John Brittas MP: ജയ്റാം രമേശിന്റെ ഉപദേശമാണ് രാഹുൽ സ്വീകരിക്കുന്നതെങ്കിൽ യാത്ര വഴിതെറ്റും: വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കുറുക്കുവഴികൾ ഒഴിവാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. നല്ല ലക്ഷ്യത്തോടെയുള്ള യാത്രയാണെങ്കിലും യാത്ര അവസാനിക്കുമ്പോൾ 2019 ലെ അവസ്ഥയിലേക്ക് കോൺഗ്രസ്സ് എത്തുമെന്നും ദി ഇന്ത്യൻ എക്‌സ്പ്രസിലെ ലേഖനത്തിൽ ഡോ.ജോൺ ബ്രിട്ടാസ് പറഞ്ഞു.

ഉപദേശകരുടെ വഴിയേ ആണ് രാഹുൽ ഗാന്ധിയുടെ യാത്രയെങ്കിൽ ജോഡോ യാത്ര കാശ്മീരിലെത്തുമ്പോൾ രാഷ്ട്രീയ യാഥാർഥ്യത്തിൽ നിന്നും ഏറെ  അകലെയാകും  കോൺഗ്രസ്സ്. ഭിന്നിപ്പിക്കുന്ന ബി ജെ പി രാഷ്ട്രീയതിനെതിരെയാണ് യാത്ര.

പക്ഷേ 5 ദിവസം പിന്നിടുമ്പോൾ യാത്രയുടെ വാർത്തകൾക്ക് തലക്കെട്ടാകുന്ന വിഷയങ്ങൾ നോക്കിയാൽ സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ നിന്നും നെഹ്‌റു-ഗാന്ധി കുടുംബം എത്രത്തോളം ദൂരെയാണെന്ന് മനസ്സിലാകും. വസ്ത്രത്തിന്റെ വിലയും,കേരളത്തിലെ വഴിയോര വിഭവങ്ങളും,ഒക്കെ തലക്കെട്ടുകളാക്കി രാഹുൽ ഗാന്ധി മുന്നോട്ട് പോകുമ്പോൾ ദില്ലി ഇനിയുമേറെ ദൂരെയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി ലേഖനത്തിൽ പറയുന്നു.

അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തും,ബി ജെ പി അധ്യക്ഷൻ ജെ പി നഥായുടെ നാടായ ഹിമാചൽ പ്രദേശും ചിത്രത്തിലില്ല. ഉത്തർപ്രദേശിലൂടെ ജാഥ പോകുന്നത് ഒരു മിന്നായം പോലെ. ഇത്തരത്തിൽ ഒരു യാത്ര കൊണ്ട് രാഹുൽ ഗാന്ധി എങ്ങനെ ബി ജെ പി ക്ക് ബധലാകാനുള്ള സന്ദേശം നൽകുമെന്നും അദ്ദേഹം ചോദിക്കുന്നു. ബി ജെ പി യെ പ്രതിരോധിക്കലല്ല പകരം കേരളത്തിലേ 19 സീറ്റുകൾ നിലനിർത്തുകയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം.

വിഴിഞ്ഞം പദ്ധതിക്കായി സംസ്ഥാനത്തും കേന്ദ്രത്തിലും എല്ലാ അനുകൂല നടപടികളും സ്വീകരിച്ചത് കോൺഗ്രസാണ്. എന്നിട്ട് രാഹുൽ ഗാന്ധി ഇപ്പോൾ പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നു. കേരളത്തിലെ സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിക്കെതിരായ സമരക്കാരുമായി കൂടിക്കാഴ്ച നടത്തുന്നു. ഡോ.ജോൺ ബ്രിട്ടാസ് എം പി വിശദീകരിക്കുന്നു.

കോൺഗ്രസ്സിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സന്ദേശം വ്യക്തമാണ്. രാഹുൽ ഗാന്ധി അല്ലെങ്കിൽ അദ്ദേഹത്തിന് വേണ്ടപ്പെട്ട ഒരാൾ അധ്യക്ഷ സ്ഥാനത്തേക്ക് എത്തും. അല്ലാതെ രാഹുൽ യാത്ര നടത്തി സംഘടന സംവിധാനം ശക്തമാക്കാൻ ശ്രമിക്കുമ്പോൾ പുതുതായി എത്തുന്ന ഒരു അധ്യക്ഷൻ എന്ത് ചെയ്യാനാണെന്നും ഡോ.ജോൺ ബ്രിട്ടാസ് എം പി ലേഖനത്തിൽ ചോദിച്ചു.

അതോടൊപ്പം ആർഎസ്എസിനെതിരെ പോരാടാൻ ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് കേരള മുഖ്യമന്ത്രിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി ട്വിറ്ററിൽ കുറിച്ചു. മുഖ്യമന്ത്രിക്കെതിരെ ജയ്റാം രമേശ് വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നു. ജയ്റാം രമേശിന്റെ ഉപദേശമാണ് രാഹുൽ സ്വീകരിക്കുന്നതെങ്കിൽ യാത്ര വഴിതെറ്റുമെന്നും ബ്രിട്ടാസ് എംപി ട്വിറ്ററിൽ കുറിച്ചു.

അതേസമയം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ മൂന്നാംദിനം കഴക്കൂട്ടത്തുനിന്ന് രാവിലെ ഏഴു മണിയോടെ ആരംഭിച്ചു. വഴിയിൽ ഉടനീളം പ്രവർത്തകർക്ക് അഭിവാദ്യം അറിയിച്ച് യാത്ര മുന്നേറി.

യാത്രയിലുടനീളം സ്ഥിരാംഗങ്ങൾക്കൊപ്പം സംസ്ഥാന-ജില്ലാ നേതാക്കളും അനുഗമിച്ചിരുന്നു.തലസ്ഥാനത്തെ പര്യടനം പൂർത്തിയാക്കി പദയാത്ര നാളെ കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും.

ബിജെപിയെ പിടിച്ച് കേട്ടുകയാണ് യാത്രയെന്ന്‌ അവകാശപ്പെടുമ്പോഴും BJP ക്ക്‌ ശക്തമായ വേരോട്ടമുള്ള ഗുജറാത്ത്‌ അടക്കമുള്ള സംസ്ഥാനങ്ങളെ ഒഴിവാക്കിയാണ്‌ ജോഡോ യാത്ര കടന്നുപോകുന്നത്‌ എന്നും ആക്ഷേപം ഉണ്ട്.

അതോടൊപ്പം സ്വാതന്ത്ര്യസമര സേനാനികളെ അതിഷേപിച്ചതിൽ KPCC നേതൃത്വം മാപ്പ്‌ പറഞ്ഞ്‌ തടിയൂരിയെങ്കിലും പണപിരിവ് വിവാദം അവസാനിക്കുന്നുമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News