WHO: കൊവിഡ് പ്രതിരോധം; ഓക്സിജന്‍ ലഭ്യത ഉറപ്പാക്കല്‍ കേരളം മാതൃക തീര്‍ത്തെന്ന് ലോകാരോഗ്യസംഘടന

കൊവിഡ് പ്രതിസന്ധികാലത്ത് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാനായ സംസ്ഥാനമാണ് കേരളമെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ‘കോവിഡ് പകര്‍ച്ചവ്യാധി: ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ തെക്കു-കിഴക്കന്‍ ഏഷ്യന്‍ മേഖല നടപ്പാക്കിയ പദ്ധതികളും സ്വായതമാക്കിയ പാഠങ്ങളും’ എന്ന പേരില്‍ ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഡല്‍ഹി എന്നിവയും റിപ്പോര്‍ട്ടിന്റെ ഭാഗമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുണ്ടായിരുന്ന രണ്ടാമത്തെ സംസ്ഥാനമായിട്ടും കോവിഡ്- പ്രതിസന്ധി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കേരളത്തിനായി. മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകത പ്രവചിച്ച് അവിശ്വസനീയമായ തരത്തില്‍ നേരത്തെതന്നെ ഇടപെടലുകര്‍ ആരംഭിക്കാന്‍ കേരളത്തിന് കഴിഞ്ഞു. മെഡിക്കല്‍ ഓക്സിജന്‍ കൊണ്ടുപോകാനും സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള സിലിണ്ടറുകള്‍ അധികമയായി സ്വരൂപിച്ചാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വ്യാവസായിക ഓക്സിജന്‍ സിലിണ്ടറുകളെ മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകളാക്കി മാറ്റി. ആദ്യ കോവിഡ്- കേസ് റിപ്പോര്‍ട്ട് ചെയ്ത് നാല് മാസത്തിനുള്ളില്‍ അധികമായുള്ള വ്യാവസായിക ഓക്സിജന്‍ സിലിണ്ടറുകള്‍ മെഡിക്കല്‍ സിലിണ്ടറുകളാക്കി മാറ്റണമെന്ന് പെസൊ നിര്‍മാതാക്കളെ അറിയിച്ചതും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ ഉല്‍പ്പാദന യൂണിറ്റുകളും വിതരണ യൂണിറ്റുകളും തമ്മിലുള്ള ദൂരം അടിസ്ഥാനമാക്കി മൂന്ന് ബഫര്‍ സ്റ്റോറേജ് ഹബുകള്‍ രൂപീകരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിച്ചത്. ഇത്തരത്തില്‍ 60 മെട്രിക് ടണ്‍ അധിക മെഡിക്കല്‍ ഓക്സിജന്‍ സംഭരണശേഷി സംസ്ഥാനത്തിനുണ്ടായി. ഇങ്ങനെ 1325 മെട്രിക് ടണ്‍ ദ്രാവക ഓക്സിജന്‍ എന്ന മികച്ച സംഭരണ ??ശേഷിയിലേക്ക് കേരളമെത്തി. ജില്ലകളിലൊട്ടാകെ വാര്‍ റൂമുകള്‍ സ്ഥാപിച്ച് ആവശ്യക്കാരായ രോഗികള്‍ക്കെല്ലാം ഓക്സിജന്‍ എത്തിച്ചു. കോവിഡ് രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകതയിലും വിതരണത്തിലും രാജ്യം വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ കേരളത്തില്‍ ഓക്സിജന്റെ അധിക സംഭരണമുണ്ടായിരുന്നു. ഗോവ, കര്‍ണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഓക്സിന്‍ നല്‍കാനും കേരളത്തിന് കഴിഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഓക്സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതുപോലെ പ്രധാനമാണ് ഓക്സിജന്‍ പാഴാകുന്നത് തടയുന്നതും. ഓക്സിജന്‍ സംഭരണം ഉറപ്പാക്കാന്‍ കേരളം ചെയ്തതു പോലെ മാനവവിഭവ ശേഷി വര്‍ധിപ്പിക്കാന്‍ ആഗോളതലത്തില്‍ നടപടി വേണം. ആരോഗ്യ മേഖലയിലുള്ളവരെ ഓക്സിജന്‍ തെറാപ്പിയിലും ഓക്സിജന്റെ കൃത്യമായ ഉപയോഗത്തിലും പരിശീലനം നല്‍കിയാണ് കേരളം ഈ നേട്ടം കൈവരിച്ചതെന്നും ലോകാരോഗ്യസംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here