
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിക്കെതിരെയും അതിജീവിത ആരോപണമുന്നയിച്ചിരുന്നു.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു ആരോപണം. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. എന്നാൽ എന്തടിസ്ഥാനത്തിലാണ് അതിജീവിത വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
അതേ സമയം കേസിൻ്റെ വിചാരണ കലൂരിലെ പ്രത്യേക കോടതിയിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ അതിജീവിതയും പ്രോസിക്യൂഷനും സമർപ്പിച്ച ഹർജികൾ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയ്ക്ക് വരും. സമാന ആവശ്യം ഉന്നയിച്ചുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
മധു വധക്കേസിൽ കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തിക്ക് കുഴപ്പമില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
പാലക്കാട് അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തിക്ക് കുഴപ്പമില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. തെളിവായി കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് 31-ാം സാക്ഷിയായ സുനിൽ കുമാറിന്റെ കാഴ്ച പരിശോധിച്ചത്. നാടകീയ രംഗങ്ങൾക്കാണ് മധു വധക്കേസിലെ വിചാരണയ്ക്കിടെ കോടതി സാക്ഷിയായത്.
ഇന്നലെ വിസ്തരിച്ച രണ്ടു സാക്ഷികളും മൊഴിമാറ്റി പറഞ്ഞു. 31-ാം സാക്ഷി സുനിൽകുമാർ മധുവിനെ മർദ്ദിക്കുമ്പോൾ നോക്കി നിൽക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ കാണാനാവുന്നില്ലെന്ന് കോടതിയിൽ പറഞ്ഞു. തുടർന്നാണ് കണ്ണ് പരിശോധിയ്ക്കാൻ കോടതി ഉത്തരവിട്ടത്.
പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന പരിശോധനയിൽ കണ്ണിന് കുഴപ്പമില്ലെന്ന് കണ്ടെത്തി. പരിശോധനാ ഫലം ഇന്ന് കോടതിയിൽ ഹാജരാക്കും. സൈലന്റ് വാലിയിൽ വനം വകുപ്പിലെ താൽക്കാലിക വാച്ചറായ സുനിൽ കുമാറിനെ മൊഴിമാറ്റിയതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. കൂറുമാറിയ മറ്റു മൂന്നു വാച്ചർമാരെ നേരത്തേ പിരിച്ചു വിട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here