ലോട്ട് ആ പദവിക്ക് യോഗ്യനല്ലെന്നും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here