ADVERTISEMENT
വൈദ്യുത വാഹനങ്ങളുടെ പ്രചാരം വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സിയും വൈദ്യുത രംഗത്തേക്ക് നീങ്ങുകയാണെന്ന് മന്ത്രി ആന്റണി രാജു. പുതുതായി വാങ്ങുന്ന ബസുകളിൽ 25 ശതമാനവും വൈദ്യുത വാഹനങ്ങളാകുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ കെ.എസ്.ഇ.ബി സ്ഥാപിച്ച 145 ചാർജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ബസുകൾ വാങ്ങാൻ കിഫ്ബി വഴി 756 കോടി രൂപ സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് നൽകും. ഇതിൽ 25 ശതമാനം തുക വൈദ്യുത ബസ്സുകൾ വങ്ങാനാണെന്നും മന്ത്രി പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് കെ.എസ്.ഇ.ബിക്ക് 8 കോടി രൂപ നൽകി. ചാർജിംഗ് സ്റ്റേഷനുകളുടെ കുറവ്, ഒറ്റ് ചാർജ്ജിൽ സഞ്ചരിക്കാവുന്ന ദൂരത്തിലെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ജനങ്ങൾ വളരെ വേഗം വൈദ്യുത വാഹനങ്ങളിലേക്ക് ആകൃഷ്ടരാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ്ജ് ചെയ്യാൻ ഉതകുംവിധം 1165 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളുടെ നിർമാണം പുരോഗമിച്ചു വരികയാണ്. ഈ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 141 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളാണ് സ്ഥാപിക്കുന്നത്.
പട്ടം വൈദ്യുതി ഭവനിലെ ചാർജ്ജിംഗ് സ്റ്റേഷൻ നാടമുറിച്ച് മന്ത്രി ഉദ്ഘാടനം ചെയതു. തുടർന്ന് മിനി സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷനായി. ഓരോ മണ്ഡലത്തിലും കുറഞ്ഞത് 15 ചാർജിംഗ് സ്റ്റേഷനുകളെങ്കിലും സ്ഥാപിക്കപ്പെട്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ജി. സ്റ്റീഫൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.