ഫ്രഞ്ച് വിപ്ലവം മുതല്‍ സ്വാസിലാന്‍ഡിലെ സമരം വരെ; കമ്മ്യൂണിസ്റ്റുകളുടെ പോരാട്ട ചരിത്രം

ബ്രിട്ടനില്‍ രാജവാഴ്ച അവസാനിപ്പിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രക്കുറിപ്പ് പുറത്തുവന്നതോടെ ജന്മിത്വത്തിനും രാജഭരണത്തിനും എതിരായ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ചരിത്രത്തിന് കനം കൂടുകയാണ്. ഫ്രഞ്ച് വിപ്ലവത്തില്‍ തുടങ്ങി, ബോള്‍ഷെവിക് സമരത്തിലൂടെ തുടര്‍ന്ന്, സ്വാസിലാന്‍ഡിലെ സമരത്തില്‍ എത്തിനില്‍ക്കുകയാണ് കമ്മ്യൂണിസ്റ്റുകളുടെ പോരാട്ട ചരിത്രം.

നൂറ്റാണ്ടുകളായി മുതലാളി വര്‍ഗ്ഗത്തിന്റെ നേട്ടങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്റ് ആണ് രാജഭരണം എന്ന് വിമര്‍ശനം ഉയര്‍ത്തിയാണ് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രക്കുറിപ്പ്. കോണ്‍സ്റ്റിറ്റിയൂഷണല്‍ മോണാര്‍ക്കിയില്‍ നിന്ന് റിപ്പബ്ലിക്കായി ബ്രിട്ടന്‍ മാറുമെന്ന ജനകീയ പ്രത്യാശ ഉറപ്പിക്കുകയാണ് കമ്മ്യൂണിസ്റ്റുകള്‍.

ഫ്രഞ്ച് വിപ്ലവത്തിനിടയിലെ ഫസ്റ്റ് റിപ്പബ്ലിക് കാലത്ത് ഗ്രാസ്‌ക്കസ് ബേബൂഫ് നടത്തിയ പോരാട്ടം ഫ്രാന്‍സിലെ രാജവാഴ്ചക്കെതിരെ ആയിരുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് എന്ന് കാറല്‍ മാര്‍ക്‌സ് വിളിച്ചയാള്‍. തുല്യതയ്ക്ക് വേണ്ടി ഗൂഢാലോചന നടത്തി എന്ന പേരില്‍ ബേബൂഫിനെ പ്രഭു വര്‍ഗ്ഗം കഴുത്തറുത്ത് കൊന്നു. അതേ പോരാട്ടവീറ് പാരീസ് കമ്യൂണ്‍ കാലത്ത് കമ്യൂണാര്‍ഡുകളുടെ സമരമായി തുടര്‍ന്നു. പരാജയപ്പെട്ട പോരാട്ടങ്ങളായാണ് അവ ചരിത്രത്തില്‍ ഇടം പിടിക്കുന്നതെങ്കില്‍ പോലും വരുംകാല പോരാട്ടങ്ങള്‍ക്ക് നേര്‍വഴി വെട്ടാന്‍ അവര്‍ക്ക് കഴിഞ്ഞു.

റഷ്യയിലെ സാറിസ്റ്റ് ഭരണത്തിനെതിരായ ബോള്‍ഷെവിക് വിപ്ലവം ദുഷ്പ്രഭുത്വത്തിന് കീഴില്‍ ഞെരുങ്ങിയിരുന്ന മര്‍ദ്ദിത വര്‍ഗ്ഗത്തിന്റെ ചുവപ്പന്‍ ഹൃദയച്ചെപ്പായി ഏഴ് പതിറ്റാണ്ടോളം തുടര്‍ന്നു. 91ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ലോക തൊഴിലാളി വര്‍ഗ്ഗം വേദനോടെയാകണം കേട്ടുനിന്നത്. രാജഭരണത്തിനെതിരെ ആദ്യം കുമിന്താങ്ങുകള്‍ക്കൊപ്പവും പിന്നീട് ഒറ്റയ്ക്കും പ്രതിരോധം കടുപ്പിച്ച് നിര്‍മിച്ചെടുത്ത ജനകീയ ചൈന സമരപ്രകമ്പനമായി തുടരുകയാണ്.

തെലങ്കാനയിലും പുന്നപ്രയിലും വയലാറിലും കണ്ണില്‍ ചോര ഇല്ലാത്തവരുടെ കൈ പൊള്ളിച്ച കര്‍ഷകര്‍ ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യ ലക്ഷ്യങ്ങള്‍ക്ക് കൈക്കരുത്തായി. കെസിഎസ് മണി എന്ന ഇടതുപക്ഷക്കാരന്‍ സര്‍ സിപിയുടെ അധികാരത്തിന്റെ മൂക്ക് വെട്ടി.

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന നേപ്പാളിലെ രാജകീയാധികാരങ്ങളെ കമ്മ്യൂണിസ്റ്റുകള്‍ സമരം ചെയ്ത് തോല്‍പ്പിച്ചു. മതകീയ രാഷ്ട്രത്തില്‍ നിന്ന് മതേതര നേപ്പാള്‍ റിപ്പബ്ലിക് നിര്‍മ്മിച്ചെടുത്തു. ഇന്ന് സ്വാസിലാന്‍ഡ് എന്ന ആഫ്രിക്കന്‍ രാജ്യത്തെ രാജവാഴ്ചയില്‍ നിന്ന് ജനാധിപത്യത്തിലേക്ക് കൈപിടിച്ച് നടത്താനുള്ള യുദ്ധത്തിന് ഒരുങ്ങുകയാണ് കമ്മ്യൂണിസം.

അറിഞ്ഞതും അറിയാത്തതുമായ പോരാട്ടങ്ങളുടെ ചരിത്രം നല്‍കുന്ന ഊര്‍ജ്ജം ലക്ഷ്യം നേടിയെടുക്കാന്‍ കരുത്താകുമെന്നാണ് ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റുകളുടെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News