‘ആധുനിക അടിമത്തം’; അഞ്ചുകോടി ജനങ്ങള്‍ അകപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടന

ലോകത്ത് അഞ്ച് കോടി ജനങ്ങള്‍ ആധുനിക നിലയിലെ അടിമത്തത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. 150ല്‍ ഒരാള്‍ വീതം ആധുനിക അടിമത്തത്തിന്റെ ഇരയാകുന്നു എന്ന് കണക്കുകള്‍ .കോവിഡില്‍ നിരവധി പേരുടെ തൊഴില്‍ നഷ്ടപ്പെട്ടത് പ്രശ്‌നം രൂക്ഷമാക്കി

കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകമെങ്ങും പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരിയും സായുധ കലാപങ്ങളും കാലാവസ്ഥാ വ്യതിയാനവും മൂലം ലോകമെങ്ങും ആധുനിക അടിമത്തം ശക്തി പ്രാപിക്കുകയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്.താല്പര്യമില്ലാത്ത ജോലി, നിര്‍ബന്ധിത വിവാഹം തുടങ്ങി ആധുനിക രീതിയിലുള്ള അടിമത്തം അനുവഭിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായും പഠനത്തില്‍ പറയുന്നു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ അടിമത്തം അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും പഠനം വ്യക്തമാക്കി . ലൈംഗികവൃത്തിയുള്‍പ്പെടെ നിര്‍ബന്ധിത ജോലിയിലേക്ക് തള്ളിവിടപ്പെട്ടവരുടെ എണ്ണം 2.8 കോടിയായി വര്‍ധിച്ചു.

2.2 കോടി പേര്‍ നിര്‍ബന്ധിത വിവാഹത്തിനും തയ്യാറാകേണ്ടിവന്നു. 2016 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ല്‍ ആധുനിക അടിമത്തത്തിന്റെ ഇരകളായവരുടെ എണ്ണത്തില്‍ ഒരു കോടിയിലധികം വര്‍ധനവുണ്ടായതായും പഠനം വ്യക്തമാക്കുന്നു. സ്ത്രീകളെയും കുട്ടികളെയുമാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.ഇതില്‍ കൂടുതലും ഏഷ്യ, പസഫിക്, അറബ് മേഖലകളിലാണ്. നിര്‍ബന്ധിത ജോലിയില്‍ 86 ശതമാനവും സ്വകാര്യമേഖലയിലെ നിര്‍മ്മാണം, കൃഷി, ഉല്പാദനം, ഗാര്‍ഹിക ജോലി എന്നിവയിലാണ്. ബാക്കി 14 ശതമാനവും സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന മേഖലയിലും.

തൊഴില്‍ നിയമങ്ങള്‍ മെച്ചപ്പെടുത്തുക, തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുക, സര്‍ക്കാരുകളുടെ അറിവോടെയുള്ള നിര്‍ബന്ധിത ജോലികള്‍ അവസാനിപ്പിക്കുക, മനുഷ്യക്കടത്ത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുക, വിട്ടുവീഴ്ചയില്ലാതെ വിവാഹപ്രായപരിധി 18 വയസ് ആക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പഠനം മുന്നോട്ടു വച്ചിട്ടുണ്ട് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News