Navy: മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റ സംഭവം; നാവികസേനയുടെ തോക്കുകൾ പൊലീസിന് കൈമാറും

കടലിൽ മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റ സംഭവത്തിൽ, നാവിക സേനയുടെ(navy) തോക്കുകൾ പരിശോധനയ്ക്കായി പൊലീസിന്(police) കൈമാറും. തോക്കുകൾ കൈമാറാമെന്ന് നാവികസേന പൊലീസിനെ അറിയിച്ചു. കസ്റ്റഡിയിലെടുക്കുന്ന തോക്കുകൾ ഉടൻ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും. ഏത് തോക്കിൽ നിന്നാണ് വെടിയേറ്റതെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന.

ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തോക്കുകൾ കൈമാറാനുള്ള തീരുമാനം നാവിക സേന പൊലീസിനെ അറിയിച്ചത്. വെടിവെപ്പ് പരിശീലനത്തിനുപയോഗിച്ച ഈ തോക്കുകൾ തിരുവനന്തപുരത്ത് ഫോറൻസിക്ക് ലാബിലേക്കാണ്(forensic lab) പരിശോധനയ്ക്ക് അയക്കുക.

വെടിയുണ്ടയുടെ വേഗം, കാലപ്പഴക്കം, സഞ്ചരിക്കാനുള്ള ശേഷി തുടങ്ങിയവ ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗം പരിശോധിക്കും.ഇതോടെ ഏത് തോക്കിൽ നിന്നാണ് മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റതെന്ന് വ്യക്തമാകും. ഒരാഴ്ച മുൻപ്, കൊച്ചിയിൽ നാവിക പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യയ്ക്ക് സമീപം വെച്ചായിരുന്നു ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യൻ്റെ ചെവിയ്ക്ക് വെടിയേറ്റത്.

നാവിക സേനയുടെ തോക്കിൽ നിന്നാണ് വെടിയേറ്റതെന്ന ആക്ഷേപത്തെത്തുടർന്ന് പൊലീസ് നാവികാസ്ഥാനത്തെത്തി പരിശോധന നടത്തിയിരുന്നു. വെടിയേറ്റ ദിവസം ഐഎൻ എസ് ദ്രോണാചാര്യയിൽ പരിശീലന വെടിവെപ്പ് നടന്നിരുന്നുവെന്നും അതിൽ 77 പേർ പങ്കെടുത്തിരുന്നുവെന്നും ഉൾപ്പടെയുള്ള വിവരങ്ങൾ നാവിക സേന പോലീസിന് കൈമാറിയിരുന്നു.

തങ്ങളുടെ തോക്കിൽ നിന്നല്ല വെടിയേറ്റതെന്ന് ഉറപ്പിച്ച് പറയുന്ന നാവിക സേന വെടിവെപ്പിന് ഉപയോഗിച്ച തോക്കുകളുടെ വിവരങ്ങളും പോലീസിന് കൈമാറിയിരുന്നു.എന്നാൽ മേലുദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തതിനാൽ തോക്കുകൾ നാവിക സേന നേരത്തെ പോലീസിന് കൈമാറിയിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here