Social media:ധനസഹായം പോലും! അത് ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ഓരോ സംസ്ഥാനത്തിനും കിട്ടണ്ടേ പണമാണ് മാഷേ…

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഓണക്കിറ്റും മറ്റ് ആനുകൂല്യങ്ങളുമൊക്കെ നല്‍കിയതിനെ വ്യാജ വാര്‍ത്തകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ പല മാധ്യമങ്ങളും ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ഖജനാവ് ഇപ്പോള്‍ പൂട്ടും, വന്‍ നിയന്ത്രണങ്ങള്‍ ഇതാ വരുന്നു എന്നൊക്കെ തരത്തിലുള്ള ഇല്ലാകഥകള്‍ പല മാധ്യമങ്ങളും മെനഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം വന്നുവെന്നും കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് ആയെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

എന്നാല്‍ ആ സഹായം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ഓരോ സംസ്ഥാനത്തിനും കിട്ടണ്ടേ പണമാണെന്ന സത്യം മറച്ചുവെച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇത്തരം വാര്‍ത്തകളെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:-

കേരളത്തിന്റെ ഖജനാവ് ഇപ്പൊ പൂട്ടും, ഇതാ പൂട്ടി, വരുന്നൂ വന്‍ നിയന്ത്രണങ്ങള്‍, രഹസ്യ നിയന്ത്രണങ്ങള്‍, അഡ്ജസ്റ്റുമെന്റുകള്‍…
കുറച്ചുദിവസമായി പത്രം നോക്കിയാല്‍ സബ്ട്രഷറി ഇരിക്കുന്നതിന്റെ അടുത്തുകൂടി പോകാന്‍ മനുഷ്യര്‍ക്ക് പേടിയാകുന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍. എങ്ങാനും പൊട്ടിത്തെറിച്ചെങ്കിലോ…
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ കൊടുക്കാനുള്ള പണമോ ആനുകൂല്യങ്ങളോ കിറ്റോ ഒക്കെ കൊടുത്തു. അതാണ് ഈ ബഹളം. അതൊക്കെ കിട്ടിയ മനുഷ്യര്‍ക്കു കുറ്റബോധം ഉണ്ടാക്കുന്ന വിധമായിരുന്നു പ്രചാരണം
ഇന്നലെ ആയപ്പോഴക്കും മയം വന്നു. കാര്യങ്ങള്‍ സാധാരണപോലെയായി. കേന്ദ്രസര്‍ക്കാരിന്റെ ‘ധനസഹായം’ വന്നു.
ധനസഹായം പോലും! അത് ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ഓരോ സംസ്ഥാനത്തിനും കിട്ടണ്ടേ പണമാണ് മാഷേ, അല്ലാതെ ബാലഗോപാല്‍ വല്ലാതെ കഷ്ടപ്പെടുന്നല്ലോ, എന്നാല്‍ ഒരായിരം കോടി കൊടുത്തേക്കാം എന്ന് വിചാരിച്ചു നിര്‍മ്മലാജി സീതാരാമന്‍ രാവിലെയെനീറ്റു കൊടുക്കുന്നതല്ല. (വേണമെങ്കില്‍ വച്ചു താമസിപ്പിക്കാം; അതവര്‍ ചെയ്തില്ല എന്നത് നേര്).
ഓരോ സംസ്ഥാനത്തിന്റെയും ദൈനദിന ധനകാര്യം സംസ്ഥാനവും കേന്ദ്രവും റിസര്‍വ്വ് ബാങ്കുമൊക്കെ ചേര്‍ന്ന ഒരു സംവിധാനമാണ് നടത്തിക്കൊണ്ടുപോകുന്നത്. എങ്ങിനെ പരസ്പരം പാര വയ്ക്കാം എന്ന് വിചാരിച്ചല്ല ആളുകള്‍ ഈ സംവിധാനം നടത്തിക്കൊണ്ടുപോകുന്നത്. പരസ്പരം ഭരണഘടനാപരവും നിയമപരവുമായ ബാധ്യതകളും ഉത്തരവാദിത്തങ്ങളുമുള്ള സംവിധാനങ്ങളാണ് ഓരോന്നും. പരിമിതവിഭവരായ ‘പ്രവര്‍ത്തക’രുടെ മനോധര്‍മ്മമല്ല അവരുടെ പണിചെയ്യലിന് ആധാരം.
ഇതിനുമുന്‍പ് കേരളം കടമെടുത്തു ശ്രീലങ്കന്‍ വഴിയാകും എന്നായിരുന്നു പ്രചാരണം. സംസ്ഥാനത്തിന് തോന്നുന്നപ്പോലെ കടമെടുക്കാന്‍ പറ്റില്ലെന്നും അതിനു കണക്കും കാര്യവുമൊക്കെയുണ്ടെന്നും എത്ര ആവര്‍ത്തി പറഞ്ഞാലും ഓരോ കടമെടുപ്പിന്റെ വാര്‍ത്ത വരുമ്പോഴും ശ്രീലങ്കയുടെ കഥയിറങ്ങും.
സര്‍ക്കാരിനെ ഓഡിറ്റ് ചെയ്യുക എന്നത് മാധ്യമങ്ങളുടെ പണിയാണ്. ധനകാര്യ മാനേജ്മെന്റിനെപ്പറ്റിയുള്ള വസ്തുതാപരമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുക എന്നത് അവരുടെ ചുമതലകൂടിയാണ്. അതുചെയ്യണമെങ്കില്‍ പക്ഷെ ഇക്കാര്യങ്ങളെപ്പറ്റി പ്രാഥമികമായ അറിവെങ്കിലും വേണം. അതിന്റെ അഭാവത്തിലാണ് ഈ പൊഹ നിരന്തരം അടിച്ചുവിടുന്നത്.
ഇങ്ങിനെ ശത്രുതാപരമായ നുണപ്രചാരണം നടത്താന്‍ കേരളത്തിന്റെ ധനകാര്യമന്ത്രി കൊട്ടാരക്കരയില്‍നിന്നുള്ള ജനപ്രതിനിധിയല്ലേ, അല്ലാതെ പാകിസ്ഥാന്‍ പട്ടാള മേധാവിയോന്നുമല്ലല്ലോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News