Kottayam: കോട്ടയത്ത്‌ നായകൾ കൂട്ടത്തോടെ ചത്ത സംഭവം; പൊലീസ് കേസെടുത്തു

കോട്ടയം(kottayam) മുളക്കുളം പഞ്ചായത്തിൽ നായകൾ(dogs) കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ്(police) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ചത്ത നായ്ക്കളുടെ മൃതദേഹം വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി. മരണകാരണം കണ്ടെത്തുന്നതിനു വേണ്ടിയാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

നായ്ക്കൾ ചത്ത സംഭവത്തിൽ കുന്നപ്പിളളി പുന്നയ്ക്കൽ സന്തോഷിൻ്റെ ഭാര്യ ശ്രീലക്ഷമിയും മറ്റു രണ്ട് പേരും നൽകിയ പരാതിയിലാണ് അന്വേഷണം. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്.

മൃഗങ്ങളോടുള്ള ക്രൂരതകൾക്കെതിരായ വകുപ്പുകൾ ചുമത്തിയാണ് വെള്ളൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിയെത്തുടർന്ന് നായകളുടെ ജഡം മറവ് ചെയ്ത കുന്നപ്പിള്ളി – കാരിക്കോട് കനാലിൽ തിങ്കളാഴ്ച്ച രാത്രിയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ചൊവ്വ രാവിലെ വെള്ളൂർ എസ് ഐ വിജയപ്രസാദിൻ്റെ നേതൃത്വത്തിൽ നായയുടെ ജഡം പുറത്തെടുത്തു. തുടർന്ന് വൈകുന്നേരത്തോടെ മുളക്കുളം വെറ്റിനറി സർജൻ ഡോ.വിദ്യാദേവിയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി.

സാമ്പിളുകൾ നായകൾക്ക് പേയുണ്ടോ എന്നറിയാൻ തിരുവല്ലയിലെയും, മരണകാരണം അറിയുന്നതിന് കക്കനാട്ടെയും ലാബിലേക്ക് പരിശോധനക്ക് അയച്ചു. വിഷം ഉള്ളിൽ ചെന്നാകാം മരണം എന്നാണ് സംശയിക്കുന്നത്.
കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെയാണ് കുഴിയെടുത്ത് മറവ് ചെയ്തത്. ഇതിൽ ഒരു സ്ഥലത്ത് മറവ് ചെയ്ത രണ്ട് നായകളുടെ ജഡമാണ് പോസ്റ്റുമോർട്ടം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here