ഭക്ഷ്യപരിശോധന : 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു | Veena George

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാവകുപ്പ് വ്യപകമായ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും സ്പെഷ്യൽ സ്‌ക്വാഡ് രൂപികരിച്ച് ഒരാഴ്ച നീണ്ടുനിന്ന പരിശോധനയിൽ 2977 സ്ഥാപനങ്ങൾ പരിശോധിച്ചു.

418 സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കാൻ നോട്ടിസ് നൽകി. 246 സ്ഥാപനങ്ങൾക്ക് ഫൈൻ ചുമത്തി നോട്ടീസ് നൽകിയതായും മന്ത്രി വ്യക്തമാക്കി.

വൃത്തിഹീനമായും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച 16 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 108 പായ്ക്കറ്റ് കേടായ പാൽ, 12 കിലോ ഇറച്ചി, 20 കിലോ മത്സ്യം, 64 കിലോ കേടായ പഴങ്ങളും മറ്റ് ഭക്ഷ്യ വസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു.

പാലിന്റെ 120 സാമ്പിളുകൾ, നെയ്യ്, പയർ, പരിപ്പ്, ശർക്കര, വെളിച്ചെണ്ണ, ചിപ്സ്, പലഹാരങ്ങൾ തുടങ്ങിയവയുടെ 1119 സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ച് ലാബിൽ അയച്ചു. റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതാണ്.

ഓണം സാംസ്‌കാരിക ഘോഷയാത്രയിൽ പങ്കെടുത്ത ഭക്ഷ്യസുരക്ഷാ വകുപ്പ്, ഔഷധി എന്നിവയുടെ ഫ്ളോട്ടുകൾക്ക് പുരസ്‌കാരം ലഭിച്ചു. സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫ്ളോട്ടിന് രണ്ടാം സ്ഥാനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഔഷധിയുടെ ഫ്ളോട്ടിന് ഒന്നാം സ്ഥാനവുമാണ് ലഭിച്ചത്.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന പേരിലുള്ള കാമ്പയിനെ അടിസ്ഥാനമാക്കിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫ്ളോട്ട് രൂപകൽപന ചെയ്തത്. കുട്ടികളിലും മുതിർന്നവരിലും വർത്തമാനകാലത്ത് കണ്ടുവരുന്ന ജംഗ് ഫുഡിനോടുള്ള അമിതമായ താല്പര്യം കുറയ്ക്കുന്നതിനും അതേ സമയം ജൈവികമായ പഴങ്ങളും പച്ചക്കറികളുടേയും ഉപയോഗം കൂട്ടകയും ചെയ്യുക എന്നുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യം ആണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫ്ളോട്ടിലൂടെ മുന്നോട്ടു വച്ചത്.

ജംഗ് ഫുഡിൽ അധികമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ്, ഉപ്പ്, പ്രിസർവേറ്റീവ് എന്നിവ രക്തസമ്മർദം പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾക്ക് കാരണമായേക്കാം. കൂടാതെ ശരിയായ ആരോഗ്യത്തിനു നമ്മൾ ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ആർദ്രം കാലഭേദമില്ലാത്ത സേവന മാതൃക എന്ന വിഷയം അടിസ്ഥാനമാക്കിയാണ് ഔഷധി ഫ്ളോട്ട് രൂപകൽപന ചെയ്തത്. ഔഷധ ചികിത്സ രീതികളും ഔഷധമരുന്നു തയ്യാറാക്കലും ഉൾപ്പെടുത്തി. ഔഷധിയുടെ ഉത്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ‘ഔഷധി മാൻ’ ഇൻസ്റ്റലേഷനും ഉണ്ടായിരുന്നതായി മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News